ന്യൂഡൽഹി ; പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പെട്രോൾ, ഡീസൽ ഉൽപന്നങ്ങളേക്കാൾ പരിസ്ഥിതിക്ക് ദോഷം വരുത്താത്ത മറ്റ് ബദൽ ഇന്ധനങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഈ ബദൽ ഇന്ധനങ്ങളിൽ ഒന്നാണ് എഥനോൾ. നിലവിൽ കരിമ്പ്, ചോളം എന്നിവയിൽ നിന്നാണ് എഥനോൾ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. കൂടാതെ, അന്നജം, മരച്ചീനി, പച്ചക്കറികൾ എന്നിവയിൽ നിന്ന് എത്തനോൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഗവേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് . ഇപ്പോഴിതാ സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിആർഐ) ഉരുളക്കിഴങ്ങിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ പൈലറ്റ് യൂണിറ്റ് ഉടൻ സ്ഥാപിക്കാനാണ് തീരുമാനം..
ഷിംല ആസ്ഥാനമായുള്ള സിപിആർഐ, ഉരുളക്കിഴങ്ങിന്റെ അവശിഷ്ടങ്ങൾ എങ്ങനെ എഥനോൾ ഇന്ധനമാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ ലാബിൽ വിജയകരമായി നടത്തിയിട്ടുണ്ട് . ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉത്തർപ്രദേശിലോ പശ്ചിമ ബംഗാളിലോ പൈലറ്റ് യൂണിറ്റ് സ്ഥാപിക്കുക.
ചൈനയേക്കാൾ കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയിൽ പ്രതിവർഷം ശരാശരി 5.6 കോടി ടൺ ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യുന്നത്. ഉരുളക്കിഴങ്ങിന്റെ 15 ശതമാനം മാലിന്യമായി വലിച്ചെറിയപ്പെടുന്നു. വിളവെടുപ്പ് മുതൽ വിപണി വരെ എത്തുന്നതിനിടെ ഉരുളക്കിഴങ്ങിന് കേടുപാടുകൾ ഉണ്ടാകാറുണ്ട്. ഇത്ര വലിയ അളവിലുള്ള ഉരുളക്കിഴങ്ങുകൾ എഥനോൾ ഉൽപ്പാദനത്തിന് അനുയോജ്യമായതാണെന്ന് വിദഗ്ധർ പറയുന്നു.ഉരുളക്കിഴങ്ങിന്റെ തൊലി, അഴുകിയ ഉരുളക്കിഴങ്ങ്, ഗുണനിലവാരമില്ലാത്ത ഉരുളക്കിഴങ്ങ് എന്നിവ ശേഖരിച്ച് അതിൽ നിന്ന് എഥനോൾ ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: