ന്യൂഡൽഹി : വിവാഹത്തിന്റെ പേരിൽ 50 ഓളം മുസ്ലീം സ്ത്രീകളെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ . മുക്കിം അയൂബ് ഖാൻ എന്ന 38 കാരനെയാണ് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് . വിവിധ മാട്രിമോണിയൽ സൈറ്റുകൾ വഴി ഇയാൾ യുവതികളെ കുടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
മാട്രിമോണിയൽ സൈറ്റുകളിൽ സ്വന്തം നമ്പർ നൽകി പരസ്യം നൽകുന്ന സ്ത്രീകളുമായി മുക്കിം അയൂബ് ചങ്ങാത്തം കൂടുമായിരുന്നു. സൗഹൃദത്തിലായ എല്ലാ സ്ത്രീകളോടും താൻ സർക്കാർ ജീവനക്കാരനാണെന്നും ഇയാൾ പറയാറുണ്ടായിരുന്നു. തന്റെ ഭാര്യ മരിച്ചുവെന്നും തനിക്ക് ഒരു മകളുണ്ടെന്നും അവളെ നന്നായി നോക്കാൻ കഴിയുന്നില്ലെന്നും മുക്കിം അയൂബ് എല്ലാസ്ത്രീകളോടും പറയാറുണ്ടായിരുന്നു. ഭാര്യയുടെയും മകളുടെയുമാണെന്ന പേരിൽ ചിത്രങ്ങളും സ്ത്രീകൾക്ക് അയച്ചു നൽകിയിരുന്നു.
വിവാഹമോചിതകളായ സ്ത്രീകളെയാണ് ഇയാൾ കെണിയിൽ കുടുക്കിയിരുന്നത് . വിവാഹം കഴിക്കാമെന്ന പേരിൽ വിവാഹത്തീയതിയും മറ്റ് ഒരുക്കങ്ങളും പറഞ്ഞ് സ്ത്രീകളിൽ നിന്ന് പണം തട്ടുന്നത് ഇയാൾ പതിവാക്കിയിരുന്നു.മുക്കിമിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നിരന്തരം ലൊക്കേഷൻ മാറ്റി പോലീസിനെയും ഇയാൾ കബളിപ്പിച്ചു . എന്നാൽ കഴിഞ്ഞ ദിവസം നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: