ആലപ്പുഴ: സുഭദ്ര വധക്കേസിലെ രണ്ടു പ്രതികളെ 26ന് വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കലവൂര്‍ കോര്‍ത്തുശേരിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന രണ്ടാം പ്രതി കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്-35), ഭാര്യ എറണാകുളം മുണ്ടംവേലി വട്ടച്ചിറയില്‍ ശര്‍മിള (38) എന്നിവരെയാണ് ആലപ്പുഴ ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശീതള്‍ എം. ശശിധരന് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മണ്ണഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രാജേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കര്‍ണാടകയിലെ ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് പോകാന്‍ എട്ടു ദിവസം പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
കൊല്ലപ്പെട്ട സുഭദ്രയുടെ ആഭരണങ്ങളും, മൊബൈല്‍ ഫോണും, വസ്ത്രങ്ങളും കണ്ടെത്തണം. കൊലപാതകം നടന്ന സ്ഥലത്തും, മൃതദേഹം മറവ് ചെയ്ത സ്ഥലത്തും തെളിവെടുക്കണം, പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കണം, സംഭവത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോന്ന് പരിശോധിക്കണം, പ്രതികളെ വിശദമായി ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തിലാവണം തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ നാഗേശ്വരി ഹാജരായി.
മൂന്നാം പ്രതി മാത്യൂസിന്റെ പിതൃസഹോദര പുത്രന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പനേഴത്ത് വീട്ടില്‍ റെയ്നോള്‍ഡി (61) നെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം കലവൂര്‍ കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവരെ എത്തിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്. അതേസമയം, യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. സുഭദ്രയെ എങ്ങനെ കൊലപ്പെടുത്തിയെന്നടതക്കമുള്ള വിവരം മാത്യൂസ് പോലീസിനോട് വിശദീകരിച്ചു.
വീടിന് പരിസര പ്രദേശത്തും പ്രതികളുമായെത്തി പോലീസ് തെളിവെടുത്തു. ഇതിനിടെ പ്രദേശത്ത് നിന്ന് ഒരു തലയണ പോലീസ് കണ്ടെടുത്തു. സുഭദ്ര ഉപയോഗിച്ചിരുന്നതാണെന്നും രക്തം പുരണ്ടതിനാല്‍ ഉപേക്ഷിച്ചതാണെന്നും പ്രതികള്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്ത് നാലിന് കൊച്ചിയില്‍ നിന്നു കാണാതായ എറണാകുളം കണയന്നൂര്‍ ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര (73) യുടെ മൃതദേഹം മാത്യൂസും, ശര്‍മിളയും താമസിച്ചിരുന്ന കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സുഭദ്രയെ കാണാനില്ലെന്ന് മകന് രാധാകൃഷ്ണന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആസൂത്രിതമായാണ് സുഭദ്രയെ ദമ്പതികള്‍ കൊലപ്പെടുത്തിയത്. തന്ത്രപൂര്‍വം സുഭദ്രയെ കോര്‍ത്തുശേരിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മൂന്നാം പ്രതി റെയ്നോള്‍ഡില്‍ നിന്ന് മകന് വിഷാദ ചികിത്സക്ക് കഴിക്കുന്ന ഗുളികകള്‍ സുഭദ്രയ്ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി നല്കി സ്വര്‍ണം കവര്‍ന്നു. ആഗസ്ത് ഏഴിന് ബോധം വന്നപ്പോള്‍ സുഭദ്ര സ്വര്‍ണം തിരികെ ആവശ്യപ്പെട്ടു. പോലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. മണിപ്പാലില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ദമ്പതികളെ പോലീസ് സംഘം പിടികൂടിയത്. സഹായി റെയ്നോള്‍ഡിനെ സ്വന്തം വീട്ടില്‍ നിന്നും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: