ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവില്‍ നിര്‍മിക്കും. ബിഇഎംഎല്‍ പ്ലാന്റില്ലാണ് ഇവ നിര്‍മിക്കുക. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്എസ്ആര്‍ )ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പുറംചട്ടയില്‍ ആയിരിക്കും ഇവ നിര്‍മ്മിക്കുക. ബിഇഎംഎല്ലും മേധ സെര്‍വോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നായിരിക്കും ട്രെയിനിന്റെ നിര്‍മാണം നടത്തുക.
നേരത്തെ ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷിന്‍കാന്‍സെന്‍ ഇ-5 ട്രെയിനുകളാണ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവയുടെ ചെലവ് അധികമായതിനാല്‍ ആണ് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചത്. 2026 ഡിസംബറോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള ആദ്യ ട്രെയിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎഎച്ച്എസ്ആര്‍ ലൈനിലെ സൂറത്ത്-ബിലിമോറ സെക്ഷനിലാകും പരീക്ഷണയോട്ടം നടക്കുക. രണ്ട് ചെയര്‍-കാര്‍ ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) സെപതംബര്‍ അഞ്ചിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ബിഇഎംഎല്ലിന്റെ കാര്‍ബോഡി നിര്‍മ്മിക്കാനുള്ള കഴിവും മേധയുടെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി യൂറോപ്യന്‍ നിലവാരം പുലര്‍ത്തുന്ന ഹൈ-സ്പീഡ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു ട്രെയിനിന് 200 മുതല്‍ 250 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ്.
സ്റ്റാന്‍ഡേര്‍ഡ് 3+2 സീറ്റിംഗ് ക്രമീകരണമുള്ള ഏഴ് ട്രെയിന്‍ ബോഗികളും 2+2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ബോഗിയും ട്രെയിനിലുണ്ടാകും. ട്രെയിനിന്റെ സീറ്റിംഗ് കപ്പാസിറ്റി 174 ആയിരിക്കും. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: