ബംഗളൂരു: മുസ്ലീം യുവാക്കളെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിനും തീവ്രവാദ ഫണ്ടിംഗിനും പങ്കാളികളായ രണ്ട് പേർക്കെതിരെ എൻഐഎ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചു.
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ നേരത്തെ കുറ്റപത്രം സമർപ്പിച്ച ഐസിസ് തീവ്രവാദികളായ അബ്ദുൾ മത്തീൻ അഹമ്മദ് താഹ എന്ന താഹ, ഷാസിബ് എന്ന മുസ്സാവിർ ഹുസൈൻ ഷാസിബ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ശിവമോഗ ജില്ലയിലെ താമസക്കാരായ രണ്ടുപേരും കേസിലെ കൂട്ടുപ്രതികൾ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നതായി ഏജൻസി വ്യക്തമാക്കി. രണ്ട് തീവ്രവാദികൾക്കെതിരെയും എൻഐഎ മൂന്നാമത് കുറ്റപത്രമാണ് പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഇതുവരെ മൊത്തം 10 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
2022 നവംബറിൽ കർണാടക പോലീസിൽ നിന്ന് എൻഐഎ ഏറ്റെടുത്ത കേസ് തീവ്രവാദ സംഘടനായ ഐസിസ് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. തീവ്രവാദം പ്രചരിപ്പിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ഐസിസ് ഗൂഢാലോചനയുടെ ഭാഗമായി തീവ്രവാദിവൽക്കരണം, റിക്രൂട്ട്മെൻ്റ്, തീവ്രവാദ ഫണ്ടിംഗ് എന്നിവയ്ക്ക് പുറമേ, തീവെക്കൽ, സ്ഫോടനം, ഇന്ത്യൻ ദേശീയ പതാക കത്തിക്കൽ തുടങ്ങിയ അക്രമ പ്രവർത്തനങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിരുന്നതായി ഏജൻസി പ്രസ്താവനയിൽ പറയുന്നുണ്ട്.
അതേ സമയം 2022 സെപ്റ്റംബറിൽ സംസ്ഥാന പോലീസ് ആദ്യം ഫയൽ ചെയ്ത കേസിന്റെ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: