കാന്‍പുര്‍: ലോക ക്രിക്കറ്റിലെ മികച്ച ഓള്റൗണ്ടര്മാരിലൊരാളും ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഷാക്കിബ് അല്‍ ഹസന് ട്വന്റി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.
അടുത്ത മാസം നാട്ടിലെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളിച്ചുകൊണ്ട് വെള്ളക്കുപ്പായവും ഉപേക്ഷിക്കാനാണ് തീരുമാനം. ഇതോടെ ക്രിക്കറ്റില്‍ നിന്നും സമ്പൂര്‍ണമായി വിരമിക്കുമെന്നാണ് ഇന്നലെ കാണ്‍പൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ താരം പറഞ്ഞത്. പക്ഷെ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഷാക്കിബിന് വിടപറയല്‍ മത്സരം കളിക്കാനാകുമോയെന്ന കാര്യം സംശയമാണ്.
അടുത്തിടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് അംഗമാണ് ഷാക്കിബ് അല്ഹസന്. ഭരണ കക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയിലൂടെയാണ് ഷാക്കിബ് പാര്‍ലമെന്റിലെത്തിയത്. ബംഗ്ലാദേശിനെ നിലവിലെ കലുഷിതമായ സാഹചര്യത്തില്‍ അവിടെയെത്തി ഷാക്കിബിന് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഇന്ന് ആരംഭിക്കുന്ന ഭാരതത്തിനെതിരായ രണ്ടാം ടെസ്റ്റ് ഒരുപക്ഷേ ഷാക്കിബിന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായേക്കും.
മിര്‍പുറില്‍ നടക്കുന്ന ടെസ്റ്റോടെ കരിയര്‍ പൂര്‍ണമായും വിടപറയാമെന്നാണ് വിചാരിക്കുന്നത്. ഇത്രയും കാലം കഴിഞ്ഞു. ഇനി ഭാവിയെ മുന്നില്‍ കണ്ട് വരും തലമുറയ്ക്ക് വഴി മാറിക്കൊടുക്കാന്‍ സമയമായെന്ന് ഷാക്കിബ് അല്‍ ഹസന് പറഞ്ഞു. ബംഗ്ലാദേശിനായി 70 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഷാക്കിബ് അല്ഹസന് 247 ഏകദിനങ്ങളും 129 ട്വന്റി20കളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: