തിരുവനന്തപുരം: പാമ്പ് പിടിത്തത്തിന് വനംവകുപ്പ് പരിശീലനം നല്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കണക്കുകള്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 2500 ഓളം പേര്‍ക്ക് പരിശീലനം നല്‍കിയെങ്കിലും 750 ല്‍ താഴെ ആള്ക്കാര് മാത്രമാണ് സജീവമായി രംഗത്തുള്ളത്. ഇതിലൊരാളാണ് കഴിഞ്ഞദിവസം പൊന്മുടിയില് പാമ്പുകടിയേറ്റ് മരിച്ച കരമന വാഴവിള സ്വദേശി പ്രശാന്ത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പരുത്തിപ്പള്ളി റെയ്ഞ്ച് ആര്ആര്ടീമിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറക്കവേ സര്‍പ്പ ലൈസന്‍സ്ഡ് വൊളന്റിയര്‍ കരമന വാഴവിള സ്വദേശി പ്രശാന്ത് (ഷിബു- 39)ന് കൈയില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.
പാമ്പുകളെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി വനങ്ങളിലേക്ക് മാറ്റുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ പാമ്പുകടിയേറ്റു മരിച്ചാല്‍ വനംവകുപ്പ് തിരിഞ്ഞുനോക്കുകയോ കുടുംബത്തിന് സഹായം നല്‍കുകയോ ചെയ്യാത്തതാണ് കൊഴിഞ്ഞുപോക്കിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് പോലും ഏര്‍പ്പാടാക്കാത്ത ക്രൂരതയാണ് വനംവകുപ്പിന്റേതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
പാമ്പുകളെ പിടികൂടാന്‍ ഒരുകൂട്ടം ആള്ക്കാര്ക്കൊരുമിച്ച് ഒരുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. ഒരാള്‍ക്ക് ഏതാനും മിനിട്ടുകള്‍ മാത്രമാണ് പരിശീലനം ലഭിക്കുക. 18 വയസുകഴിഞ്ഞാല്‍ വനംവകുപ്പിന്റെയോ പോലീസിന്റെയോ കേസുകളില്‍ പ്രതിയല്ലാത്ത ആര്‍ക്കും ആണ് പെണ് വ്യത്യാസമില്ലാതെ റെസ്ക്യൂ പ്രവര്‍ത്തനത്തിന് ട്രെയിനിങ്ങിനെത്താം. 3000 രൂപ വിലയുള്ള ഒരു ടൂള്‍കിറ്റാണ് ആകെ കിട്ടുന്നത്. അതുപോലും എല്ലാര്ക്കും കിട്ടാറില്ല. ജീവന് പണയംവച്ചുള്ള പ്രതിഫലമില്ലാത്ത ജോലിയില്‍ ഇന്‍ഷ്വറന്‍സ് എങ്കിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും വനംവകുപ്പ് പരിഗണിക്കാന്‍ തയാറായിട്ടില്ല.
ഇക്കഴിഞ്ഞ ജൂലായ് വരെയുള്ള കണക്കനുസരിച്ച് 8000ത്തോളം പാമ്പുകളെയാണ് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പിടികൂടിയത്. 4360 പാമ്പുകളെ പിടികൂടി എറണാകുളം ഒന്നാംസ്ഥാനത്തും 3534 പാമ്പുകളെ പിടികൂടി തിരുവനന്തപുരവും 3525 എണ്ണവുമായി വയനാടും പിന്നാലെയുണ്ട്. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജനുവരിയിലാണ് വനം വകുപ്പിന് കീഴില്‍ സ്നേക്ക് അവയര്‍നെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ മൊബൈല്‍ ആപ് പ്രവര്‍ത്തനം ആരംഭിച്ചത്.
പാമ്പിനെ കണ്ടയുടന്‍ ആപ്പില്‍ വിവരം നല്കിയാല് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പിടികൂടി സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതാണ് രീതി. ആപ് വഴി മൂന്നര വര്‍ഷത്തിനിടെ 34,928 പാമ്പുകളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ ഉഗ്രവിഷമുള്ള 11,566 മൂര്‍ഖന്‍, 402 വെള്ളിക്കെട്ടന്, 327 രാജവെമ്പാല, രണ്ടായിരത്തോളം അണലി എന്നിവയുമുണ്ട്. നൂറുകണക്കിന് മലമ്പാമ്പുകളെയും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: