മഹാഭാരത കഥയില്‍ വ്യാസന് അവതരിപ്പിക്കാത്ത അതിപ്രഗത്ഭനായ ഒരു കഥാപാത്രമത്രേ ബര്ബരീകന്. ഭീമപത്രന്‍ ഘടോല്ക്കചന് മൗര്‍വ്വി എന്നുകൂടി പേരുള്ള ഉലൂകിയിലുണ്ടായ മകനാണിവന്‍. കുരുക്ഷേത്രഭൂമിയിലെ മഹാരഥന്മാരെയെല്ലാം നിമിഷനേരംകൊണ്ട് ഇല്ലാതാക്കാന്‍ തക്ക വരബലമുള്ളവനായിരുന്നു ബര്ബരീകന്. ബര്‍ബരീകന്റെ വരബലത്തെപ്പറ്റി ബോധ്യമുണ്ടായിരുന്ന ഭഗവാന് ശ്രീകൃഷ്ണന് ധര്‍മ്മ സംസ്ഥാപനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ബര്ബരീകന് മഹാഭാരത യുദ്ധത്തിന്റെ ഭാഗമാവാതെ തടയണമെന്നു മനസ്സിലാക്കിയിരുന്നു. തപസുകൊണ്ടും ദേവിയുടെ അനുഗ്രഹം കൊണ്ടും തന്റെ കായബലത്താലും ഒരുമുഹൂര്‍ത്തം കൊണ്ട് പതിനെട്ട് അക്ഷൗഹിണിയേയും യമലോകത്തെത്തിക്കാന്‍ ഈ ഭീമപൗത്രന് ആവുമായിരുന്നു. പരമശിവനില്നിന്നും നേടിയ മൂന്ന് അസ്ത്രങ്ങളായിരുന്നു ബര്‍ബരീകന്റെ അപാര ശക്തിക്ക് ആധാരം.
ഭഗവാന് ബര്‍ബരീകന്റെ ശക്തി പരീക്ഷിച്ചു മനസിലാക്കാന്‍ അടുത്തുകണ്ട ആലിലെ മുഴുവന്‍ ഇലയിലും ഒറ്റ അസ്ത്രത്താല്‍ ദ്വാരമിടാന്‍ കഴിയുമോ എന്നു ചോദിച്ചു. ഇതു സമ്മതിച്ച് ബര്ബരീകന് അസ്ത്രം തൊടുത്തു. എന്നാല്‍ ബര്ബരീകന് അറിയാതെ ഭഗവാന് ഒരില തന്റെ കാല്ച്ചുവട്ടില് ഒളിപ്പിച്ചു. നൊടി നേരത്തിനുള്ളില്‍ ആലിലകളിലെല്ലാം സുഷിരം വീഴ്ത്തിയ അസ്ത്രം അവസാന ഇലയില്‍ ദ്വാരം വീഴ്ത്താന്‍ ഭഗവാന്റെ കാല്ച്ചുവട്ടിലേക്ക് എത്തിയെങ്കിലും അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളെ വലംവെച്ചു നിന്നതേയുള്ളൂ. അതോടെ ബര്ബരീകന് തന്റെ ദിവ്യാസ്ത്രങ്ങള്‍ക്ക് ഭഗവാന്റെ ഇച്ഛയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടു.
പര്‍വ്വതാഭനും നാനാഭൂഷണങ്ങള്‍ അണിഞ്ഞവനും വായുവേഗനും വിദ്യുത്ചക്ഷുസ്സും ദേവീദത്ത ബലത്തോടുകൂടിയ ബര്‍ബരീകനോട് ഭഗവാന് രണ്ടാമത്തെ അസ്ത്രത്തിന്റെ അപൂര്‍വ്വ സിദ്ധി പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വില്ലുകുലച്ച് സിന്ദൂരാഭമായ രണ്ടാമസ്ത്രം അയച്ചപ്പോള്‍ അതില്‍നിന്നും പുറത്തുവന്ന ഭസ്മം അവിടെയുണ്ടായിരുന്ന പാണ്ഡവരും അശ്വത്ഥാമാവും ഒഴികെയുള്ള എല്ലാ വീരന്മാരുടെയും മൃത്യുമര്‍മ്മത്തെ അടയാളപ്പെടുത്തി. ഭീഷ്മരുടെ രോമങ്ങളില്‍, കര്‍ണന്റെ കണ്ഠത്തില്, ദുര്യോധനന്റെ ഊരുക്കളില്‍, കൃഷ്ണന്റെ പാദാഗ്രത്തില്‍ എന്നിപ്രകാരം എല്ലാവരുടേയും മൃത്യു മര്‍മ്മങ്ങള്‍ ഭസ്മാസ്ത്രം വ്യക്തമാക്കി. അപ്പോള്‍ ബര്ബരീകന് ഭഗവാനോട് ”താന്‍ അടുത്ത അസ്ത്രം അയച്ചാല്‍ ഇവിടെയുള്ള പതിനെട്ട് അക്ഷൗഹിണിയില്‍ മൃത്യുമര്‍മ്മം തെളിഞ്ഞവരുടെയെല്ലാം മര്‍മ്മം ഭേദിക്കപ്പെട്ട് അവര്‍ യമലോകം പ്രാപിക്കും” എന്നു പറഞ്ഞു. ഇങ്ങനെ സംഭവിച്ചാല്‍ ധര്‍മ്മസംസ്ഥാപനമെന്ന അവതാരലക്ഷ്യം നടക്കില്ലെന്നു ബോധ്യമായ ഭഗവാന് സുദര്‍ശനചക്രത്താല്‍ കൃഷ്ണ ഭക്തനായ ബര്‍ബരീകന്റെ ശിരസ്സറുത്തു. എന്നാല്‍ അവന്റെ ആഗ്രഹപ്രകാരം ഭാരത യുദ്ധം പൂര്‍ണമായി കാണാനുള്ള വരം നല്കി ബാര്‍ബരീകന്റെ ശിരസ് യുദ്ധക്കളത്തിന്റെ പരിപൂര്‍ണ കാഴ്ച ലഭിക്കുന്ന ഉയര്‍ന്ന പ്രദേശത്ത് സ്ഥാപിച്ചു.
അനന്തരം പാണ്ഡവരും കൗരവരും തമ്മില്‍ ഘോരയുദ്ധം നടന്നു. പതിനെട്ടു ദിവസംകൊണ്ട് ദ്രോണാദികളടക്കം മഹാരഥികളെല്ലാം കൊല്ലപ്പെട്ടു. പതിനെട്ടാം ദിവസം ക്രൂരനായ ദുര്യോധനനും കൊല്ലപ്പെട്ടു. അപ്പോള്‍ യുധിഷ്ഠിരന് കൃഷ്ണനെ വാഴ്ത്തി. ”അങ്ങയുടെ സഹായം ഒന്നു കൊണ്ട് ഞങ്ങള്‍ ഈ ഘോരയുദ്ധം വിജയിച്ചതെന്നു” യുധിഷ്ഠിരന് കൃഷ്ണനെ പുകഴ്ത്തിയതു ഭീമന് ഇഷ്ടമായില്ല. പാണ്ഡവ വീരന്മാര് പോരാടി ജയിച്ച മഹായുദ്ധത്തെ ജ്യേഷ്ഠന് കൃഷ്ണനു അടിയറവു വെച്ചതില്‍ നീരസം പ്രകടിപ്പിച്ചു. അപ്പോള്‍ അര്ജ്ജുനന് ”ഭീമാ! അങ്ങനെ പറയരുത്! ഞാനും കണ്ടിരുന്നു, ആയുധധാരിയായ ആരോ ഒരാള്‍ മുന്നില്‍നിന്ന് ഇവരെയെല്ലാം കൊന്നൊടുക്കുന്നത്” എന്നു പറഞ്ഞൂ. അര്‍ജ്ജുനനു ചിത്തഭ്രമമാണെന്ന് ഭീമന് തിരിച്ചടിച്ചു! അപ്പോള്‍ അര്ജ്ജുനന് പറഞ്ഞു: ”ഈ ജനാര്ദ്ദനന് ആരാണെന്ന് നിങ്ങള്‍ക്കാര്‍ക്കുമറിയില്ല. ഉയരങ്ങളില്‍ എല്ലാം കണ്ടുകൊണ്ടിരുക്കുന്ന നിന്റെ പൗത്രനോട് നമുക്കു പോയി ചോദിക്കാം. എന്താണ് കണ്ടതെന്ന് അവന് പറയുമ്പോള്‍ സത്യം നിനക്കു ബോധ്യമാവാതെ ഇരിക്കില്ല” എന്ന്. അതു ഭീമനും സമ്മതമായി. അങ്ങനെയവര്‍ ബര്‍ബരീക ശിരസ്സിന് അടുത്തെത്തി. ഭീമന് പൗത്രനോടു ചോദിച്ചു:” ഈയുദ്ധം പൂര്‍ണ്ണമായികണ്ടവനല്ലേ നീ? പറയൂ, ആരാണ് ഈ യുദ്ധത്തില്‍ ധാര്‍ത്തരാഷ്ട്രന്മാരെയെല്ലാം കൊന്നത്?” ബര്‍ബരീകന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ”ഈ യുദ്ധത്തില്‍ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ഒരു പുരുഷനെ ഞാന്‍കണ്ടു. ഇടതും വലതുമായി പലമുഖങ്ങളും അനേകം കൈളും കൈകളില്‍ വിവിധങ്ങളായ ആയുധങ്ങളുമുണ്ടായിരുന്നു ആ പുരുഷന്. ഇടതുവശം ഭസ്മാധാരിയും ജടാധാരിയും വലതുവശം കൗസ്തുഭ ഭൂഷിതനുമായിരുന്നു. ഇങ്ങനെ ഒരു പുഷനെയാണ് ഞാന്‍ യുദ്ധക്കളത്തില്‍ കണ്ടത്. മറ്റാരും ഈ യുദ്ധത്തില്‍ ഒരാളെയും കൊന്നിട്ടില്ല.” ഇതുകേട്ട് അത്ഭുതപ്പെട്ട പഞ്ചപാണ്ഡവരും കൃഷ്ണനെ സാഷ്ടാംഗം വണങ്ങി. ലജ്ജിതനായ ഭീമന്റെ കൈപിടിച്ച് ഭഗവാന് ഗരുഡന്റെ പുറത്തേറി ഭീമനോടൊപ്പം യാത്രയായി. യാത്ര പൂര്‍ത്തിയാക്കി വീണ്ടും ഇവര്‍ ബര്‍ബരീക സമക്ഷമെത്തി. ഗുപ്ത ക്ഷേത്രം ഒരിക്കലും ഉപേക്ഷിക്കാതെ ദേഹീസ്ഥലി(ദില്ലി)യില്‍ വസിക്കുന്നവനായി ഇരിക്കാന്‍ ഭഗവാന് ബര്‍ബരീകനെ ആശിര്‍വദിച്ചു.
ബര്‍ബരീകനെ ഭഗവാന് ശിരഛേദം ചെയ്യാന്‍ മുഖ്യകാരണം ബര്ബരീകന് അമ്മക്കു കൊടുത്ത വാക്കാണ്. വിദ്യകളെല്ലാം അഭ്യസിച്ച മകനോട് നീ എന്താണ് ഭൂമിയില്‍ ചെയ്യുകയെന്ന ചോദ്യത്തിന്, ”അമ്മേ ഞാന്‍ എപ്പോഴും ബലഹീനരോടൊപ്പമേ ചേരൂ എന്നായിരുന്നു” മറുപടി. ഇവിടെ ആദ്യം ബലഹിനരായ പാണ്ഡവ പക്ഷത്തിനൊപ്പമാണ് ബര്‍ബരീകനെങ്കിലും കൗരവപക്ഷത്തു മഹാരഥികള്‍ കൊല്ലപ്പെട്ട് അവര്‍ ദുര്‍ബലരാവുന്നതോടെ പാണ്ഡവര്‍ കരുത്തരാകും. ഉടന്‍ ബര്ബരീകന് ദുര്‍ബലരായ കൗരവപക്ഷത്തേക്കു കൂറുമാറുകയും പാണ്ഡവര്‍ക്കു സര്‍വ്വനാശം വരുത്തുമെന്നും ഭഗവാന് ആദ്യമേ വ്യക്തമായിരുന്നു. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഭഗവാന് തന്റെ ഭക്തന് കൂടിയായ ബര്‍ബരീകനു മോക്ഷംകൊടുത്തത്.
ഈ കഥ മഫാഭരത ഗാത്രത്തില്‍ വ്യാസന് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ബര്‍ബരീക കഥയുടെ സാധുത സംബന്ധിച്ചു തര്‍ക്കങ്ങള്‍ വരാം. പക്ഷേ, സ്കന്ദ പുരാണത്തില്‍ ബര്‍ബരീക ജനനം മുതല്‍ മോക്ഷം വരെയുള്ള വിശദ വിവരണം ഉണ്ടെന്നതാണ് ഇവര്‍ക്കുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: