സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രണ്ടു ഭൂപടങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ഒന്നിനെ അദ്ദേഹം വിശേഷിപ്പിച്ചത് യൂറോപ്പിനെയും തെക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്ന ‘അനുഗ്രഹത്തിന്റെ ഭൂപടം’ എന്നും, മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും ചില രാജ്യങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന മറ്റൊന്നിനെ ‘ശാപത്തിന്റെ ഭൂപടം’ എന്നുമാണ്. ഇറാന്, ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ ഇസഌമിക രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു രണ്ടാമത് സൂചിപ്പിച്ച ഭൂപടം. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇസഌമിക തീവ്രവാദികളുടെയും അവരെ പാലൂട്ടി വളര്‍ത്തിയ സംരക്ഷകരുടെയും കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ഇസ്ലാമിക ഭീകരതക്കെതിരെ ഇസ്രയേല്‍ തുടങ്ങിവെച്ച യുദ്ധം ഇപ്പോള്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധമായി പരിണമിച്ചിരിക്കുന്നു. ഹമാസിനും, ഹിസ്ബുള്ളക്കും, ഹൂതികള്‍ക്കും എതിരെയുള്ള നിരന്തര ആക്രമണങ്ങളിലൂടെ ഭീകരവാദികള്‍ക്കും അവരെ സംരക്ഷിച്ചു പോന്നിരുന്ന ഇറാനും ശക്തമായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. ഇറാന് വര്‍ഷങ്ങള്‍കൊണ്ട് വിവിധ ഭീകര സംഘടനകളാല്‍ പടുത്തുയര്‍ത്തിയ ‘:പ്രതിരോധത്തിന്റെ അച്ചുതണ്ട് ‘ തകര്‍ത്തെറിയപ്പെടുന്ന കാഴ്ച്ച ഇങ്ങ് കേരളത്തിലെ ഭീകരസംഘടനകളുടെ അനുഭാവികളില്‍ പോലും ഞെട്ടലുളവാക്കി.
ഹമാസിന്റെ തകര്‍ച്ച
2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ ജനതയ്ക്ക് മേല്‍ ഹമാസ് അഴിച്ചുവിട്ട നരനായാട്ടിന്റെ കര്‍മ ഫലമാണ് ഇന്ന് അവരും ഒപ്പം പലസ്തീന് ജനതയും അനുഭവിക്കുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് ഏകദേശം 40,000 ഉണ്ടായിരുന്ന ഹമാസിന്റെ അംഗബലം പകുതിയായി കുറയ്ക്കാനും, 15000ത്തില്പരം റോക്കറ്റുകളുടെ 90 ശതമാനത്തോളം നശിപ്പിക്കാനും, 350 മൈലിനടുത്ത് നീളമുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയുടെ പ്രധാന ഭാഗങ്ങള്‍ തകര്‍ക്കാനും ഇസ്രയേലിനായി. കൃത്യമായ സൈനിക നടപടികളിലൂടെ ഹമാസിന്റെ 24ല്‍ 23 ബറ്റാലിയനുകളെയും തകര്‍ത്തു. ജൂലൈയില്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ വച്ച് ഹമാസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ ഇസ്മായില്‍ ഹാനിയേ കൊല്ലപ്പെട്ട സംഭവം ഇറാന്റെ തണലില്‍ തങ്ങള്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യം ഹമാസ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ത്തി. ഹമാസിന്റെ പിടിയിലകപ്പെട്ട മുഴുവന്‍ ബന്ദികളെയും തിരികെ കൊണ്ടുവരുന്നത് വരെ സൈനിക നടപടികളുമായി മുന്നോട്ട് പോകും എന്ന് ഇസ്രയേല്‍ വ്യക്തമാക്കി കഴിഞ്ഞു. ഹമാസിന്റെ അന്ത്യം അത്യന്താപേക്ഷിതമാണ് എന്നുവേണം മനസ്സിലാക്കാന്‍. ലോകരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളും നല്കുന്ന ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ കയ്യടക്കി വച്ച് അവരുടെ തന്നെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കിയാണ് ഹമാസിന്റെ നേതൃത്വം പിടിച്ചുനില്‍ക്കുന്നത്.
ഹിസ്ബുള്ളയുടെ വീഴ്ച്ച
പശ്ചിമേഷ്യയിലെ ഭീകരതയുടെ മറ്റൊരു മുഖമായ ഹിസ്ബുള്ളയും നിലനില്‍പ്പിനായി പെടാപ്പാടുപെടുന്ന കാഴ്ചയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. ഹിസ്ബുള്ളയുടെ താവളങ്ങള്‍ക്ക് മേലുള്ള തുടര്‍ച്ചയായ വ്യോമാക്രമണം അവരെ വളരെ അധികം തളര്‍ത്തിയിരിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ പേജര്‍ സ്ഫോടനവും ഭീകരരില്‍ ഭീതി ഉളവാക്കിയെന്ന് വ്യക്തം. ഹിസ്ബുള്ളയുടെ നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണങ്ങള്‍ കലാശിച്ചത് അവരുടെ തലവനായ ഹസ്സന് നസ്റല്ലയുടെ മരണത്തിലാണ്. ലെബനന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ കരമാര്‍ഗ്ഗം ഇസ്രയേല്‍ സൈന്യം അകത്തു കടക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം, ഇത് വാസ്തവമാണെങ്കില്‍ ഹിസ്ബുള്ള എന്ന ഭീകര സംഘടനയും അതിന്റെ അന്ത്യത്തോട് അടുക്കുന്നു എന്ന് വേണം കരുതാന്‍.
ഹൂതികളുടെ പതനം
ഹമാസിനെതിരെയുള്ള സൈനിക നടപടി ഇസ്രയേല്‍ ശക്തമാക്കിയത്തിന് പിന്നാലെ ഹൂതികള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം അഴിച്ചുവിടുകയും, ചെങ്കടലില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തു. ഇതുവഴി ആഗോള സമ്പദ്വ്യവ്യസ്ഥക്ക് തന്നെ ഭീഷണിയായി ഹൂതികള്‍ മാറി. ചരക്ക് നീക്കം ദുഷ്കരമായതോടെ ഹൂതികള്‍ക്ക് നേരെ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. യെമനില്‍ അവര്‍ കയ്യടക്കി വച്ചിരുന്ന വൈദ്യുതി നിലയങ്ങള്‍, തുറമുഖങ്ങള്‍ പോലെയുള്ള തന്ത്രപ്രധാന സ്ഥലങ്ങള്‍ ആക്രമിക്കുക വഴി ഭീകരതക്കെതിരെ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
മുട്ടുമടക്കി ഇറാന്
ഇസ്രയേലിനെതിരെ നേരിട്ട് യുദ്ധം ചെയ്യുക ദുഷ്കരമാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് ഇറാന് മറ്റു രാജ്യങ്ങളില്‍ തീവ്രവാദ സംഘടനകളെ പരിപോഷിപ്പിച്ചിരുന്നത്, അവര്‍ക്ക് ആയുധവും പരിശീലനവും നല്‍കുക വഴി ഇസ്രയേലിനെ എന്നന്നേക്കുമായി ഇല്ലാതാക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു ഇറാന്റെ നേതൃത്വം. ഈ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിനങ്ങളില്‍ കണ്ടത്. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, ഇവ കൂടാതെ ഇറാഖിലും സിറിയയിലും ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഈ സംഘടനകള്‍ക്കും വേണ്ടത്ര മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. ഇറാന്റെ അതിര്‍ത്തിക്കുള്ളില്‍ പോലും തീവ്രവാദികള്‍ സുരക്ഷിതരല്ല എന്നസ്ഥിതി അവര്‍ക്ക് വലിയ നാണക്കേടുണ്ടാക്കി. നേരിട്ടുള്ള യുദ്ധം ഒഴിവാക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നാല്‍ ഇറാന് എന്ന രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ അത് പ്രതികൂലമായി ബാധിക്കും.
ഇപ്പോഴത്തെ യുദ്ധത്തെ വ്യത്യസ്തമാക്കുന്നതെന്ത്?
ഹമാസിനും ഹിസ്ബുള്ളക്കും എതിരായി ഇതിനു മുന്‍പും ഇസ്രയേല്‍ സൈനിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നടപടികളെ വ്യത്യസ്തമാക്കുന്നത് ഇസ്രയേലിന്റെ സമീപനമാണ്. അടിക്കു തിരിച്ചടി എന്നതിനുമപ്പുറം എന്നന്നേക്കുമായി തങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ഇല്ലാതാക്കാനാണ് ശ്രമം. ഹമാസ് ഗാസയില്‍ അധികാരത്തില്‍ തുടരുകയാണെങ്കില്‍ അവര്‍ വീണ്ടും സംഘടിക്കുകയും, സായുധരായി തീരുകയും ചെയ്യും. ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് ഹമാസിന്റെ അന്ത്യത്തോടെയേ ഈ യുദ്ധത്തിന് അവസാനം കുറിക്കൂ എന്ന് ഇസ്രയേല്‍ തീരുമാനിച്ചത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം തന്നെ വധിക്കപ്പെട്ടു. ആയുധ ശേഖരങ്ങളും വലിയ തോതില്‍ ക്ഷയിച്ചു. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്ക് കീഴടങ്ങേണ്ടി വരും എന്ന യാഥാര്‍ഥ്യം ഹമാസ് തിരിച്ചറിഞ്ഞിരിക്കുന്നു. ഇറാന്റെ തകര്‍ച്ച അതിനെ ഒന്നുകൂടി അടിവരയിടും എന്ന് മാത്രം.
എന്നാല്‍ എല്ലാ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ക്കില്ല. സൗദി അറേബ്യ, യുഎഇ പോലുള്ള രാജ്യങ്ങള്‍ ഒന്നും തന്നെ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ ഇടപ്പെട്ടിട്ടില്ല. ഇറാന്റെയും, അതിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ സംഘടനകളുടെയും തകര്‍ച്ച ഈ രാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്ന ഒന്നാണ് എന്നതാണ് കാരണം. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന വ്യാജേന ലോകമെമ്പാടും റാലികള്‍ നടത്തി അക്രമം അഴിച്ചുവിടുന്നവര്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്കൊരു അന്ത്യമുണ്ടാവരുത് എന്നാഗ്രഹിക്കുന്നുള്ളു.
മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ഇസ്ലാമിക ഭീകരവാദത്തിന്റെ കൈപ്പിടിയില്‍ നിന്ന് പതിയെ പുറത്തു വരികയായിരുന്ന പശ്ചിമേഷ്യയെ വീണ്ടും അസ്ഥിരതയിലേക്കു തള്ളിയിട്ടത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇസ്രയേലിനു നേരെയുണ്ടായ ഹമാസിന്റെ ആക്രമണമാണ്. എബ്രഹാം ഉടമ്പടിക്കു പിന്നാലെ ഇസ്രയേലും സൗദിയും തമ്മില്‍ ഒരു സമാധാന ഉടമ്പടി എന്ന ലക്ഷ്യത്തിലേക്കു മറ്റു രാജ്യങ്ങളുടെ മധ്യസ്ഥതയോടെ ഇരു രാജ്യങ്ങളും അടുക്കുമ്പോഴായിരുന്നു ഹമാസിന്റെ ആക്രമണം അരങ്ങേറിയത്. ഒരുവര്‍ഷത്തിനിപ്പുറം, മേഖലയിലെ സ്ഥിതി വീണ്ടും കലുഷിതമാണ്.
പശ്ചിമേഷ്യയോളം അശാന്തമായ മറ്റൊരു മേഖല ലോകത്തെവിടെയും തന്നെ നിലവിലില്ല. അസ്ഥിരതയും ദാരിദ്ര്യവും ആ പ്രദേശത്തിന്റെ മുഖമുദ്രകളായി മാറി. 2023 ഒക്ടോബര്‍ 7ലെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് മുമ്പ് മേഖല ഏറെക്കുറെ ശാന്തമായിരുന്നു. എബ്രഹാം ഉടമ്പടി, 2023ല്‍ ദല്‍ഹിയില്‍ വച്ച് നടന്ന ജി-20 ഉച്ചകോടിയില്‍ രൂപംകൊണ്ട ഇന്ത്യ – മധ്യേഷ്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയ പുരോഗമന ആശയങ്ങളിലൂടെ മേഖലയുടെ അഭിവൃദ്ധിക്കായി ഒരു പറ്റം രാഷ്ട്രങ്ങള്‍ കൈകോര്‍ക്കുമ്പോള്‍, മറ്റു ചില രാഷ്ട്രങ്ങള്‍ ഭീകരതയുടെ ഇരുണ്ട കാലഘട്ടത്തിലേക്ക് പോകാന്‍ പ്രയത്നിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. കേവലം ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത് അപകടമാണ്. ലോകത്തെ ഒട്ടാകെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ അടിവേരറുക്കുന്ന പ്രക്രിയ ആയിട്ടേ ഇതിനെ കാണേണ്ടതുള്ളൂ. എക്കാലവും ഭീകരവാദത്തിന്റെ ഇരയായിരുന്ന ഭാരതത്തിന് പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: