സാന്റ ക്രൂസ്: ഓള് റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ചു. 40 കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2021ല്‍ വിരമിച്ചിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ് കഴിയുന്നതോടെ ക്രിക്കറ്റിനോട് പൂര്‍ണമായും വിരമിക്കുമെന്നാണ് ബ്രാവോ ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഡ്വെയിന്‍ ബ്രാവോ. വിവിധ അന്താരാഷ്ട്ര ക്രിക്കറ്റും ഐപിഎല്‍ അടക്കമുള്ള ലീഗുകളില്‍ നിന്നെല്ലാമായി 631 വിക്കറ്റ് നേടിയിട്ടുണ്ട്. 582 മത്സരങ്ങളില്‍ നിന്ന് 8.26 ഇക്കണോമി റേറ്റിങ്ങില്‍ റണ്‍സ് വഴങ്ങിക്കൊണ്ടാണ് ബ്രാവോ ഇത്രയും വിക്കറ്റുകള്‍ നേടിയിരിക്കുന്നത്. 600 ട്വന്റി20 വിക്കറ്റുകള്‍ നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റര്‍ കൂടിയാണ്.
40 കാരനായ തന്റെ ശാരിരിക ക്ഷമത ഇനിയും കരിയറില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്ന് ഇസ്റ്റഗ്രാമില്‍ ബ്രാവോ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ബ്രാവോ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറാണ്. 183 വിക്കറ്റാണ് ഐപിഎലിലെ നേട്ടം. വിന്‍ഡീസിനായി 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുന്നതോടെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായി സ്ഥാനമേല്‍ക്കും. ഇക്കാര്യത്തില്‍ ക്ലബ്ബ് അധികൃതരുമായി ധാരണയിലെത്തിയ വിവരം നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് സിഇഒ വെങ്കി മൈസൂര്‍ സ്ഥിരീകരിച്ചു. ഭാരത ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടതോടെ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: