ഭാരതം സ്വാതന്ത്രത്തിന്റെ അമൃത വര്‍ഷം ആഘോഷിക്കുമ്പോള്‍ ബംഗാളില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നു. കലാ-സാംസ്കാരിക- സാഹിത്യ രംഗത്ത് പ്രസിദ്ധരായ നിരവധി വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ട് പ്രസിദ്ധമായ, വന്ദേമാതരം പിറന്ന ബംഗാള്‍ ഇന്ന് ഈ സംഭവത്തോടെ കുപ്രസിദ്ധമായി- അതും ഒരു വനിത മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കുമ്പോള്‍.
ഇത്തരത്തില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ ശക്തമായ നിയമനടപടികളും ഒപ്പം സാമൂഹ്യ ഇടപെടലുകളും ജനകിയ ബോധവത്കരണവും ആവശ്യമാണ്. അതിനുള്ള രൂപരേഖയാണ് പാലക്കാട് നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗത്തില്‍ തയ്യാറാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്ത്രീശാക്തീകരണത്തിനുളള നിരവധി പദ്ധതികള്‍ ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളും നടപ്പാക്കി വരുന്നു. വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, സ്വാശ്രയത്വം, സംസ്കാരം, ശാക്തികരണം എന്നീ വിഷയങ്ങളില്‍ രാജ്യമെമ്പാടും സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിച്ച് പുതിയ ആശയങ്ങളും അനുബന്ധ കര്‍മ്മ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു. കൂടാതെ ഭാരതത്തിലെ എല്ലാ റവന്യൂ ജില്ലകളിലും സ്ത്രീശക്തി സമ്മേളനങ്ങളും സംഘടിപ്പിച്ചു. അതിന്റെ തുടര്‍ച്ച എന്ന നിലയിലും ബംഗാള്‍ സംഭവത്തിന്റെ പ്രത്യേക പശ്ചാത്തലത്തിലുമാണ് കൂടുതല്‍ ശക്തമായ കര്‍മ്മപരിപാടികള്‍ക്ക് പാലക്കാട് ചേര്‍ന്ന യോഗം രൂപം നല്‍കിയത്.
ബംഗാള്‍ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ നടന്നതുപോലെയുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കിത് യോഗം മുന്നോട്ടുവച്ചു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അതിവേഗ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏകസ്വരത്തിലുള്ള തീരുമാനവും സര്‍ക്കാരിന്റെ ശക്തമായ നയരൂപീകരണവും ആവശ്യമാണ്. അതുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ കാതലായ മാറ്റം വരുത്തിയാണ് ഭാരതീയ ന്യായ സംഹിത രൂപികരിച്ചത്. ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എല്ലാംതന്നെ അഞ്ചാം അദ്ധ്യായത്തില്‍ ക്രോഡീകരിച്ചുകൊണ്ടാണ് ഭാരതീയ ന്യായ സംഹിതയില്‍ അഭിസംബോധന ചെയ്തിട്ടുള്ളത്.
ബലാത്സംഗ കേസില്‍ ഇരയുടെ മൊഴി അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വേണം രേഖപ്പെടുത്താന്‍. ഈ കേസുകളില്‍ ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. കുട്ടികളെ വാങ്ങുന്നതും വില്‍ക്കുന്നതും ഹീനകൃത്യമായി പരിഗണിക്കുന്നതിനൊപ്പം ഈ കുറ്റകൃത്യത്തിന് കഠിന ശിക്ഷ ഉറപ്പുവരുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കുന്നതാണ്. വിവാഹ വാഗ്ദാനം അല്ലെങ്കില്‍ ജോലിവാഗ്ദാനം നല്കി തെറ്റിദ്ധരിപ്പിച്ചു സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാകുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകള്‍ക്കു 90 ദിവസത്തിനകം പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ ആശുപത്രികളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍, ഇരയായവര്‍ക്ക് സൗജന്യ പ്രഥമ ശുശ്രൂഷയും ചികിത്സയും ന്യായസംഹിത ഉറപ്പുനല്‍കുന്നു. കൂടാതെ സീറോ എഫ്ഐആര്‍, അതായത് സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇ-എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. 15 വയസില്‍ താഴെയും 60 വയസിനു മുകളിലുള്ളവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ക്രൈം രജിസ്റ്റര്‍ ചെയ്യാന്‍ ഉപാധികളോടെ സാധ്യമാണ്.
ബോധവത്കരണം അനിവാര്യം
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും ഇത്തരം ബോധവത്കരണം വേണം. അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലയിലും ബോധവത്കരണം ആവശ്യമാണ്. രാഷ്ടീയ-തൊഴില്‍-വിദ്യാഭ്യാസ- കലാ സാംസ്കാരിക രംഗങ്ങളിലൊക്കെ ഇത്തരം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേകിച്ച് കേരളത്തിലുള്‍പ്പടെ രാഷ്ട്രീയ-കലാരംഗങ്ങളിലുള്ള സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഢനങ്ങളുടെ തുറന്നു പറച്ചിലുകള്‍ നടത്താന്‍ ധൈര്യം കാണിച്ച സാഹചര്യത്തില്‍ ഈ മേഖലകളില്‍ ബോധവത്കരണത്തിന്റെ പ്രസക്തിയേറെയാണ്.
ആത്മരക്ഷാ നൈപുണ്യം വിദ്യാഭ്യാസ പദ്ധതിയിലും
കുട്ടിക്കാലം തൊട്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് ഇത്തരം അപമാനങ്ങളെ എതിര്‍ക്കാനും നേരിടാനുമുള്ള പരിശീലനവും ആത്മവിശ്വാസവും നല്‍കണം. ആത്മരക്ഷാ നൈപുണ്യം ആര്‍ജ്ജിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയിലും ഉള്‍പ്പെടുത്തണം. ഭാരതത്തില്‍ വേദകാലം മുതല്‍ തന്നെ ഇത്തരം പദ്ധതികള്‍ നിലനിന്നിരുന്നതായി നമ്മുടെ പുരാണേതിഹാസങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. പാണ്ഡവരുടെ വനവാസ കാലത്ത് അവരെ സന്ദര്‍ശിക്കാനെത്തിയ ശ്രികൃഷ്ണന്‍ സാന്ദര്‍ഭികമായി ദ്വാരകയിലെ സ്ത്രീശക്തിയെ കുറിച്ചു പ്രതിപാദിക്കുന്നുണ്ടല്ലോ. ദ്വാരകയിലെ ഒരോ സ്ത്രീക്കും ആത്മരക്ഷയ്ക്കും ദേശരക്ഷയ്ക്കും വേണ്ട അഭ്യാസമുറകള്‍ അറിയാമെന്ന് കൃഷ്ണന് സൂചിപ്പിക്കുന്നു. അജ്ഞാത വാസക്കാലത്ത്, ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന് ദ്രൗപദിയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ധൈര്യം കൈവിടാതെ അവനെ എതിരിട്ടു. ദ്രൗപദിയുടെ തൊഴിയേറ്റ് ജയദ്രഥന് വെട്ടിയിട്ട മരം പോലെ തെറിച്ചു വീണു എന്ന് മഹാഭാരതം പറയുന്നു. ദ്രൗപദിക്കും ചെറുപ്പത്തിലേ പരിശിലനം ലഭിച്ചിരുന്നു എന്നുവേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. നാദാപുരത്തെ റോഡില്‍വച്ച് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ ഉണ്ണിയാര്‍ച്ച നേരിട്ട സംഭവം നമ്മള് വടക്കന്‍ പാട്ടുകളിലൂടെ അറിഞ്ഞതാണ്. ഒരുപക്ഷേ വൈദേശിക വിദ്യാഭ്യാസത്തിലൂടെ നിന്നുപോയ കായികാഭ്യാസ-പ്രതിരോധ പരിശിലനം വീണ്ടും വിദ്യാലയളില്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനുള്ള ശക്തമായ ആഹ്വാനമാണ് സമന്വയ ബൈഠക്കില്‍ ഉണ്ടായത്. കോളജുകളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ആത്മരക്ഷയ്ക്കായി പരിശീലനം നല്‍കണം എന്ന ആഹ്വാനം അതിന്റെ സൂചകമാണ്.
(വിദ്യാഭ്യാസ വികാസ കേന്ദ്രം (കേരളം) സംസ്ഥാന മഹിളാ സംയോജകയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: