കമ്പ്യൂട്ടറൈസേഷന്റെയും ഇന്റര്‍നെറ്റിന്റെയും ഡിജിറ്റലൈസേഷന്റെയും നിര്‍മിത ബുദ്ധിയുടെയും കുത്തൊഴുക്കില്‍ പെട്ട്, പരുക്കേറ്റ് ഐസിയുവില്‍ കിടക്കുന്ന വായനയെ രക്ഷിച്ചെടുക്കാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടക്കുകയാണല്ലോ. പുതുതലമുറയ്ക്ക് വിജ്ഞാനം പകരാനും ചിന്തിപ്പിക്കാനും പ്രാപ്തരാക്കാന്‍ ശാസ്ത്ര, മനഃശാസ്ത്ര, തത്വശാസ്ത്ര ചിന്തകള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ക്കും കഴിയും. മനഃശാസ്ത്രത്തെയും മനോരോഗ ശാസ്ത്രത്തെയും കുറിച്ച് ഇന്ന് മിക്ക വായനാ കുതുകികള്‍ക്കും അറിവുണ്ടെങ്കിലും അതീന്ദ്രിയ മനഃശാസ്ത്രം, അഥവാ അതീത മനഃശാസ്ത്രം എന്ന വിജ്ഞാനശാഖ (Parapsychology)യെക്കുറിച്ച് പലര്‍ക്കും അറിവില്ല.
ഈ അടുത്തകാലത്തിറങ്ങിയ ‘മനസ്സിന്റെ നിഗൂഢ താഴ്വരകള്‍’ എന്ന ഗ്രന്ഥം അതീന്ദ്രിയ മനശാസ്ത്രത്തെ വിലയിരുത്തുന്നുണ്ട്. ഭാരതീയ തത്വശാസ്ത്രങ്ങളുടെയും സനാതന ചിന്തകളുടെയും വിജ്ഞാനങ്ങളുടെയും വെളിച്ചത്തിലാണത്.
ലോക സാഹിത്യ ഭൂപടത്തില്‍ ഇടംനേടിയ സാഹിത്യനഗരമായ കോഴിക്കോട്ടെ രാമനാട്ടുകരക്കാരനായ പരമേശ്വരന് പേങ്ങാട് രചിച്ച ഗ്രന്ഥത്തില്‍, വിചിത്രവും അപൂര്‍വവും വിസ്മയകരവുമായ ഒട്ടനവധി ശാസ്ത്ര, മനഃശാസ്ത്ര പഠനങ്ങളും കണ്ടെത്തലുകളും ചര്‍ച്ച ചെയ്യപ്പെടുന്നു.
26 അദ്ധ്യായങ്ങളുള്ള പുസ്തകത്തിലെ ആദ്യ അദ്ധ്യായത്തില്‍ ഈ ശാസ്ത്രശാഖയുടെ ഉത്ഭവവും വളര്‍ച്ചയും വിവരിക്കുന്നു. ഇതില്‍ നിരവധി മാനസിക പ്രതിഭാസങ്ങള്‍ സംക്ഷിപ്
തമായി പ്രതിപാദിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിചാര വിനിമയം (Telepathy) അതീന്ദ്രിയ ദര്‍ശനം (Clairvoyance) തുടങ്ങിയവ ചര്‍ച്ച ചെയ്തുകൊണ്ട് യോഗവിദ്യയെയും അതിന്റെ ഒരു ഘട്ടത്തില്‍ യോഗീവര്യന്മാര്ക്കു സിദ്ധിക്കുന്ന ‘ബ്രഹ്മദര്‍ശനം’എന്ന അവസ്ഥയേയും വിശകലനം ചെയ്യുന്നു. ശരീരം മൊത്തമായി അയച്ചിട്ടുകൊണ്ട്, യോഗികളും താപസന്മാരും നടത്തുന്ന യോഗനിദ്രയും അവര്‍ക്കു സിദ്ധിക്കുന്ന അതീന്ദ്രിയ ജ്ഞാനത്തെയും വിവരിക്കുന്നു. കൃത്രിമ നിദ്രാവസ്ഥ (Hypnosis)യിലും ഇത്തരം കഴിവുകള്‍ വികസിപ്പിക്കാമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ടുണ്ടത്രേ! മഷിനോട്ടം പോലുള്ള പ്രയോഗങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
പാരാസൈക്കോളജിയില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുന്ന ഭാരതത്തിലും വിദേശത്തുമുള്ള സര്‍വകലാശാലകളുടെ ഒരു പട്ടിക തന്നെ കൊടുത്തിട്ടുണ്ട്. ഗ്രന്ഥകാരനും ചില പഠന-ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
അതീന്ദ്രിയ ചലന പ്രതിഭാസം, ഭൂഗര്‍ഭ നിരീക്ഷണം, പ്രാകമ്യ ചലനം (ജ്യെരവീസശിലശെ)െ തുടങ്ങിയ പ്രതിഭാസങ്ങളും മറ്റും വിദേശ ഗവേഷണ ലാബുകളില്‍ പഠനവിധേയമാക്കിയതായി വിവരിക്കുന്നു. നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ചാത്തന് പ്രതിഭാസം (ചാത്തനേറ്) അതിന്റെ പിന്നിലുള്ള രോഗാവസ്ഥകളും ശാസ്ത്ര സത്യങ്ങളും വിശകലനം ചെയ്തുകൊണ്ട് വിസ്മയം വിട്ടുമാറാത്ത മറ്റൊരു താഴ്വരയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
പ്രാണോര്ജ്ജത്തെക്കുറിച്ചുള്ള ‘ഛാന്ദോഗ്യോപനിഷത്തി’ലെ സിദ്ധാന്തം ആധുനിക ശാസ്ത്രവും ശരിവയ്ക്കുന്നു. പ്രാണശക്തി എന്ന പ്രാപഞ്ചികോര്‍ജം, വിവിധ ശക്തികളായി രൂപപ്പെട്ടെന്നും വൈദ്യുതിയായും കാന്തികത്വമായും മനഃശക്തിയായും മറ്റും രൂപംപ്രാപിക്കുന്നത് ഇതത്രേ! പ്രാണന് എന്ന പരമശക്തിയെ (സ്വയം പ്രകാശിക്കുന്ന ദേവന്)യോഗികള്‍/താപസന്മാര് തങ്ങളുടെ സേവകരാക്കി, മഹാത്ഭുതങ്ങള്‍ കാണിക്കുന്നതും മറ്റും ഇതുകൊണ്ടത്രേ! ‘ശ്വേതാശ്വരോപനിഷത്തി’ലെ വരികളും ഉദ്ധരിക്കുന്നുണ്ട്, അധ്യായം പതിനൊന്നില്‍.
എല്ലാ ജീവജാലങ്ങള്‍ക്കും ഓരോ ഊര്‍ജമണ്ഡലമുണ്ട്. ഇത് വിവരിക്കുമ്പോള്‍ രാമായണത്തിലെ ‘മായാസീതയും ആദി ശങ്കരന് നടത്തിയ അത്ഭുതസിദ്ധികളും കടന്നുവരുന്നു-കെട്ടുകഥകളെയും യക്ഷിക്കഥകളെയും വെല്ലുന്ന നഗ്നമായ ശാസ്ത്ര സത്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ട്. ആസന്നമരണാനുഭവങ്ങളെയും പുനര്ജന്മപഠനങ്ങളെയും അതുമായി ബന്ധപ്പെട്ട വിദേശ പഠന-ഗവേഷണ റിപ്പോര്‍ട്ടുകളിലൂടെയും കണ്ണോടിക്കുന്ന അനുവാചകര്‍ അത്ഭുതപ്പെട്ടുപോകും, തീര്‍ച്ച.
മുന്‍ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഹിദായത്തുള്ളയും വി.ആര്.കൃഷ്ണയ്യരും കടന്നുവരുന്നുണ്ട് അധ്യായം പതിമൂന്നില്‍. ഒരു ജഡ്ജിക്കു പറ്റിയ പിഴവ്, നിരപരാധിയായ പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുകയും, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിയുടെ ആത്മാവ് ന്യായാധിപനെ തേടിവരികയും തന്റെ നിരപരാധിത്വം തെളിയിക്കുകയും തുടര്‍ന്നുള്ള ദുഃഖകരമായ സംഭവങ്ങളും ജസ്റ്റിസ് കൃഷ്ണയ്യര്‍ ഒരു ലേഖനത്തില്‍ വിവരിച്ചിരുന്നു, (മാതൃഭൂമി വാരാന്ത്യപ്പതിപ്പ്) ‘പുനര്ജന്മം സനാതന ചിന്തകളില്‍’ (അധ്യായം പതിന്നാല്)വളരെയധികം ചിന്തോദ്ദീപകമാണ്. നാരായണീയവും ഗീതയും രാമായണവും ജ്ഞാനപ്പാനയും കഠോപനിഷത്തും ഉദ്ധരിച്ചുകൊണ്ടും വിദേശത്തുനടന്ന ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിലും അതൊരു വിശ്വാസമല്ല; വസ്തുതയാണെന്ന് സമര്‍ത്ഥിക്കുന്നു.
ജീവന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ശ്രീമദ്ഭാഗവതത്തില്‍ വിവരിച്ചിട്ടുണ്ടെന്ന് വായിച്ച്, അത്ഭുതം കൂറുന്ന വായനക്കാരന്, അധ്യാത്മ രാമായണത്തിലെ ‘സമ്പാദിവാക്യത്തി’ലെ വരികളിലേക്കു കടക്കുമ്പോള്‍ അത്ഭുതം ഇരട്ടിയാകും.
സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട പുണ്യപുരാണങ്ങളില്‍ ആധുനിക ശാസ്ത്രങ്ങള്‍ കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ കിടക്കുന്നു; ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും.
മരണ സാമീപ്യാനുഭവങ്ങളുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ഒരു പട്ടികയും പുനര്ജന്മത്തില് വിശ്വസിക്കുന്ന പ്രശസ്തരുടെ മറ്റൊരു പട്ടികയും ചേര്‍ത്തിരിക്കുന്നു. അദ്ധ്യായം പതിനേഴില്‍.
ഊര്ജവ്യാപനത്തിലൂടെ നാശം നേരിടുന്ന കോശങ്ങളെ ശാസിക്കാമെന്നും രോഗശമനം സാധിക്കാമെന്നും വേറൊരദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.
റെയ്ക്കി ചികിത്സാ രീതികളും, യോഗയും അക്യുപങ്ചറും ഓരോരോ അധ്യായങ്ങളില്‍ നിറയുന്നു.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജീവന് രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ പകരക്കാരനായി മനുഷ്യനെ ചേര്‍ത്തുപിടിച്ച് അനേകരുടെ ജീവന് രക്ഷിച്ച ‘പ്ലാസിബോ പ്രതിഭാസം’-ഒരു വലിയ അദ്ധ്യായത്തില്‍ വിവരിക്കുന്നു.
അവതാരികയില്‍ പി.ആര്.നാഥന് സൂചിപ്പിച്ചപോലെ തികഞ്ഞ നിഷ്പക്ഷതയോടെയാണ് ഗ്രന്ഥകാരന് ശാസ്ത്രസത്യങ്ങളെയും യുക്തിവാദത്തെയും നോക്കികാണുന്നത്. ശാസ്ത്രകുതുകികളായ വായനക്കാര്‍ക്കു ഈ പുസ്തകം നിശ്ചയമായും ഒരു മുതല്‍ക്കൂട്ടാണ്.
നാല് പതിറ്റാണ്ടു മുന്‍പ് മലയാളത്തില്‍ അതീത മനഃശാസ്ത്രവിഷയങ്ങളില്‍ പുസ്തകങ്ങളില്ലായിരുന്നു. ‘മനസ്സിന്റെ അജ്ഞാത തീരങ്ങളില്‍’ എന്ന പുസ്തകമിറക്കിക്കൊണ്ട്, ആ കുറവ് നികത്തിയതും പരമേശ്വരന് പേങ്ങാടു തന്നെയാണ്.
ഗഹനങ്ങളായ മനഃശാസ്ത്ര വിഷയങ്ങള്‍, ഐതിഹ്യങ്ങളും നാട്ടറിവുകളും കവിതാ ശകലങ്ങളും പഴഞ്ചൊല്ലുകളും ഇടക്കിടെ ചേര്‍ത്ത് മൃദുവും സ്വാദിഷ്ഠവുമാക്കിയിട്ടുണ്ട്. വാനരനെന്നും മാരീചനെന്നും മാന്ത്രികനെന്നും മനസ്സെന്ന പ്രതിഭാസത്തെ പുകഴ്ത്തിയ കാവ്യഭാവനക്കും സാഹിത്യ നൈപുണ്യത്തിനും പരമേശ്വരന് പേങ്ങാടിനും അഭിനന്ദനങ്ങള്‍. അനുവാചക മനസ്സുകളില്‍ ദേവതാരു വിരിയിച്ചുകൊണ്ട് നിഗൂഢ താഴ്വരകളിലേക്കുള്ള തീര്‍ത്ഥയാത്രകള്‍ ശുഭയാത്രകളാകട്ടെ!
ഇന്ത്യാ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഗ്രന്ഥകാരനില്‍നിന്ന് നേരിട്ടും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: