ന്യൂദല്‍ഹി: ഇന്ത്യയെ കടിച്ചുകീറാന്‍ നോക്കുന്ന പഴയ മുഹമ്മദ് മൊയ്സു മോദിയുടെ മാജിക്കിന് മുന്പില് കീഴടങ്ങിയതോടെ ഇന്ത്യ മാലിദ്വീപിന് മേല്‍ വീണ്ടും പിടിമുറക്കുകയാണ്.
ശത്രുവില്‍ മിത്രത്തെ കണ്ടെത്തുന്ന മോദി മാജിക്
മോദി എന്ന നേതാവിന് മാത്രം കഴിയുന്നതാണ് ഈ മാജിക്. ഇതാണ് മോദിയെ ആര്‍ക്കും തോല്പിക്കാനാവാത്ത നേതാവാക്കുന്നത്. ശത്രുവിന് മുന്പില് വാതില്‍ കൊട്ടിയടക്കുകയല്ല മോദിയുടെ രീതി. അതുകൊണ്ടാകാം മമത ബാനര്‍ജിയും മായാവതിയും സ്റ്റാലിനും ശരത്പവാറും എല്ലാം എതിര്‍പ്പ് സൂക്ഷിക്കുമ്പോള്‍ തന്നെ മോദിയുടെ മിത്രമായിരിക്കുന്നത്. സനാതനധര്‍മ്മവിവാദത്തിന്റെ പേരില്‍ സ്റ്റാലിന്റെ മകനെ ഇന്ത്യയാകെ വേട്ടയാടുമ്പോള്‍ മോദിയെ തമിഴ്നാട്ടിലെ കായികമേള ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാന്‍ ഉദയനിധി സ്റ്റാലിന് വന്നത് ഈ കരുതലിന്റെ ഭാഗമായാണ്. 2019ല്‍ മോദിയുടെ കടുത്ത ശത്രുവായ, മോദിയെ തോല്പിക്കാന് മഹാരാഷ്ട്ര മുഴുവന്‍ പ്രസംഗിച്ച് നടന്ന എംഎന്‍എസ് പാര്‍ട്ടിയുടെ രാജ് താക്കറെ ഏറ്റവും വലിയ മോദി ഭക്തനായി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്ക്ക് വേണ്ടി പ്രസംഗിച്ചതും ഇതേ മോദി മാജിക് തന്നെ. ഗുലാം നബി ആസാദ് എന്ന ഗാന്ധി കുടുംബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് രാജ്യസഭാംഗപദവി വിട്ടൊഴിച്ച് പാര്‍ലമെന്റിനോട് വിട പറയുന്ന വേളയില്‍ മോദിയുടെ വികാരവായ്പോടെയുള്ള പ്രസംഗം കേട്ട് കണ്ണീര് വാര്‍ത്തത് മോദി ഹൃദയത്തില്‍ തൊട്ട് സംസാരിക്കുന്നത് കൊണ്ടാണ്. അതും മോദിയ്ക്ക് മാത്രം കഴിയുന്ന മാജിക് ആണ്.
അതു തന്നെയാണ് മാലിദ്വീപിലെ മൊഹമ്മദ് മൊയ്സുവിനും സംഭവിച്ചത്. മോദിയ്ക്കും ഇന്ത്യയ്ക്കും എതിരെ എന്ന മുദ്രാവാക്യവുമായി ചൈനയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയ നേതാവാണ്. പക്ഷെ ചൈന നല്കുന്ന ഭീമന് കടങ്ങള്‍ ബ്ലേഡ് കമ്പനിക്കാരന്റെ മനസ്സോടെയുള്ളതാണെന്ന് മൊഹമ്മദ് മൊയ്സു തിരിച്ചറിയാന്‍ വൈകി. ആ കടങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ട ഘട്ടം വന്നപ്പോഴാണ് മൊഹമ്മദ് മൊയ്സു മോദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. പക്ഷെ മോദി പഴയ ശത്രുത പറഞ്ഞ് മൊഹമ്മദ് മൊയ്സുവിനെ അകറ്റി നിര്‍ത്തുകയല്ല ചെയ്തത്. അഞ്ച് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബീവിയ്ക്കൊപ്പമാണ് മൊഹമ്മദ് മൊയ്സുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. എന്തിന് മോദി മൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രധാന വിദേശ അതിഥികളില്‍ ഒരാളായിരുന്നു മൊഹമ്മദ് മൊയ്സു.
മാലിദ്വീപിനെ ഇന്ത്യയ്ക്ക് വേണം
മോദിയെ വിമര്‍ശിച്ച രണ്ട് ജൂനിയര്‍ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്ത് പ്രായശ്ചിത്തം ചെയ്ത മനസ്സോടെ ബീവിയ്ക്കൊപ്പം എത്തിയ മൊയ്സുവിനെ ഉപേക്ഷിക്കാന്‍ മോദിയ്ക്കാവില്ല. കാരണം ചൈനയ്ക്കെതിരായ നീക്കത്തില്‍ മാലിദ്വീപ് തന്ത്രപ്രധാനമായ ഒരു ഇടമാണ്. ആഗോള വ്യാപാരത്തിലും ഊര്‍ജ്ജ ഒഴുക്കിനും ഉള്ള ഇടമായി ഇന്ത്യന്‍ മഹാസമുദ്രം മാറുമ്പോള്‍ അതിന്റെ ടോള്‍ ഗേറ്റ് പോലെ നിലകൊള്ളുന്ന രാജ്യമാണ് മാലിദ്വീപ്. ഇന്ത്യയ്ക്ക് കപ്പല്‍ പാതയിലും കടലിലും ഒരു പോസിറ്റീവും അനുകൂലവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ മാലിദ്വീപിന്റെ ആദരവും കരതലും സുപ്രധാനമാണ്. അവിടെ അവസരം തിരിച്ചെത്തിയതോടെ പിടിമുറുക്കാന്‍ തന്നെയാണ് മോദിയുടെ ശ്രമം.
മാല്‍ഷ ഷെരീഫ്, മറിയം ഷൂന്യ എന്നീ ജൂനിയര്‍ മാലിദ്വീപ് മന്ത്രിമാര്‍ മോദിയെ ഇന്ത്യയിലെ മുസ്ലിം നേതാക്കളും രാഹുല്‍ ഗാന്ധിയെപ്പോലുള്ള വിദേശ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളും പറഞ്ഞുകേട്ട് മോദിയെ കോമാളി എന്നും ഇസ്രയേലിന്റെ കയ്യിലെ കളിപ്പാവ എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ചത്. ഇവരെ മൊഹമ്മദ് മൊയ്സു ആദ്യം സസ്പെന്റ് ചെയ്തു. ഇപ്പോള്‍ ഇവരെക്കൊണ്ട് തന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെയ്പ്പിക്കുകയും ചെയ്തു. മോദിയാണ് മൊഹമ്മദ് മൊയ്സുവിന് വേണ്ടത്. അല്ലാതെ എന്‍ജിഒകള്‍ പഠിപ്പിക്കുന്ന ബുദ്ധിശൂന്യതകള്‍ വിളിച്ചുപറയുന്ന ഈ മുസ്ലിം മന്ത്രിമാരെയല്ല.
ഇന്ത്യയുടെ സ്വന്തം പേയ്മെന്റ് സംവിധാനമായ റുപേ കാര്‍ഡ് സേവനങ്ങള്‍ മാലിദ്വീപില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വൈകാതെ ഇന്ത്യുടെ യുപിഐ സേവനങ്ങളും മാലിദ്വീപ് ഉപയോഗിക്കും. ഇതോടെ മാലിദ്വീപിലെ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ഒരു പിടി വരും.
റുപേ കാര്‍ഡ് പേയ്മെന്റിന്റെ ആദ്യ ഇടപാട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്റ് മുയിസുവും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഇനി മാലിദ്വീപില്‍ പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനെത്തുന്ന മാലിദ്വീപുകാര്‍ക്കും റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാം. അധികം വൈകാതെ ദ്വീപ് രാഷ്ട്രത്തില്‍ യുപിഐ സേവനങ്ങളും ആരംഭിക്കും.
ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയുള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റുപേ കാര്‍ഡ് ഉപയോഗിക്കാം . വളരെ സുരക്ഷിതമായ ഒരു നെറ്റ് വർക്കാണ് റുപേ. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് റുപേ കാര്‍ഡ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളില്‍ 42.4 ദശലക്ഷത്തിലധികം പിഒഎസ് മെഷീനുകളിലും 1.90 ദശലക്ഷത്തിലധികം എടിഎമ്മുകളിലും കാര്‍ഡ് സ്വീകരിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും ഈ കാര്‍ഡ് ലഭ്യമാണ്. റുപേ കാര്‍ഡ് വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും പിഒഎസ് വഴി പണമടയ്ക്കാനും സാധിക്കും. റുപേ കാര്‍ഡ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് കോണ്ടാക്റ്റ്ലെസ് കാര്‍ഡുകളും ലഭ്യമാണ്.
മാലിദ്വീപില്‍ വിമാനത്താവള റണ്‍വേ പണിത് ഇന്ത്യ
മാലിദ്വീപ് വിമാനത്താവളത്തില്‍ ഇന്ത്യയുടെ ധനസഹായത്തോടെ പണിതീര്‍ത്ത റണ്‍വേ പ്രധാനമന്ത്രി മോദി മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. മാലിദ്വീപിലെ ഹാനിമധൂ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ റണ്‍വേ പണിതത്. ഇന്ത്യ മാലിദ്വീപില്‍ നടപ്പാക്കുന്ന വലുതും ചെറുതുമായ നിരവധി പദ്ധതികളെക്കുറിച്ച് ഒരു വീഡിയോ പ്രദര്‍ശനവും നടന്നു. അതായത് പഴയ വിദ്വേഷമെല്ലാം അലിയിച്ച് കളയുകയാണ് മോദിയും മൊഹമ്മദ് മൊയ്സുവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: