”രാമന് വാണാലും രാവണന് വാണാലും’ എന്നൊരു കവിതയുണ്ട്, ഡോ.അയ്യപ്പപ്പണിക്കരുടേതായി. ഒമ്പത്- പത്ത് നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘തോല’കവിക്കും 19-ാം നൂറ്റാണ്ടിലുണ്ടായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ക്കും ശേഷം മലയാളത്തില്‍ ഇത്ര മൂര്‍ച്ചയോടെ, ആക്ഷേപ ഹാസ്യം തത്ത്വദര്‍ശനങ്ങളുടെ പിന്‍ബലത്തോടെ, ഭാഷയുടെ മിഴിവോടെ, കവിത രചിച്ചിട്ടുള്ളയാള്‍ കവി അയ്യപ്പപ്പണിക്കരെപ്പോലെ വേറേയില്ല. സഞ്ജയനെ (എം.ആര്. നായര്‍) മറന്നല്ല ഇത് പറയുന്നത്. പണിക്കര്‍ ഇനിയും ഏറെ പഠിക്കപ്പെടേണ്ട കവിയാണ്. ‘ഓണം പി
റന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി’ എന്ന പഴമൊഴിയെ ഓര്‍മിപ്പിക്കുന്നതാണ് ‘രാമന് വാണാലും…’ കവിതയിലെ ഓരോ വരിയും വാക്കും ഇന്ന് ഈ നേരവും പ്രസക്തമാണ്. തലക്കെട്ട് ‘അന്‍വര്‍ വാണാലും പിണറായി വാണാലും’ എന്നാക്കിയാലും തെറ്റില്ല; ഒരുപക്ഷേ കൂടുതല്‍ പ്രസക്തമാകും. ആ കവിതയെക്കുറിച്ച് വിശദീകരിച്ചാല്‍ കവിത മുഴുവന്‍ ചേര്‍ക്കേണ്ടിവരും!!
‘വാണാലും’ എന്ന വാക്കിന് വാഴുകയാണെങ്കില്‍, ഭരിക്കുകയാണെങ്കില്‍, ജീവിക്കുകയാണെങ്കില്‍ എന്നെല്ലാം അര്‍ത്ഥം പറയാം. അതിന് എതിര്‍വാക്ക് ‘വീണാല്‍’ എന്നാണ്. എന്നാല്‍ ‘വാണാല്’ന് അതിനപ്പുറം മദ്ധ്യകേരളത്തില്‍, പലയിടത്തും കുട്ടനാട്ടില്‍ പ്രത്യേകിച്ചും കാവാലത്ത് വിശേഷിച്ചും പ്രയോഗ പ്രചാരമേറെയുണ്ട്. കവി അയ്യപ്പപ്പണിക്കര്‍ കാവാലത്തുകാരന്‍ ആയിരുന്നല്ലോ! ‘അതിനിസ്സാരന്,’ ‘അവലക്ഷണക്കാരന്,’ ‘ആരോഗ്യഹീനന്,’ ‘അശുഭന്‍’ എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണ് ‘വാണാല്’ എന്നു പ്രയോഗിക്കുന്നത്. അവന് ഒരു ‘അശു’വാണ് എന്ന് ചിലെടങ്ങളില്‍ പറയുന്നതുപോലെ. ‘വാണാല്’ പ്രയോഗത്തിലൂടെ രാമനേയും രാവണനേയും ഭരണപക്ഷവും പ്രതിപക്ഷവും ആക്കുന്ന കവിതാ വൈഭവമാണ് അയ്യപ്പപ്പണിക്കര്‍ പ്രകടിപ്പിച്ചത്. ‘രാമന് വാണാലും രാവണന് വാണാലും സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം..’ എന്നാണ് കവിത തുടങ്ങുന്നത്. വിഷയം ആ കവിതയല്ല, കവിയുമല്ല.
പി.വി. അന്‍വര്‍ എന്ന ഭരണകക്ഷി എംഎല്‍എ, കുറച്ചുനാളായി വിളിച്ചുകൂവുന്ന ചില കാര്യങ്ങളുണ്ട്, അതേക്കുറിച്ചാണ്. അന്‍വറിനെ സിപിഎം രാഷ്ട്രീയമായി ‘മൊഴിചൊല്ലി’; മുത്തലാഖ് പോലെയായിരുന്നു, അത് നിയമ- ചട്ട വിരുദ്ധമാണ്. അന്‍വര്‍ പറഞ്ഞതും ജനങ്ങള്‍ അറിഞ്ഞതും, അതിലെ പൊരുളെത്രമാത്രമെന്നതുമാണ് അടിസ്ഥാന വിഷയം. ‘സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൗഹൃദത്തിന്റെ കലക്കല്‍ മാത്രം’ എന്നൊക്കെ കവിതപാടിയിട്ടു കാര്യമില്ല. തോളോടുതോള്‍ ചേര്‍ന്ന്, മെയ്യോടുമെയ് ചേര്‍ന്നുനിന്ന് ഒരുകാലത്ത് കാട്ടിക്കൂട്ടിയതൊക്കെ, തമ്മില്‍ പിണങ്ങിയപ്പോള്‍ ഇരുപക്ഷത്തുനിന്ന് വിളിച്ചുപറയുകയാണിപ്പോള്‍. അയല്പക്കക്കാരായ സ്ത്രീകള്‍ തമ്മില്‍ പിണങ്ങുമ്പോള്‍ പരസ്പരം പൊതുനിരത്തില്‍ വിഴുപ്പലക്കുന്നതിന്റെ സ്വഭാവവും അതിന് വന്നിരിക്കുന്നു. പി.വി. അന്‍വര്‍ സര്‍ക്കാരിനെക്കുറിച്ച്, സിപിഎമ്മിനെക്കുറിച്ച്, പിണറായി വിജയനെക്കുറിച്ച്, പി. ശശിയെയും മുഹമ്മദ് റിയാസിനെയും കുറിച്ച് പറയുന്നത്, ‘ഞാന്‍ അന്‍വറിനെക്കുറിച്ച് പറയും’ എന്ന് മുഖ്യമന്ത്രി പറയുന്നതിനെക്കുറിച്ച്, അതിലെ സത്യവും അസത്യവും അറിയാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്; ഫാസിസവും താലിബനിസവും പാര്ട്ടിസവുമാണ് ഭരണ നടത്തിപ്പ് അനുസ്മരിപ്പിക്കുന്നതെങ്കിലും ജനാധിപത്യത്തിന്റെ പേരുപറഞ്ഞ്, ആ സംവിധാനം പിന്തുടരുന്നുവെന്ന് പറഞ്ഞാണല്ലോ ഇതെല്ലാം.
അന്‍വര്‍ പറഞ്ഞു, അന്‍വറിനെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് മുതല്‍ വാര്‍ഡുതലം വരെയുള്ള സഖാക്കള്‍ തള്ളിപ്പറഞ്ഞു. ചിലര്‍ വെട്ടിത്തുണ്ടമാക്കി കുഴിച്ചുമൂടുമെന്ന് മുദ്രാവാക്യം മുഴക്കി. പാര്‍ട്ടി ബന്ധം മുറിച്ചെറിഞ്ഞെന്ന് സിപി
എം സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു; അന്‍വര്‍ ‘ഒറ്റുകാര’നെന്ന് പ്രഖ്യാപിച്ചു. ‘കുലംകുത്തി’യെന്നായിരുന്നു വടകരയില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരാളിയായി വളര്‍ന്ന ടി.പി. ചന്ദ്രശേഖരനെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് വിശേഷിപ്പിച്ചത്. ‘എതിരാളികളെ കൊന്ന് ഉപ്പിട്ടുകുഴിയില് മൂടണ’മെന്ന് പാര്‍ട്ടിയംഗങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് കൊടുത്ത ചരിത്രം, ആ സ്റ്റഡി ക്ലാസില്‍ പങ്കെടുത്ത ഒരു സഖാവ് പാര്‍ട്ടിവിട്ടപ്പോള്‍ പറഞ്ഞത് ഓര്‍മ്മയില്ലേ. മുഖ്യമന്ത്രി പിണറായി വിജയന് ചതിയനാണെന്നും ഒപ്പമുള്ള രാഷ്ട്രീയകാര്യ സെക്രട്ടറി പി. ശശി കാട്ടുകള്ളനാണെന്നും വിളിച്ചു പറഞ്ഞത് അന്‍വര്‍ എംഎല്‍എയാണ്. മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിനു വേണ്ടി പാര്‍ട്ടിയും ഭരണവും പിണറായി വിജയന് ദുര്വിനിയോഗിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാം തുറന്നുപറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും എന്നുപറഞ്ഞ് അന്‍വര്‍ നാവു താഴ്ത്തും മുമ്പാണ് അണികള്‍ കൂട്ടമായി അന്‍വറിനെതിരെ നിലമ്പൂരില്‍ തെരുവിലിറങ്ങിയത്. അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റ്; അത്രയ്ക്ക് ‘കമ്മി’യാണ് (കുറവാണ്) അണികളുടെ സ്വയംചിന്താശേഷി!
പി.വി. അന്‍വര്‍ വ്യക്തികളെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചും സര്‍ക്കാരിന്റെ ഭാഗമായവരെക്കുറിച്ചും പറഞ്ഞതൊക്കെ അവിടെ നില്ക്കട്ടെ. അന്‍വറിന്റെ വീരവാദങ്ങളും നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ‘സെക്യുലര്‍ ഡെമോക്രാറ്റിക് കം കമ്യൂണിസ്റ്റായ’ അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ‘മതവിശ്വാസവും നിസ്കാരക്കണക്കും പിന്തുണയും മതരാഷ്ട്രീയവും’ അവിടെ നില്ക്കട്ടെ. അന്‍വര്‍ ഉയര്‍ത്തിയ, നാട്ടിലെ മാത്രമല്ല, രാജ്യത്തെതന്നെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന ചില വിഷയങ്ങളുണ്ട്. അതേക്കുറിച്ച് ഒറ്റവാക്കിലോ വാക്യത്തിലോ ”ഞാന്‍ വഴിതെറ്റിനടന്നിട്ടില്ല” എന്നുമാത്രം പറഞ്ഞ് ഒഴിയാനോ അന്‍വര്‍ ഉയര്‍ത്തിയ പൊതുവിഷയങ്ങളില്‍ വിശദീകരണം നല്കാതിരിക്കാനോ മുഖ്യമന്ത്രിക്ക് ആകില്ല. അത് നൈതികതയുമല്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളുണ്ട്:
പി.വി. അന്‍വര്‍ പറഞ്ഞതുപോലെ: 1. സംസ്ഥാനത്തെ മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ഔദ്യോഗിക നപടികളില്ലാതെ ചോര്‍ത്തിയിട്ടുണ്ടോ?
2. സ്വര്‍ണ്ണക്കള്ളക്കടത്ത് സംസ്ഥാനത്ത് പെരുകുകയും അതില്‍ സംസ്ഥാന പോലീസിലെ ഉന്നതര്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ടോ?
3. അങ്ങനെയുള്ള കള്ളക്കടത്തിടപാടുകളിലെ കണ്ണികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സംരക്ഷണം നല്കുന്നുണ്ടോ?
4. സംസ്ഥാനത്ത് ഹവാലാ ഇടപാടുകള്‍ വ്യാപകമാണോ, അതില്‍ പോ
ലീസിന് പങ്കുണ്ടോ?
5. പോലീസ് എഡിജിപിക്ക് ഈ ക്രിമിനല്‍ ഇടപാടുകളില്‍ കൈയുണ്ടോ? എഡിജിപി ഫഌറ്റും മറ്റും കോഴയായി കൈപ്പറ്റിയിട്ടുണ്ടോ?
6. ഏറെ വിവാദമായ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പ്രതിയായ ലൈഫ് ഭവന പദ്ധതിയുടെ പേരിലെ അഴിമതിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുണ്ടോ?
7. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് ഒത്തുതീര്‍പ്പുണ്ടാക്കിയോ?
8. മുഖ്യമന്ത്രി പിണറായി വിജയന്
ചുമതല വഹിക്കുന്ന എല്ലാ വകുപ്പുകളും നോക്കി നടത്താന്‍ പറ്റുന്നില്ലേ?
9. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ബാധ്യതയാണോ?
10. മുഖ്യമന്ത്രി വെറും പാവയാണോ, സര്‍ക്കാരില്‍- ഭരണത്തില്‍ നടക്കുന്നതൊന്നും അറിയുന്നില്ലേ?
ഇതൊക്കെ പി.വി. അന്‍വര്‍ എന്ന, പാര്‍ട്ടിയുടെ എംഎല്‍എ, മുഖ്യമന്ത്രിയുടെ വലംകൈ ഉയര്‍ത്തിയ ആരോപണങ്ങളാണ്. ഇതൊന്നും വ്യക്തിക്കെതിരേയല്ല, സര്‍ക്കാരിനെ, സംസ്ഥാനത്തെ രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയങ്ങളാണ്. വാസ്തവം കൃത്യമായി ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്.
ഒന്നുകില്‍ ഈ ആക്ഷേപങ്ങള്‍, സംസ്ഥാന ജനതയെ ആശങ്കയിലും ഉത്കണ്ഠയിലുമാക്കുന്ന ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ യുക്തിഭദ്രമായ നിലപാട് പറയണം. വ്യാജം പ്രചരിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്ത എംഎല്‍എയ്ക്ക് എതിരേ കേസെടുക്കണം. മുമ്പ്, അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നപേരില്‍ മുന്‍ എംഎല്‍എ: പി.സി. ജോര്‍ജിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതുപോലെ അറസ്റ്റ് ചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ പറയാന്‍ എംഎല്‍എയ്ക്ക് എന്ത് നിയമസംരക്ഷണമാണ് ഉള്ളതെന്ന് പറയണം. അതല്ലെങ്കില്‍ നാളെ ഏതുപൗരനും ഇങ്ങനെയൊക്കെ വിളിച്ചുപറയാമെന്ന സ്ഥിതിയാകും.
പി.വി. അന്‍വറിന്റെ ട്രാക് റിക്കാര്‍ഡ് ഇത്തരം കാര്യത്തില്‍ അത്ര ശുദ്ധമല്ല. അന്‍വറിന്റെ ചട്ടലംഘനങ്ങള്‍ക്ക്- റവന്യൂഭൂമി കൈയേറ്റം, അനധികൃത നിര്മ്മാണവൃത്തി, പരിസ്ഥിതി നിയമലംഘനം തുടങ്ങിയ വിഷയങ്ങളില്‍ ഹൈക്കോടതിയില്‍ കേസും കോടതിയുടെ കര്‍ശന വിമര്‍ശനവും എതിര് ഉത്തരവുകളും ഉണ്ടായിട്ടുണ്ട്. അന്‍വര്‍ പരസ്യമായി, സര്‍ക്കാരിനും തനിക്കുമെതിരേ നടത്തിയ വിമര്‍ശങ്ങള്‍ക്ക് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ‘നെഞ്ചത്ത് കയറി’യിട്ടുണ്ട്. അന്ന് അന്‍വറിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് സംരക്ഷണവും പിന്തുണയും നല്കാന് സര്‍ക്കാരും സിപിഎം നേതാക്കളും അണികളുമുണ്ടായിരുന്നു.
ഇന്നിപ്പോള്‍ കാര്യങ്ങള്‍ മാറി. ‘അടയ്ക്കയാണെങ്കില്‍ മടിയില്‍ വെയ്ക്കാം, അടയ്ക്കാമരമാണെങ്കില് സാധിക്കില്ല,’ എന്ന് പറയുന്നതുപോലെയാണ്. കീടങ്ങളെ നശിപ്പിക്കാന്‍ ജൈവക്കൃഷി നടത്തിയവര്‍ ‘മിത്രകീടങ്ങളെ വളര്‍ത്തി, ഒടുവില്‍ മിത്രകീടം വളര്‍ത്തിയവരെ വിഴുങ്ങാന്‍ വന്നു’വെന്ന കഥപോലെയാണ് അന്‍വറിന്റെ കാര്യത്തില്‍ സിപിഎമ്മും പിണറായി സര്‍ക്കാരും. അത് അവര്‍ തമ്മിലുള്ള വിഷയമെന്നൊക്കെ വേണമെങ്കില്‍ പറഞ്ഞുനില്‍ക്കാം. പക്ഷേ, അന്‍വര്‍ ഉയര്‍ത്തിയ പ്രധാനപ്പെട്ട 10 വിഷയങ്ങള്‍ ജനങ്ങളെ, രാജ്യത്തെ ബാധിക്കുന്നതാണ്. ഈ വിഷയങ്ങള്‍ കാലങ്ങളായി ഇവിടത്തെ ദേശീയ ചിന്തയും രാജ്യസ്നേഹവുമുള്ള വിവിധ സംഘടനകളും വ്യക്തികളും ആവര്‍ത്തിച്ച് ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. അവയില്‍ വാസ്തവം ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിന് അന്‍വര്‍ വാണാലും പിണറായി വാണാലും ജനങ്ങള്‍ക്ക് ഉത്തരം കിട്ടിയേ പറ്റൂ. അന്‍വര്‍- പിണറായി യുദ്ധത്തില്‍ ആര് വീണാലും അതിന്റെ ഒച്ചപ്പാടില്‍ മുങ്ങിപ്പോകേണ്ടതല്ല ഈ ഗൗരവ ആരോപണങ്ങള്‍. അതിന്റെ ഉള്ളറിയാന്‍ വേണ്ടത് സിറ്റിങ് ഹൈക്കോടതി ജഡ്ജിനെക്കൊണ്ട് നിശ്ചിത സമയത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുന്ന അന്വേഷണമാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കപ്പെടേണ്ടവര്തന്നെ അന്വേഷണ സമിതിയിലില്ലാത്ത, സംസ്ഥാനത്തെ വിശ്വാസയോഗ്യമായ സംവിധാനം അതുമാത്രമായിരിക്കും.
പിന്കുറിപ്പ്: കൂത്തുപറമ്പ് വെടിവെയ്പിലെ ‘ജീവിച്ചിരുന്ന സിപിഎം രക്തസാക്ഷി’ പുഷ്പന് അന്തരിച്ചു. പി.വി. അന്‍വര്‍ പറഞ്ഞതൊക്കെ പാവം പുഷ്പനും കേട്ടിട്ടുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: