രാജ്യത്തെ പരമ്പരാഗത വ്യവസായ സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പായ ടാറ്റായുടെ അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. ഭാരതത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ വ്യവസായ സ്ഥാപനത്തെ വളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് നയിച്ച് ലോകോത്തര ഗ്രൂപ്പാക്കി മാറ്റിയ അതികായന്. ടാറ്റാ സ്ഥാപകന്‍ ജംഷഡ്ജി ടാറ്റായുടെ മകന് ദത്തെടുത്തു വളര്‍ത്തിയ നവാല്‍ ടാറ്റായുടെ പുത്രനായിരുന്നു രത്തന്‍. 1937 ല്‍ മുംബൈയില്‍ ജനിച്ച രത്തന്‍ മുംബൈയിലും സിംലയിലും ആദ്യകാല വിദ്യാഭ്യാസവും അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ ഉന്നത പഠനവും നടത്തിയ ശേഷം അപ്രന്റീസായിട്ടാണ് ടാറ്റാ ഗ്രൂപ്പില്‍ സേവനം ആരംഭിച്ചത്. 1991 ല്‍ രത്തന്‍ ചെയര്‍മാനായി സ്ഥാനമേല്ക്കുമ്പോള് പതിനായിരം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യന്‍ കേന്ദ്രികൃത ഗ്രൂപ്പായിരുന്നു ടാറ്റാ.
രണ്ടു പതിറ്റാണ്ടിനിടയില്‍ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടാറ്റാ ഗ്രൂപ്പിനെ ആഗോള വ്യവസായ സാമ്രാജ്യമാക്കി മാറ്റി എന്നതാണ് രത്തന്‍ ടാറ്റായുടെ വലിയ സംഭാവന. ഇന്ത്യന്‍ സ്റ്റോക്ക് എക്സേഞ്ചിന്റെ 10 ശതമാനത്തിനടുത്ത് കൈയ്യാളുന്ന ടാറ്റാ ഉത്പന്നങ്ങള്‍ 140 രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. ആറ് വന്‍കരകളിലായി 80 രാഷ്ട്രങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് 100 ലധികം കമ്പനികള്‍. ഐതിഹാസിക നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും പുലര്‍ത്തിവന്ന വിനയവും അര്‍പ്പണബോധവും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തെ വ്യത്യസ്തനും പൊതുസമ്മതനുമാക്കി.
ജംഷഡ്ജി ടാറ്റാ സ്ഥാപിക്കുകയും ജെആര്‍ഡി ടാറ്റാ പടുത്തുയര്‍ത്തുകയും ചെയ്ത ടാറ്റ ഗ്രൂപ്പിനെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നയിക്കാനായി എന്നതാണ് രത്തന്‍ ടാറ്റയുടെ നിയോഗം. ഓരോ ശരാശരി ഭാരതീയനും ദൈനംദിന ജീവിതത്തില്‍ ടാറ്റായുടെ ഏതെങ്കിലും ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല. ഉപ്പു മുതല്‍ സോഫ്റ്റ്വെയര് വരെ വരുന്ന പറഞ്ഞാല്‍ തീരാത്ത ടാറ്റ ഉത്പന്നങ്ങള്‍ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പര്‍ശിക്കുന്നുണ്ട്. ടാറ്റയെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നില്ക്കുന്ന, 6 ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമുള്ള സാമ്രാജ്യമായി രത്തന്‍ ടാറ്റ പടുത്തുയര്‍ത്തി. ആഗോളവത്കരണത്തിന്റെ വെല്ലുവിളികള്‍ക്കും സാധ്യതകള്‍ക്കുമിടയില്‍, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളര്‍ച്ചയ്ക്കു കുതിപ്പും കണ്ടെത്തി.
ചെയ്യാന്‍ കഴിയാത്തത് ചെയ്യുക എന്നതായിരുന്നു രത്തനേറ്റവുമിഷ്ടപ്പെട്ട വിജയ തത്വം. ഭാരതത്തില്‍ തന്നെ കാറുകള്‍ ഉത്പാദിപ്പിക്കാനാകുമെന്ന് വിശ്വസിച്ചു, അത് കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ആ സ്വപ്നത്തിന്റെ സാഫല്യമായിരുന്നു ഇന്‍ഡിക. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്നത് അപ്രാപ്യമാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു നാനോ. ബിസിനസില്‍ എതിരാളികളുണ്ടാകും, അവരുടെ സാന്നിധ്യം നിങ്ങളെ ഭയപ്പെടുത്തുകയോ മനസിനെ മടുപ്പിക്കുകയോ ചെയ്യരുത്. മറിച്ച്, നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഊര്‍ജം അവരുടെ സാന്നിധ്യത്തില്‍ നിന്ന് നേടുക എന്നതാണ് തന്റെ തത്വമെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
അവിവാഹിതനായ രത്തന്‍ ടാറ്റയുടെ 66 ശതമാനം ഓഹരികളുടെ നിക്ഷേപം ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് എന്നത് അധികാരവും സമ്പത്തും പ്രശസ്തിയും ഒന്നും അദ്ദേഹത്തെ അല്പം പോലും ഭ്രമിപ്പിച്ചിട്ടില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ്. ജീവിതത്തിലുടനീളം ലളിത ജീവിതം നയിച്ചു. ടാറ്റ ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്സ് (സാന്മാര്ഗിക നീതി) പുലര്‍ത്തുന്ന ബിസിനസ്് ഗ്രൂപ്പായി ടാറ്റ തെരഞ്ഞെടുക്കപ്പെട്ടത് രത്തന്‍ നേതൃത്വത്തിലിരിക്കുമ്പോഴാണ്.
ദീര്‍ഘവീക്ഷണമുള്ള വ്യവസായ പ്രമുഖനായിരിക്കെത്തന്നെ അനുകമ്പ, വിനയം, ദയ എന്നീ ഗുണങ്ങളും ഉള്ള അസാധാരണ മനുഷ്യനുമായിരുന്നു രത്തന്‍. സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചല പ്രതിബദ്ധതയാലും നിരവധി പേര്‍ക്ക് പ്രിയങ്കരനായി. ഭാരതീയന് എന്നതില്‍ എന്നും അഭിമാനം കൊണ്ടിരുന്നു. അത് വലിയ ഭാഗ്യമായി കരുതുകയും ചെയ്തു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി നിരന്തരം പരിശ്രമിച്ച ആ വ്യവസായ പ്രമുഖന് ജന്മഭൂമിയുടെ ആദരാഞ്ജലി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: