കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ്
ചാനലും കമന്റും പരിശോധിച്ചു വരുന്നതായി പൊലീസ്. കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കും.
അല്ലെങ്കില്‍ എഫ്ഐആറില്‍ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതെന്ന് മെഡിക്കല്‍ കോളേജ് എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.
ലോറി ഉടമ മനാഫ്, സാമൂഹ്യ മാധ്യമത്തില്‍ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്ത് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. വര്‍ഗീയമായ കമന്റുകളും ഉണ്ടെന്ന് പരാതിയുണ്ട്.
അതേസമയം, മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അര്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു. സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മനാഫ് പറഞ്ഞു. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്ക്കും. ജനങ്ങളുടെ വികാരം താന്‍ വിചാരിച്ചാല്‍ നിയന്ത്രിക്കാനാകില്ല.അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അര്‍ജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം കിട്ടുമെന്ന് വിചാരിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ തുടരുകയാണ്.
അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ ചേവായൂര്‍ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: