ന്യൂദൽഹി: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൗതം ബറുവ എന്ന ഗിരീഷ് ബറുവയെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് നിന്നാണ് എൻഐഎ പിടികൂടിയത്.
ഇന്ത്യയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനെതിരായ സായുധ പ്രതിഷേധത്തിന്റെ ഭാഗമായി ഭീകര സംഘടനയായ ഉൾഫ (ഐ) അസമിലുടനീളം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സെപ്തംബറിൽ എൻഐഎ കേസെടുത്തിരുന്നു. ഉൾഫയുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അസമിലെ നോർത്ത് ലഖിംപൂർ ജില്ലയിലെ സ്ഥലങ്ങളിൽ ഐഇഡികൾ സ്ഥാപിച്ച ഉൾഫ (ഐ) സംഘത്തിന്റെ ഭാഗമാണ് പ്രതിയെന്ന് എൻഐഎ പറഞ്ഞു.
പ്രതിയെ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. കേസിൽ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: