കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ കാര്‍ ഓടിച്ച പ്രതി അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് . ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കും. അജ്മലും കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് ഡോ ശ്രീക്കുട്ടിയും മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെ രക്ത മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
അതേസമയം, കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.അജ്മലാണ് കാര്‍ ഓടിച്ചതെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് തിങ്കളാഴ്ച രാവിലെ പിടികൂടിയത്. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: