ഷാര്‍ജ: ബംഗ്ലാദേശും സ്കോട്ട്ലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ബി പോരാട്ടത്തോടെ നാളെ ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഭാരത സമയം 3.30നാണ് പോരാട്ടം. വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാന് ശ്രീലങ്കയെ നേരിടും. വെള്ളിയാഴ്ച്ചയാണ് ഭാരതത്തിന്റെ ആദ്യ അങ്കം.
ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടിലും ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഘട്ടങ്ങളില്‍ മിക്ക ദിവസവും രണ്ട് മത്സരങ്ങളുണ്ടാകും. 18 ദിവസം കൊണ്ട് പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരക്രമം. രണ്ട് ഗ്രൂപ്പുകളിലായി അഞ്ച് വീതം ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും പരസ്പരം റൗണ്ട് റോബിന് സംവിധാനത്തില്‍ ഏറ്റുമുട്ടി മുന്നിലെത്തുന്ന രണ്ട് പേര്‍ക്കേ സെമി പ്രവേശം ലഭിക്കൂ. 20ന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ഗ്രൂപ്പ് എയിലുള്ള ഭാരതത്തിന്റെ ആദ്യ മത്സരം. ഞായറാഴ്ചയാണ് പാകിസ്ഥാനുമായുള്ള പോരാട്ടം. ഒമ്പതിന് ശ്രീലങ്കയ്ക്കെതിരെയാണ് ഭാരതത്തിന്റെ മൂന്നാം മത്സരം. 13ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടം.
വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. 15ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. 17നും 18നും സെമി മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: