ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയത് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യം കൊടുക്കാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. 53 പേര് കൊല്ലപ്പെട്ട കലാപമായിരുന്നു ഇത്. വാദം കേള്‍ക്കേണ്ട ജഡ്ജിയുടെ അച്ഛന് മരണപ്പെട്ടതിനെ തുടര്‍ന്ന് തല്ക്കാലം വാദം കേള്‍ക്കാനാവില്ലെന്നും കേസില്‍ നവമ്പര്‍ 25ന് വാദം കേള്‍ക്കാമെന്നും ദല്‍ഹി ഹൈക്കോടതി സമ്മതിച്ചിരുന്നു.
ജസ്റ്റിസ് നവിന് ചൗളയുടെ അച്ഛന് മരിച്ചത് ഒക്ടോബര്‍ ആറിനാണ്. അതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കേണ്ട നവീന്‍ ചൗള ഇനി വാദം നവമ്പര്‍ 25ന് കേള്‍ക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെയാണ് രാജ് ദീപ് സര്‍ദേശായി വിമര്‍ശിക്കുന്നത്. പോയിപ്പോയി തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വിധി പുറപ്പെടുവിച്ചാല്‍ കോടതിയെ പരസ്യമായി വിമര്‍ശിക്കുക എന്നത് ഇന്ത്യയില്‍ എന്‍ജിഒകളുടെയും സിവില്‍ സൊസൈറ്റികളുടെയും പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികളുടെയും പതിവായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് തീ പകരുന്നവരാണ് മാധ്യമപ്രവര്ത്തകന് എന്ന സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ ചെയ്യുന്നത്. പിന്നീട് ഇവരുടെ വാദം എന്‍ജിഒകളും സിവില്‍ സൊസൈറ്റികളും പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ദിവസം ജഡ്ജിയുടെ അച്ഛന് മരണപ്പെട്ടതിനാല്‍ വാദം കേള്‍ക്കല്‍ നീട്ടിവെച്ച ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിക്കുക വഴി അപകടകരമായ പ്രവണതയ്ക്ക് വീണ്ടും ചൂട്ടുപിടിച്ചിരിക്കുകയാണ് രാജ് ദീപ് സര്‍ദേശായി.
അമേരിക്കയിലെ സോറോസിന്റെ ഇന്ത്യന്‍ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ധാരാളം ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്ത്തകന് കൂടിയാണ് രാജ് ദീപ് സര്‍ദേശായി.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഇവരെ അറസ്റ്റ് ചെയ്തതെന്തിന്?
ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര് കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരായ സമരമാണ് കലാപത്തിലേക്ക് നീങ്ങിയത്.
പൗരത്വ ഭേദഗതി വിഷയത്തില്‍ ദല്‍ഹിയില്‍ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നുവെന്ന് ദല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കലാപകാരികള്‍ പദ്ധതി തയ്യാറാക്കിയെന്നും ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
തനിക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ല എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. 53 പേര് കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരില് പ്രധാനിയാണ് ഉമര്‍ ഖാലിദ് എന്ന് പ്രോസിക്യൂഷന് വാദിച്ചു.
കലാപം നടക്കുന്ന സമയത്ത് ഉമര്‍ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നര്‍വാള്‍, ജാനവി, തബ്രേസ് തുടങ്ങിയവര്‍ പരസ്പരം ഫോണ്‍ കോളുകള്‍ വഴി സജീവമായി ബന്ധപ്പെട്ടു. ഇവര്‍ വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നു കൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രോസിക്യൂഷന്‍ഡ വ്യക്തമാക്കി.
നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ ദേശീയ അധ്യക്ഷനായ എസ്.ക്യു.ആര്. ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമായിരുന്നെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റെന്നതും ശ്രദ്ധേയം. മകനെ ദല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തെന്ന് ഇല്യാസ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. സിമി നിരോധനത്തോടെ ജമാഅത്തെ ഇസ്ലാമിയിലേക്ക് ചേക്കേറിയ ഇല്യാസ് അവരുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്.
ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ നടന്ന വലിയ ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഉമറിന്റെ അറസ്റ്റ്. ഉമറിന് തീവ്ര ഇസ്ലാമിക സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദല്‍ഹി കലാലയങ്ങളിലെ ഇടപെടലുകള്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതായിരുന്നു. ഉമര്‍ ഖാലിദിന്റെ മൊബൈല്‍ ഫോണടക്കമുള്ളവയും പോലീസ് കണ്ടുകെട്ടി. ആരൊക്കെ ഇക്കാലയളവില്‍ ഉമറുമായി ബന്ധപ്പെട്ടെന്ന അന്വേഷണങ്ങളാണ് ദല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തുന്നത്.
ആംആദ്മി പാര്‍ട്ടി കൗണ്‍സിലറും ദല്‍ഹി കലാപത്തിന്റെ മുഖ്യ സൂത്രധാരനുമായ താഹിര്‍ ഹുസൈന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉമര്‍ ഖാലിദിലെത്തിയത്. ദല്‍ഹിയില്‍ കലാപം നടന്ന ഫെബ്രുവരിക്ക് ഒരു മാസം മുമ്പ് ജനുവരി എട്ടിന് താഹിര്‍ ഹുസൈനുമായി ഉമര്‍ ഖാലിദ് കൂടിക്കാഴ്ച നടത്തിയെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വലിയ ഒരു കാര്യം നടത്താന്‍ പദ്ധതി തയാറാക്കുന്നതായി താഹിര്‍ ഹുസൈനെ ഖാലിദ് അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വലിയ ഗൂഢാലോചനയാണ് ദല്‍ഹി കേന്ദ്രീകരിച്ച് നടന്നതെന്ന് തെളിയിക്കുന്നതാണ് ദല്‍ഹി പോലീസിന്റെ കണ്ടെത്തലുകള്‍.
ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തോടനുബന്ധിച്ച് 751 എഫ്ഐആറുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൊരു കേസിലെ പ്രതികളുടെ കുറ്റസമ്മത മൊഴികളിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. അര്‍ബന്‍ നക്സലുകളും ഇസ്ലാമിക ഭീകരസംഘടനകളും സംയുക്തമായി നടത്തിയ കലാപമായിരുന്നു ദല്‍ഹിയില്‍ നടന്നതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: