ശ്രീനഗര്‍: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കശ്മീരിലെത്തിയതിലൂടെ ഇര്‍ഷാദ് ഹുസൈന് നയ്കൂ എന്ന കര്‍ഷകന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് പൂര്‍ത്തീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം അധ്വാനത്തിലൂടെ ഒരു സമ്മാനം നല്‍കണമെന്നായിരുന്നു അനന്ത്നാഗ് സ്വദേശിയായ ഇര്‍ഷാദിന്റെ സ്വപ്നം.
കശ്മീരില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തിയപ്പോള്‍ ധരിച്ചിരുന്ന കശ്മീരി പരമ്പരാഗത വസ്ത്രം (ഫെരന്) ഇര്‍ഷാദ് സമ്മാനമായി നല്‍കിയതാണ്. 11 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ആഗ്രഹത്തിനും ഇര്‍ഷാദിന്റ അധ്വാനത്തിനും.
2013 ലാണ് ഇര്‍ഷാദ് മോദിയെ കാണാനും സമ്മാനം നല്‍കാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹത്തിന് പിറകേ പോകാന്‍ സാമ്പത്തികം വെല്ലുവിളിയായെങ്കിലും ഇര്‍ഷാദ് അതില്‍ നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. പണം കൂട്ടിവെക്കാനും, പരമ്പരാഗത വസ്ത്രമായ ഫെരന് തന്നെ ആകട്ടെ സമ്മാനമെന്നും തീരുമാനിച്ചു.
മോദിയുടെ വസ്ത്രത്തിന്റെ അളവ് അറിയാത്തത് ആദ്യഘട്ടത്തില്‍ പ്രതിസന്ധിയായി. പിന്നീട് തന്റെ അച്ഛന് ധരിക്കുന്നതിന് സമാന അളവുള്ള വസ്ത്രമാണ് മോദി ധരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇര്‍ഷാദ് അച്ഛനേയും കൂട്ടി തയ്യല്‍ക്കാരന്റെ അടുത്തെത്തി തയ്പ്പിക്കുകയായിരുന്നു.
ഫെരന് കയ്യില്‍ കിട്ടിയ ഉടന്‍ ഇര്‍ഷാദ് മോദിയെ കാണാനായി ദല്‍ഹിയിലേക്കാണ് ആദ്യം പൂറപ്പെട്ടത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ഗേറ്റില്‍ ഫെരനുമായി എത്തിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കാണാന്‍ സാധിച്ചിച്ചില്ല. ഇതോടെ ഫെരന് കൊരിയറായി അയയ്ക്കാന്‍ തീരുമാനിച്ചു. സമ്മാനം അയച്ചെങ്കിലും ഒരു പൊതു ചടങ്ങില്‍, അതും ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നാട്ടിലെത്തുമ്പോള്‍ ധരിച്ച് കാണാനാകുമെന്ന് ഇര്‍ഷാദ് വിചാരിച്ചിരുന്നില്ല.
ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍ ഇര്‍ഷാദിനെ ശരിക്കും ഞെട്ടിച്ചു. നിങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്നിരുന്നല്ലേ എന്നായിരുന്നു ആദ്യ ചോദ്യം. അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞശേഷം അവര്‍ ഒരു കാര്യം കൂടി പറഞ്ഞു.
പ്രധാനമന്ത്രി ഇപ്പോള്‍ കശ്മീരിലുണ്ട്. ഇന്ന് അദ്ദേഹം ധരിച്ചിരിക്കുന്നത് നിങ്ങള്‍ അയച്ച സമ്മാനമാണ്. ശ്രീനഗറിലെ റാലിയില്‍ പങ്കെടുക്കുന്നതും നിങ്ങള്‍ സമ്മാനിച്ച ഫെരന് ധരിച്ചാണെന്നും അവര്‍ പറഞ്ഞു. സന്തോഷത്തില്‍ മതിമറന്ന ഇര്‍ഷാദ് കണ്ണീരോടെയാണ് മോദിയെ കണ്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പും അധ്വാനവുമാണ് സഫലമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: