കോട്ടയം: തൃശ്ശൂരിലെ ജനങ്ങള്‍ വിഡ്ഢികളാണെന്ന് പറയാതെ പറയുകയാണ് യുഡിഎഫ് . ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു വോട്ടു പോലും ഈ മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരില്‍ നിന്ന് കോണ്‍ഗ്രസിനു ലഭിക്കില്ലെന്നു വ്യക്തം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപിക്ക് വേണ്ടി പൂരം കലക്കുകയും തൃശ്ശൂര്‍ക്കാരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനെതിരാക്കി കെ മുരളീധരനെ പരാജയപ്പെടുത്തുകയും സുരേഷ് ഗോപിയെ വിജയിപ്പിക്കുകയും ചെയ്തുവെന്നുള്ള വിചിത്ര വ്യാഖ്യാനമാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇങ്ങനെ പോയാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഇത്തരത്തില്‍ അപമാനിക്കുന്ന കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഒരുപാഠം പഠിപ്പിക്കാന്‍ തൃശ്ശൂര്ക്കാര് തയ്യാറാകും. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടേത് പൂരം കലക്കിയുള്ള വിജയം എന്ന നരേറ്റീവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വരെ രംഗത്തുണ്ട്. എഡിജിപി ഒരു വര്‍ഷം മുമ്പ് നടത്തിയ കൂടിക്കാഴ്ചയെ കഴിഞ്ഞ വര്‍ഷത്തെ പൂരവുമായി ബന്ധിപ്പിക്കുന്നതിലെ ഭോഷ്ക്ക് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് തന്നെ വ്യക്തമാക്കിയെങ്കിലും ആരോപണം നിരന്തരം ആവര്‍ത്തിച്ച് വസ്തുതയെന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തുന്നത് .
തൃശൂരിലെ വിജയം ബിജെപി കേരളത്തില്‍ കാലുറപ്പിക്കുന്നുവെന്നുള്ള വ്യക്തമായ സൂചനയാണ്. തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളും അതു തെളിയിച്ചതാണ് . അതിനെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: