ന്യൂദല്‍ഹി: മുന്‍മന്ത്രിയും എല്‍ഡിഎഫ് നേതാവുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിലപാടു മയപ്പെടുത്തിയതിനെയാണ് കോടതി വിമര്‍ശിച്ചത്. സത്യവാങ്മൂലത്തില്‍ നിന്നു വ്യത്യസ്ത നിലപാടെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സത്യം കണ്ടെത്തുന്നതിന് ഏതറ്റം വരെയും പോകുമെന്നും മുന്നറിയിപ്പു നല്കി. പുനരന്വേഷണത്തിനെതിരേ ആന്റണി രാജു നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. കേസ് വാദത്തിനെടുത്തപ്പോള്‍ സത്യവാങ്മൂലത്തിലെ നിലപാടു മയപ്പെടുത്തുന്നതിലേക്കു സര്‍ക്കാര്‍ നീങ്ങി. വിഷയം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണം വരെ നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്നുകേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. പ്രതിയുടെ അടിവസ്ത്രം മാറ്റി കുട്ടികള്‍ ഉപയോഗിക്കുന്ന ജട്ടി വയ്ക്കുകയാണ് അന്ന് പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജു ചെയ്തത്. ആന്റണി രാജുവും കോടതി ജീവനക്കാരന് ജോസുമാണ് ഒന്നും രണ്ടും പ്രതികള്‍. കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: