ചെന്നൈ: പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തോടെ 22 മാസങ്ങള്‍ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിന്‍ യാത്ര പുനരാരംഭിക്കും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ നീളമുള്ളതാണ് പുതിയ പാലം. 545 കോടി രൂപ ചെലവിലാണ് നിര്‍മാണം. തമിഴ്നാട് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
1914 ലാണ് രാമേശ്വരം പാമ്പന്‍ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ പാലം തുറന്നത്. കപ്പലുകള്‍ വരുമ്പോള്‍ തുറന്ന് അടയ്ക്കുന്ന തരത്തിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. 1988-ല്‍ ഒരു സമാന്തര റോഡ് പാലം നിര്‍മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായിരുന്നു ഈ പാലം. അഞ്ച് വര്‍ഷം മുമ്പ് പാമ്പന്‍ പാലത്തിന് നടുവില്‍ കപ്പല്‍ ഇടിച്ചതോടെയാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2019ല്‍ പ്രധാനമന്ത്രി തറക്കല്ലിട്ട് പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് പണി നീണ്ടുപോവുകയായിരുന്നു.
പുതിയ പാലത്തിന് സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റര്‍ വരെയാണ് എയര്‍ ക്ലിയറന്‍സ് ഉള്ളത്. പഴയ പാലത്തിന് 19 മീറ്ററായിരുന്നു. പാലത്തിലെ ലിഫ്റ്റ് സ്പാന്‍ സംവിധാനം പൂര്‍ത്തിയാക്കി വിജയകരമായി ട്രയല്‍ റണ്ണും നടത്തിയിട്ടുണ്ട്. എല്ലാ സുരക്ഷാ പരിശോധനകളും വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: