ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലം മാറില്ല. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് തന്നെയാണ് വിജയിച്ചതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. 0.005 മൈക്രോ സെക്കന്റ് വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്.
വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. രണ്ട് പരാതികളാണ് ലഭിച്ചത്. സ്റ്റാര്‍ട്ടിംഗില്‍ പിഴവ് ഉണ്ടെന്നായിരുന്നു നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി. ഇത് നിലനില്‍ക്കില്ലെന്നും പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി.
പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
എന്നാല്‍ ജൂറി കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.
ഫോട്ടോ ഫിനിഷിലാണ മത്സരത്തില്‍ കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ചിലര്‍ ഉയര്‍ത്തിയിരുന്നു. പിന്നീടാണ് ഫലനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: