കോഴിക്കോട്: അറുപത് വര്‍ഷത്തെ എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങളിലുടെ കേരളത്തെ തൊഴിലില്ലായ്മയില്‍ നമ്പര്‍ വണ്ണാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴില്‍ ഡാറ്റയില്‍ 30 ശതമാനം തൊഴിലില്ലായ്മയുമായി രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ആറു പതിറ്റാണ്ടായി കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നു. കേരളത്തിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല. ഏറ്റവും പുതിയ സര്‍വേയിലൂടെ വ്യക്തമാകുന്നത് കേരളത്തിലെ യുവാക്കളുടെ ദയനീയ അവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47 ശതമാനവും പുരുഷന്മാരുടേത് 19ശതമാനവുമാണ്. മൊത്തം തൊഴിലില്ലായ്മ 2.6 ശതമാനം മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. ഗുജറാത്തില്‍ ഇത് 3.1ശതമാനം മാത്രമാണ്. ഇതാണ് ബിജെപിയുടെ സദ്ഭരണവും ‘ഇന്‍ഡി അലയന്‍സ് മോഡലും’ തമ്മിലുള്ള വ്യത്യാസം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീര്‍ണമായ നടപടിക്രമങ്ങള്‍, സൗഹൃദപരമല്ലാത്ത സര്‍ക്കാര്‍ സമീപനം, അഴിമതി, എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മര്‍ദം എന്നിവ കാരണം കേരളത്തിലെ നിക്ഷേപങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ വര്‍ഗീയതയും മുസ്ലിം പ്രീണനവും ഉയര്‍ത്തിയാണ് സിപിഎം തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഇതേ സമീപനം തന്നെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനുമുള്ളത്. കേരളത്തിലെ യുവാക്കള്‍ ഈ ഭരണ സംവിധാനത്തില്‍ തികഞ്ഞ നിരാശയിലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരാന്‍ പ്രധാന കാരണമായത് യുവാക്കളുടെ പിന്തുണയാണ്. സംസ്ഥാന ഭരണത്തിനോടുള്ള അവരുടെ പ്രതിഷേധവും മോദി സര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തിലുള്ള അവരുടെ വിശ്വാസവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
കേരളത്തിലെ ഞെട്ടിക്കുന്ന 47.1 ശതമാനം സ്ത്രീ തൊഴിലില്ലായ്മ നിരക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നതാണ്. സംസ്ഥാനത്ത് തൊഴില്‍ ഇടങ്ങളില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്. ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ടതും സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന വിവരങ്ങള്‍ പുറത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്, സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: