നെടുമുടി: 60 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പടഹാരം പാലം നിര്‍മാണം അവസാനഘട്ടത്തില്‍. ഡിസംബറില്‍ തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളീയ വാസ്തു വിദ്യയില്‍ ആറ് വാച്ച് ടവറുകള്‍, മുകളില്‍ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന് താഴെ കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയില്‍ നടപ്പാത എന്നിവ പ്രത്യേകതയാണ്. തകഴി – നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂ
ക്കൈതയാറിന് കുറുകെയാണ് 453 മീറ്റര്‍ ദൈര്‍ഘ്യമുള്ള പടഹാരം പാലം.
രൂപകല്‍പ്പനയിലെ പ്രത്യേകതയാണ് പടഹാരം പാലത്തെ ആകര്‍ഷകമാക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരുപാലത്തിന് ഇത്തരത്തിലുള്ള രൂപകല്‍പ്പന. രണ്ട് നിലകളിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം രൂപരേഖ തയ്യാറാക്കിയത്. മുകളില്‍ ഏഴര മീറ്റര്‍ വീതിയില്‍ പാലവും താഴെ നിലയില്‍ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളില്‍ സന്ദര്‍ശകര്‍ക്ക് പമ്പയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാം.
2016-17 ലെ ബജറ്റില്‍ കിഫ്ബിയില്‍ 60 കോടി ചെലവിലാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ പാലം പ്രഖ്യാപിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 2019ല്‍ നിര്‍മാണം ആരംഭിച്ചു. കൊവിഡ് കാലത്ത് നിര്‍മാണം മുടങ്ങിയതും ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കേണ്ടിവന്നതും വേഗം കുറച്ചു. 45 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനും 35 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനും 12 മീറ്ററുള്ള ഒമ്പത് സ്പാനുമുണ്ട് പാലത്തിന്.
പെയിന്റിങ് അടക്കമുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റിവിടുന്നുണ്ട്. സമീപന പാതയുടെ മെറ്റലിങ് പുരോഗമിക്കുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍വരെ സമയമുണ്ടെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ തീര്‍ക്കാനാണ് ശ്രമം. ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ – തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പടഹാരം പാലവും കരുവാറ്റ ലീഡിങ് ചാനലില്‍ നിര്‍മിക്കുന്ന പാലവും പൂര്‍ത്തിയായാല്‍ തോട്ടപ്പള്ളിയില്‍നിന്നുള്ള ബൈപാ
സ് റോഡായി നെടുമുടികരുവാറ്റ റോഡ് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: