കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ സിദ്ദിഖ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കൊച്ചിയിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. സിദ്ദിഖിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റിന്റെ സജീവ സാധ്യത നിലനില്‍ക്കേയാണ് നടപടി. രാമന്‍പിള്ള അസോസിയേറ്റ്‌സ് ആണ് സിദ്ദിഖിന്റെ അഭിഭാഷകര്‍.
2016ല്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വച്ച് പീഡിപിച്ചെന്ന യുവനടിയുടെ പരാതിയാണ് കേസിനാധാരം. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഗൗരവമായ കേസാണിതെന്നും പരാതിയിലെ കാലതാമസം കണക്കിലെടുക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യം പറഞ്ഞ് അതിജീവിതയെ അവഹേളിക്കാന്‍ പാടില്ല. വ്യക്തിഹത്യ നടത്തിയെന്ന സിദ്ദിഖിന്റ വാദവും കോടതി തള്ളി.
2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: