കൊച്ചി: ഏതു ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം പറയാന്‍ കഴിയുന്നയാളായിരുന്നു തന്ത്രവിദ്യാപീഠം, കേരള ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ സ്ഥാപകന്‍ പി. മാധവ്ജിയെന്ന് അമൃതാനന്ദമയിമഠം കാര്യദര്‍ശി സ്വാമി പൂര്‍ണാമൃതാനന്ദപുരി.
താന്ത്രിക പ്രതിഷ്ഠയുടെ നിഗൂഢ വശങ്ങള് അറിയുന്ന ആള്‍ക്കറിയാം ഏതു തലത്തില്‍ നിന്നാണ് പ്രാണ ചൈതന്യം പകരുന്നതെന്ന്. പ്രത്യക്ഷത്തില്‍ അറിയാന്‍ സാധിക്കില്ല, അത് പ്രകൃതിയില്‍ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ശേഷാദ്രി റോഡില്‍ സഹോദര സൗധത്തില്‍ പി. മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. തന്ത്രവിദ്യയില്‍ പണ്ഡിതനായിരുന്ന പി. മാധവ്ജിയുടെ ‘ആത്മചൈതന്യ രഹസ്യം’, ‘രാഷ്ട്രചൈതന്യ രഹസ്യം’, അനുസ്മരണ ലേഖനങ്ങളടങ്ങുന്ന ‘മാധവ ചൈതന്യം’ എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശന കര്‍മവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
മഹാത്മാക്കള്‍ക്ക് മരണമില്ല, അവര്‍ കാലശേഷമാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് മാധവ്ജി ജനമനസുകളില്‍ ഇന്നും ജീവിക്കുന്നതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. സാമൂഹ്യ ആരാധന പോലുള്ളവ ആരംഭിച്ചതിലൂടെ അദ്ദേഹം ഹൈന്ദവര്‍ക്ക് നല്‍കിയത് മഹത്തായ കൂട്ടായ്മയാണ്.
കുരുക്ഷേത്ര പ്രകാശന് എം.ഡി. കാ. ഭാ. സുരേന്ദ്രന് അദ്ധ്യക്ഷനായി. സംഘപ്രവര്‍ത്തകര്‍ കൈപ്പുസ്തകമായി കരുതേണ്ട പുസ്തകങ്ങളാണ് ഇവയെല്ലാമെന്ന് പുസ്തകം പരിചയപ്പെടുത്തി കുരുക്ഷേത്ര പ്രകാശന് ഡയറക്ടര്‍ ബി. വിദ്യാസാഗരന് പറഞ്ഞു. കേരള ധര്‍മാചാര്യസഭ നിര്‍വ്വാഹക സമിതി അംഗം പറവൂര്‍ ജ്യോതിസ്, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു, ഗ്രന്ഥസമാഹര്ത്താവ് വി.എന്‍. ദിലീപ്കുമാര്, കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ കെ.ആര്. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: