ന്യൂദല്‍ഹി: ഹരിയാനയില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുമ്പോള്‍ കോണ്‍ഗ്രസിനു ഭീഷണി പാര്‍ട്ടിക്കുള്ളിലെ പട. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള ചേരിപ്പോര് അവസാനിക്കാത്തത് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നു.
ജെജെപി, ഐഎന്‍എല്‍ഡി, ആപ്, ലോക്ഹിത് പാര്‍ട്ടി എന്നിവര്‍ കൂടുതല്‍ വോട്ട് പിടിക്കുന്നത് തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുകയാണ്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ജിന്ദ് ജില്ലയിലെ ജൂലാന സീറ്റില്‍ കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയെങ്കിലും പ്രതീക്ഷിച്ച ഗുണം കൈവരിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. 89 സീറ്റുകളില്‍ മത്സരിക്കുന്ന ആപ്പിന് പക്ഷേ ദല്‍ഹി, പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സീറ്റുകളില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. ആസാദ് സമാജ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജെജെപി മത്സരിക്കുന്നത്. ബിഎസ്പിയാണ് ഐഎന്‍എല്‍ഡിയുടെ സഖ്യകക്ഷി.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, 40 സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ജനനായക് ജനതാ പാര്‍ട്ടിയും ഏഴ് സ്വതന്ത്ര എംഎല്‍എമാരും ചേര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ബിജെപിയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായും ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും അധികാരത്തിലെത്തി. ജെജെപി സഖ്യത്തില്‍ നിന്ന് പിന്മാറിയപ്പോള് മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. പിന്നാലെ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി. കുരുക്ഷേത്ര ജില്ലയിലെ ലദ്വ മണ്ഡലത്തില്‍ നിന്നാണ് സൈനി ജനവിധി തേടുന്നത്. ഭൂപീന്ദര്‍ സിങ് ഹൂഡ റോഹ്തക്കിലെ ഗാര്‍ഹി സാംപ്ല- കിലോയ് മണ്ഡലത്തിലും ജനവിധി തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: