പ്രൊഫ.പി.ജി.ഹരിദാസ്
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഇന്ദിരാനഗറിലുള്ള 38-ാം നമ്പര്‍ വീട് ഒരാഘോഷത്തിരക്കിലാണ്. തപസ്യ കലാസാഹിത്യ വേദിയുടെ രക്ഷാധികാരിയായ പത്മശ്രീ പി.നാരായണക്കുറുപ്പും സഹധര്‍മ്മിണി വിജയലക്ഷ്മിയും താമസിക്കുന്ന ഈ ഭവനം ഇന്ന് കുറുപ്പ് സാറിന്റെ നവതി ആഘോഷത്തിന്റെ നിറവിലാണ്. ബന്ധുമിത്രാദികളും തപസ്യപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന നവതി സമാദരണ സമ്മേളനം ഇന്ന് തിരുവനന്തപുരം സംസ്കൃതി ഭവനില്‍ നടക്കുകയാണ് .
ഹരിപ്പാട്ടുകാരനായ പി. നാരായണക്കുറുപ്പ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് സര്‍വീസ്, ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക്കേഷന്‍ ഡിവിഷന് തുടങ്ങി വ്യത്യസ്ത വകുപ്പുകളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. എങ്കിലും അര്‍ത്ഥ പൂര്‍ണ്ണമായ സര്‍ഗാത്മക പ്രവര്‍ത്തനതിലൂടെ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച് ജീവിതം ധന്യമാക്കിയ വ്യക്തി എന്ന നിലയ്ക്കാണ് സഹൃദയലോകം അദ്ദേഹത്തെ ഇന്ന് ആദരിക്കുന്നത്.
പാശ്ചാത്യ പൗരസ്ത്യ സാഹിത്യ ദര്‍ശനങ്ങളിലും കലാദര്‍ശനങ്ങളിലും ആര്‍ജിച്ച ആധികാരിക ജ്ഞാനം അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വിമര്‍ശന ഗ്രന്ഥങ്ങളും പരിഭാഷകളും അസാധാരണമായ ഒരു ഉള്‍ക്കാഴ്ച തുറന്നുകാട്ടുന്നവയാണ് എന്നത് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്. ഭാരതീയ സാഹിത്യ ദര്‍ശനങ്ങളിലും ഭാഷാ ശാസ്ത്രത്തിലും നിഷ്ണാതനായ അദ്ദേഹത്തിന്റെ പാണ്ഡിത്യം രുചിക്കുവാനുള്ള അവസരം തപസ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ലഭിച്ചിട്ടുണ്ട്. തുറവൂര്‍ വിശ്വംഭരന് സാറിനെ പോലെയുള്ളവര്‍ അടങ്ങുന്ന സൗഹൃദ സദസ്സുകളില്‍ ഭാഷാ സിദ്ധാന്തങ്ങളും വൃത്ത വ്യാകരണങ്ങളും ഉള്‍പ്പെടുന്ന ഗൗരവ വിഷയങ്ങള്‍ വളരെ അനായാസമായി അവതരിപ്പിക്കുന്നതും ഏറെ ആസ്വദിച്ചു സംസാരിക്കുന്നതും കൗതുകം പകര്‍ന്ന അനുഭവങ്ങളാണ്.
തപസ്യയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത് 80 കളുടെ മദ്ധ്യത്തോടുകൂടിയാണ്. കലയും സാഹിത്യവും കൂടിക്കലര്‍ന്ന സൗന്ദര്യ സങ്കല്പങ്ങള് മനസ്സില്‍ പേറി നടന്ന നാരായണക്കുറുപ്പിന്റെ മനസ്സിലേക്ക് ദേശീയ ചിന്തയുടെ പ്രാ
ധാന്യം പകര്‍ന്നു നല്‍കിയത് സമര്‍പ്പണ ഭാവത്തോടെ സംഘടനയെ നയിച്ച ചില തപസ്യ പ്രവര്‍ത്തകര്‍ തന്നെയാണ് എന്നതാണ് സത്യം. സംഘടനയുടെ അധ്യക്ഷനായിരുന്ന മഹാകവി അക്കിത്തം ഒരു പക്ഷേ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം.’ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം ‘എന്ന് എഴുതിയ അക്കിത്തവുമൊത്തുള്ള പ്രവര്‍ത്തനം ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ നെറികേടുകളെ ധൈര്യമായി എതിര്‍ക്കുന്നതിനുള്ള കാരണവുമായി എന്ന് കരുതാം.’ലോക ജനതയെ മുഴുവന്‍ ത്രസിപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തെ വലിയ പരിഹാസത്തോടെ നിഷേധിച്ച വ്യക്തിയല്ലേ അക്കിത്തം ‘എന്ന സത്യം കുറുപ്പ് സാര്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
രംഗകലകളുടെയും സംഗീതത്തിന്റെയും മര്‍മ്മമറിഞ്ഞ വ്യക്തി എന്ന നിലയ്ക്ക് തപസ്യയുടെ പ്രവര്‍ത്തനം അദ്ദേഹം ഏറെ ആസ്വദിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. കേരളത്തിലെ കഥകളി പോലെയുള്ള ക്ലാസിക് കലകളുടെ വിവിധ ശൈലി വ്യതിയാനങ്ങളും താളവാദ്യങ്ങളുടെ പ്രയോഗ സംബന്ധമായ അറിവും, അഭിനയ കലയെ മനസിലാക്കാനുള്ള നൈപുണ്യം സിദ്ധിച്ച വ്യക്തി എന്ന ഖ്യാതിയും, നാട്യശാസ്ത്രത്തെ കുറിച്ചുള്ള ഉത്തമജ്ഞാനവും, കൂടിയാട്ടം, കൂത്ത്, ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കലാസങ്കേതങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണകളും ആണ് കുറുപ്പ് സാറിനെ ‘ദൃശ്യവേദി’ ‘സോപാനം ‘തുടങ്ങിയ സംഘടനകളുടെ ആര്‍ജവമുള്ള പ്രവര്‍ത്തകനാക്കിയത്
തപസ്യയുടെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള വ്യക്തി. സംസ്കാര്‍ ഭാരതിയുടെ പരിപാടികളില്‍ പങ്കെടുക്കാനും അദ്ദേഹം ഏറെ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുക എന്നത് ഏറെ സന്തോഷകരമായ അനുഭവമാണ്. യാത്രയിലുടനീളം അദ്ദേഹം പ്രകടിപ്പിക്കുന്ന പ്രസരിപ്പും നര്‍മ്മഭാഷണങ്ങളും ഭക്ഷണത്തോടുള്ള പ്രത്യേക താല്പര്യവും, കാണുന്നതെല്ലാം ആസ്വദിക്കുന്ന കുട്ടികളുടേതു പോലുള്ള ഭാവഹാവാദികളും ഏറെ കൗതുകം ഉണര്‍ത്തും.
വൈചാരിക മേഖലയുടെ എല്ലാ തലങ്ങളിലും, സംഗീത കലകളിലും ഏറെ നിഷ്ണാതന്‍ ആണെങ്കിലും കവിതകളിലൂടെയാണ് നാരായണക്കുറുപ്പ് സമൂഹവുമായി ഏറെ സംവദിച്ചത്. ഹാസ്യത്തിന്റെയും സ്വയം പരിഹാസത്തിന്റെയും ആത്മ വിമര്‍ശനത്തിന്റെയും രീതികളെ വികസിപ്പിച്ചെടുത്തുകൊണ്ടും, സനാതന ദാര്‍ശനിക സത്യങ്ങളെ അടിവരയിട്ടു കൊണ്ടും ,പ്രകൃതി സംരക്ഷണത്തിന്റെ സര്‍വ്വകാല പ്രാധാന്യം
വിളിച്ചറിയിച്ചുകൊണ്ടും, സമകാലിക ലോകത്തിന്റെ ഗതിഭ്രംശങ്ങളെ നിശിതമായി വിമര്‍ശിച്ചും, ഈ സംസ്കൃതിയുടെ അടിസ്ഥാനതത്വങ്ങള്‍ അവര്ത്തിച്ചുകൊണ്ടും നടത്തിയ സര്‍ഗാത്മക രചനകളിലൂടെ സഹൃദയ ലോകത്തെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്ത മഹാകവിയാണ് പി.നാരായണക്കുറുപ്പ്. അദ്ദേഹത്തിന്റെ കാവ്യ രചനയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് വൈലോപ്പിള്ളി ശ്രീധരമേനോന് ‘അഗാധമായ അന്തര്‍ദര്‍ശനവും വിപുലമായ വിശ്വദര്‍ശനവും ഉള്ളയാളാണ്’എന്ന് കുറുപ്പ് സാറിനെ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ കാവ്യ രചനയുടെ പുരോഗതി മുന്‍ കൂട്ടി ഗ്രഹിച്ചു കൊണ്ട് നടത്തിയ ഈ പ്രവചനം ഇന്ന് ഒരു വലിയ പരമാര്‍ത്ഥമായി നമ്മെ ചൂഴ്ന്നു നില്ക്കുന്നു.
ലാളിത്യത്തിന്റെ അത്യുന്നതമായ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം നമ്മോട് സംവദിക്കുന്നത്. സ്തുതിവചനങ്ങള്‍ക്കും പ്രശംസകള്‍ക്കും ചെവി കൊടുക്കാതെ, വെറ്റില മുറുക്കിയത് വായുടെ ഒരു ഭാഗത്ത് ഒതുക്കി ചുണ്ടിന്റെ കോണില്‍ ഒരു പരിഹാസച്ചിരി മറുപടി നല്കി നില്ക്കുന്ന കവിയുടെ ഭാവം വളരെ സന്തോഷം പകരുന്നതാണ്. ആ ചുണ്ടില്‍ വിരിയുന്ന പരിഹാസവും കണ്ണില്‍ വിടരുന്ന നിഷ്കളങ്കമായ പ്രകാശവും തന്നെയാണ് നാരായണക്കുറുപ്പ് എന്ന കവിയുടെ വ്യക്തിത്വത്തിന്റെ കാതല്‍. ‘അരിപ്പാട്ടെ കുറുപ്പച്ചന് ‘എന്ന കവിത അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം വിളിച്ചു പറയുന്നതായി തോന്നും. സമ്പത്ത് അധികരിച്ചപ്പോള്‍ മനസ്സിന്റെ സൗന്ദര്യബോധവും താളവും നഷ്ടപ്പെട്ട വ്യക്തിയെ അവതരിപ്പിക്കുകയാണ് കവി. സമ്പത്ത് മുഴുവന്‍ നഷ്ടമായപ്പോള്‍ താന്‍ അഹങ്കാരത്തോടെ കിണറ്റില്‍ വലിച്ചെറിഞ്ഞ കിണതിന്ത കോല് എടുത്ത് തേച്ചു മിനുക്കി ജീവിതത്തിന് വീണ്ടും താളമേറ്റുന്ന മേളക്കാരനായ ഒരു കുറുപ്പിനെ ആണ് ഇവിടെ അവതരിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ സന്മനോഭാവത്തിന്റെയും ക്രമബദ്ധമായ ജീവിത താളത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഒരു ദര്‍ശനം അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഏറെ ചിന്തിപ്പിക്കുന്ന സ്വഭാവ വൈചിത്ര്യവും മഹിതമായ ജീവിതശൈലിയും നമുക്ക് കാട്ടിത്തരുന്ന മഹാകവി പി.നാരായണക്കുറുപ്പിന്റെ നവതി ആഘോഷത്തില്‍ നാം മറന്നു പോകാതിരിക്കേണ്ടത് അദ്ദേഹം പകര്‍ന്നുതന്ന ജീവിത സാരള്യത്തിന്റെയും സനാതന സത്യധര്‍മ്മങ്ങളുടെയും അനശ്വര പാഠങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: