സിപിഎം എംഎല്‍എ പി.വി. അന്‍വര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെയും മറ്റും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം ആശങ്കപ്പെട്ടതുപോലെ തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി: എം.ആര്. അജിത്കുമാറിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും, ഇതിനുവേണ്ടി ആളുകളെ കൊന്നിട്ടുണ്ടെന്നും, ഈ പോലീസുദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ അധികാരം ദുരുപയോഗിച്ച് പി. ശശിയാണെന്നുമൊക്കെയാണ് അന്‍വര്‍ പരസ്യപ്രഖ്യാപനം നടത്തിയത്. താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മൂലം ജീവന് അപകടത്തിലാവാനുള്ള സാധ്യതയുണ്ടെന്നും, ഏത് സാഹചര്യവും നേരിടാന്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിരിക്കുകയാണെന്നും അന്‍വര്‍ പറയുകയുണ്ടായി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിച്ചു. ഇത്രയും ഗുരുതരമായ ആരോപണം കേരളത്തിന്റെ ഭരണചരിത്രത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്നിട്ടില്ല. എഡിജിപിക്കും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ സമഗ്രമായി അനേ്വഷിക്കുമെന്നും, ഏത് ഉന്നതനായാലും നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് അസോസിയേഷന്റെ പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവാണെന്ന് സംശയിച്ചത് ഇപ്പോള്‍ ശരിയായിരിക്കുന്നു. തന്റെ പതിവുശൈലിയില്‍ കളങ്കിതരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വ്യക്തമായി.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ആരോപണവിധേയനായ എം.ആര്. അജിത്കുമാറിന്റെ താഴ്ന്ന റാങ്കിലുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനേ്വഷിക്കുന്നതെങ്കിലും എഡിജിപിക്ക് കീഴിലുള്ളവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് എഡിജിപിക്കെതിരെ ഫലപ്രദമായി അന്വേഷിക്കാനാവില്ല. ആരോപണത്തിന്റെ വെളിച്ചത്തില്‍ അജിത്കുമാറിനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്താത്തത് അന്വേഷണസംഘത്തിനുള്ള മുന്നറിയിപ്പാണ്. അനേ്വഷണ സംഘത്തിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുപോലും ആരോപണവിധേയനെ സംരക്ഷിച്ചുകൊണ്ടുള്ളതാണ്. അജിത്കുമാറിനെതിരായ ആരോപണമല്ല, പി.വി. അന്‍വര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയും, അജിത്കുമാര്‍ നല്കിയ പരാതിയുമാണത്രേ അന്വേഷിക്കുക. പ്രതി വാദിയായിരിക്കുന്നു എന്നര്‍ത്ഥം. ആരെന്തു പറഞ്ഞാലും അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അന്‍വര്‍ ആരോപണമുന്നയിച്ച പി. ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ല. തനിക്ക് ഇതൊന്നും പുത്തരിയല്ലെന്ന ശശിയുടെ പ്രതികരണം ഇതോടൊപ്പം വായിക്കേണ്ടതാണ്. മുഖ്യമന്ത്രിയില്‍നിന്ന് തങ്ങള്‍ക്കെതിരെ നടപടിയൊന്നുമുണ്ടാവില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്നും ആരോപണ വിധേയര്‍ക്ക് ഉറപ്പാണ്. ഈ ഭയം മുഖ്യമന്ത്രിക്കുമുണ്ട്.
താന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് പരാതിക്കാരനായ അന്‍വറിന്റെ പിന്തുണയും ലഭിക്കുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മുഖ്യമന്ത്രിയെക്കണ്ട് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയശേഷമുള്ള അന്‍വറിന്റെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് അന്‍വറിന് അറിയാത്തതല്ല. അന്‍വര്‍ അതുകൊണ്ടാണല്ലോ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഭരണാധികാരിയില്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് അന്‍വറാണ്. അന്‍വറും മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ചിലത് സംഭവിച്ചിരിക്കുന്നു. അന്‍വര്‍ ഒറ്റയ്ക്കല്ലെന്ന് വ്യക്തമാണ്. കെ.ടി. ജലീല്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഒപ്പമുണ്ട്. ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ക്ക് അറിയാം. വ്യക്തിപരവും രാഷ്ട്രീയവുമായ അജണ്ടയോടെയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ചിലത് മുന്നില്‍ കാണുന്നുണ്ട്. അത് നേടിയെടുക്കാന്‍ പറ്റിയ ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് ഇക്കൂട്ടര്‍ക്ക് നന്നായറിയാം. ആരോപണമുന്നയിച്ചവരെയും ആരോപണവിധേയരെയും ഒരുമിച്ചുകൊണ്ടുപോയില്ലെങ്കില് നിലനില്‍പ്പ് അസാധ്യമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നു. ഈ അധോലോക ഭരണസംവിധാനം സംസ്ഥാനത്തിന്റെ ഉത്തമതാല്പര്യങ്ങള്ക്ക് എതിരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: