ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുത്തു. കലവൂര്‍ കോര്‍ത്തശേരി വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്.
സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചു കളഞ്ഞതായി പ്രതികള്‍ അറിയിച്ചു.സുഭദ്ര കിടന്നിരുന്ന തലയണ വീടിന് പിന്നിലെ തോട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ തോട്ടില്‍ നിന്നെടുത്തത്.
കൊലപാതക സമയം സുഭദ്ര കിടന്ന തലയണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ തലയണ തോട്ടില്‍ ഉപേക്ഷിച്ചത്.
നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്ന് മാത്യൂസും ശര്‍മിളയും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങള്‍ ഉപയോഗിച്ചില്ല എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സുഭദ്രയുടെ ആഭരണങ്ങളില്‍ പകുതിലധികവും മുക്കുപണ്ടമായിരുന്നു.
ഒന്നാം പ്രതി ശര്‍മിളയെയും രണ്ടാംപ്രതി മാത്യുസിനെയും എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉഡുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: