ചെന്നൈ: പ്രശസ്ത പിന്നണി ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിന് അദ്ദേഹത്തിന്റെ പേര് നല്കി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ചെന്നൈ നൂന്‍കംപാക്കം കാദര്‍ മെയിന്‍ റോഡിന്റെ പേര് ഇനി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യം റോഡ് എന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രരംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് പ്രസ്താവനയില്‍ പറയുന്നു
നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ചലച്ചിത്ര ഗാന രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പത്മശ്രീയും പത്മഭൂഷണും നല്കി ആദരിച്ചു. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്കാരങ്ങള്‍, ഏറ്റവുമധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത പിന്നണി ഗായകന് എന്ന ഇനിയും തകര്‍ന്നു വീഴാത്ത ഗിന്നസ് റെക്കോര്‍ഡ്. എസ്പിബിയുടെ നേട്ടങ്ങള്‍ എളുപ്പത്തില്‍ എണ്ണിതീര്‍ക്കാവുന്നതല്ല.
2020 സെപ്റ്റംബര്‍ 25 നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി നമ്മെ വിട്ടു പിരിഞ്ഞത്. എസ്പിബി എന്ന മൂന്നക്ഷരത്തെ സംഗീതം ലോകവും സംഗീതാസ്വാദകരും ഒരിക്കലും മറക്കില്ല, ആ ശബ്ദത്തില്‍ പിറന്ന ഗാനങ്ങള്‍ക്ക് കാലമെത്ര കഴിഞ്ഞാലും ആസ്വാദകരുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: