ഡെറാഡൂൺ : കടുവ ഭീതിയിലാണ് ഉത്തരഖണ്ഡ്. അടുത്തിടെ ഉത്തരാഖണ്ഡിൽ ഒരു വിദ്യാർത്ഥിയെ കടുവ ആക്രമിച്ചിരുന്നു. സ്‌കൂൾ പരിസരത്ത് വെച്ചാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പല പ്രദേശങ്ങളിലും കടുവകളുടെ ശല്യം ഉണ്ടായി. ഇതേ തുടർന്നു , പൗരി ഗർവാൾ ജില്ലയിൽ സ്‌കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ദ്വാരിഖൽ പ്രദേശത്തെ 9 സ്‌കൂളുകൾക്കും എല്ലാ അംഗൻവാടി കേന്ദ്രങ്ങൾക്കും സെപ്റ്റംബർ 23, 24 തീയതികളിൽ അവധിയായിരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ ഉത്തരവിൽ അറിയിച്ചു.
പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടതായി അറിയിച്ച് ഉദ്യോഗസ്ഥരും ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നൽകിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ദ്വാരിഖൽ പ്രദേശത്തെ തങ്കർ ഗ്രാമത്തിൽ ഒരു വിദ്യാർത്ഥിക്ക് നേരെ കടുവ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: