കണ്ണൂര്‍: 25-ാമത് സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല ഓവറോള്‍ കിരീടം നേടി. കോഴിക്കോട് ജില്ലയ്ക്ക് 588 പോയിന്റ് ലഭിച്ചു. 498 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 482 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.
കാഴ്ചപരിമിതി വിഭാഗത്തില്‍ 98 പോയിന്റോടെ കാലിക്കറ്റ് എച്ച്എസ്എസ് ഫോര്‍ ദ ഹാന്‍ഡികാപ്ഡ് ഒന്നാം സ്ഥാനവും 94 പോയിന്റോടെ ഒളശ്ശ ഗവ. സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് രണ്ടാം സ്ഥാനവും 65 പോയിന്റോടെ ജിഎച്ച്എസ്എസ് മങ്കട മൂന്നാം സ്ഥാനവും നേടി. കേള്‍വി പരിമിതിയുള്ള വിഭാഗത്തില്‍ 100 പോയിന്റ് നേടി കോട്ടയം നീര്‍പാറ എച്ച്എസ്എസ് ഫോര്‍ ദ ഡഫ് അസീസി മൗണ്ട്, അടൂര്‍ മണക്കാല സിഎസ്ഐ എച്ച്എസ്എസ് ഫോര്‍ ദ പാര്‍ഷ്യലി ഹിയറിങ് എന്നീ സ്കൂളുകള്‍ ഒന്നാംസ്ഥാനം നേടി. 98 പോയിന്റ് നേടി മൂന്ന് സ്കൂളുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് എച്ച്എസ്എസ്, എറണാകുളം സെന്റ് ക്ലെയര്‍ ഓറല്‍ സ്കൂള്‍ ഫോര്‍ ദ ഡഫ്, വയനാട് സെന്റ് റോസല്ലോസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളുകള്‍ രണ്ടാം സ്ഥാനം നേടി. 96 പോയിന്റ് നേടി തിരുവല്ല സിഎച്ച്ഐ വിഎച്ച്എസ്എസ് ഫോര്‍ ദ ഡഫ് മൂന്നാം സ്ഥാനം നേടി. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ 84 പോയിന്റോടെ തൃശ്ശൂരും ഇടുക്കിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 82 പോയിന്റോടെ എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ രണ്ടാം സ്ഥാനത്തെത്തി. 78 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
14 ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ 1600 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തിനെത്തിയത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒമ്പതിനങ്ങളിലും കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കായി 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി 19 ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ നടന്ന സമാപനസമ്മേളനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പപ്പറേഷന് മേയര്‍ മുസ്ലീഹ് മഠത്തില്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: