തിരുവനന്തപുരം: ബി.എ പരീക്ഷ പാസാകാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എം.എ ക്ലാസ്സിൽ പ്രവേശനം നേടി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആർഷോ പ്രവേശനം നേടിയത്.
ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത്. അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോ ആറാം സെമസ്റ്ററിൽ പ്രവേശനം നേടിയത്. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ, എം.ജി സർവകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.
120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസിൽ പ്രവേശനം നൽകിയിരുക്കുന്നത് എന്നാണ് പരാതി.
ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷ എഴുതാൻ യോഗ്യതയില്ലാത്ത ആർഷോയെകൂടി പി.ജി ക്ലാസിൽ പ്രവേശിപ്പിച്ചത്. അർഷോയ്ക്ക് എം.എക്ക് ക്ലാസ് കയറ്റം നൽകുന്നതിനുവേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നത് എന്ന ആരോപണവുമുണ്ട് .
മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതുകൊണ്ട് കോളേജ് പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ കോളേജിന് അഫീലിയേഷൻ നൽകിയിട്ടുള്ള എം.ജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻപോലും സർവകലാശാല അധികൃതർ തയ്യാറായില്ലെന്നും പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുകയാണ് സർവകലാശാല ചെയ്യുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: