അറിവിന് എന്താണ് സ്വാദ് എന്ന് ചോദിച്ചാല്‍ ബംഗാളിലെ സുജിത് ചതോപാദ്ധ്യായ പറയുക ചോക്ലേറ്റിന്റെ മധുരം എന്നാകും. തീര്‍ച്ച. കയ്പ്പുള്ള അനുഭവത്തില്‍ നിന്ന് മധുരതരമായ ആനന്ദത്തിലേക്കുള്ളതാണ് ഈ അദ്ധ്യാപകന്റെ യാത്ര. അദ്ദേഹം എല്ലാവര്ക്കും മാസ്റ്റര്‍ മോഷായി ആണ്. ഒരു രൂപമാത്രം ഗുരുദക്ഷിണയായി സ്വീകരിച്ച്, വിദ്യ പകര്‍ന്നു നല്കി അനേകം പേര്‍ക്ക് ജ്ഞാനത്തിന്റെ കണ്ണ് തെളിയിച്ചുകൊടുത്ത ഗുരുനാഥന്.
ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലെ ഓസ്ഗ്രം ഗ്രാമത്തിലാണ് സുജിത് ചതോപാദ്ധ്യായയുടെ ജനനം. ബിരുദാനന്തര ബിരുദം നേടി അദ്ദേഹം നേരെ പോയത് സ്വന്തം ഗ്രാമത്തിലേക്ക്. അദ്ധ്യാപകനാകുകയായിരുന്നു ലക്ഷ്യം. അന്ന് നഗരങ്ങളിലെ വലിയ സ്കൂളുകളില്‍ നിന്ന് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നിരവധി അവസരങ്ങള്‍ വന്നു. അതൊന്നും സ്വീകരിച്ചില്ല. ഗ്രാമത്തിലെത്തി, അവിടുത്തെ സ്കൂള്‍ ഓഫര്‍ ചെയ്ത 169 രൂപ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഗ്രാമീണരായ കുട്ടികള്‍ക്ക് നല്ലൊരു അദ്ധ്യാപകനായി. 39 വര്‍ഷത്തെ സേവനം. 2004 ല്‍ അറുപതാമത്തെ വയസില്‍ വിരമിച്ചു. അദ്ധ്യാപനത്തിന് പ്രായം തടസ്സമോ? അത് ഒരിക്കലും അദ്ദേഹത്തിന് ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. പഠിപ്പിക്കാനുള്ള തന്റെ കഴിവ് ഇല്ലാതായോ എന്ന് സ്വയം ചോദിച്ചു. അതൊരു വിഡ്ഢിത്തം അല്ലേ എന്ന് കരുതിയാലും വിരമിക്കാതിരിക്കുന്നതെങ്ങനെ? അതൊരു അനിവാര്യതയാണെങ്കിലും ചായ കുടിച്ചും ചാര്പ്പോയിയില് കിടന്നും സമയം കളയേണ്ടി വരുമല്ലോ എന്നത് ആ ഗുരുനാഥനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇനി എന്തു ചെയ്യും എന്ന് തന്നോടുതന്നെ ചോദിച്ചു. ഒടുവില്‍ മൂന്ന് പെണ്‍കുട്ടികളുടെ രൂപത്തില്‍ ഉത്തരം അദ്ദേഹത്തിന് മുന്നിലെത്തി.
ഒരു ദിവസം രാവിലെ ആറര മണിക്ക് ആ പെണ്‍കുട്ടികള്‍ മാസ്റ്ററെ കാണാന്‍ വീട്ടിലെത്തി. പെന്‍ഷന്‍പറ്റിയ അദ്ധ്യാപകനെ കാണാന്‍ അവരെത്തിയത് 23 കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടിയാണ്. അതറിഞ്ഞ് സുജിത് ചതോപാദ്ധ്യായ അത്ഭുതപ്പെട്ടു. പഠിക്കണം എന്ന ഏക ആഗ്രഹത്താലെത്തിയ വനവാസിക്കുട്ടികളായിരുന്നു അവര്‍. തൊഴുകൈകളോടെ കുട്ടികള്‍ ചോദിച്ചു, ‘മാസ്റ്റര്‍ജി, അങ്ങ് ഞങ്ങളെ പഠിപ്പിക്കുമോ?”. ഇത് കേള്‍ക്കേണ്ട താമസം അദ്ദേഹം സമ്മതിച്ചു. പക്ഷേ ഒരു ഉപാധി മുന്നോട്ടു വച്ചു. വര്‍ഷം മുഴുവനുമുള്ള സ്കൂള്‍ ഫീസ് നല്‍കണം. അതിന് തയാറാണോ എന്ന്. കുട്ടികളും പറഞ്ഞു സമ്മതം. ‘പണം എങ്ങനെയെങ്കിലും ഉണ്ടാക്കാം മാസ്റ്റര്‍ജി. പക്ഷേ ഞങ്ങള്‍ക്ക് പഠിക്കണം’. അത്രമേല്‍ വലുതായിരുന്നു അവര്‍ക്ക് ആ ആഗ്രഹം. മാസ്റ്റര്‍ അവരോട് തന്റെ ഫീസ് പറഞ്ഞു, ഒരു വര്‍ഷം ഒരാള്‍ക്ക് ഒരു രൂപ!.
ഇതു കേട്ടതും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്താല്‍ മൂവരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, ‘ഞങ്ങള്‍ അങ്ങേക്ക് ഒരു രൂപയും നാല് ചോക്ലേറ്റുകളും വീതം തരാം!’. മാസ്റ്റര്‍ക്കും സന്തോഷം.
അവര്‍ പോയതിന് ശേഷം ധോത്തിയും ധരിച്ച് അദ്ദേഹം നേരെ പോയത് അദ്ധ്യാപകനായിരുന്ന സ്കൂളിലേക്കാണ്. പഠിപ്പിക്കാന്‍ ഒരു ക്ലാസ് റൂം വേണമെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അപേക്ഷ നിരസിച്ചു. എന്നാല്‍ അവിടെ തോറ്റുപോയാല്‍ പരാജയപ്പെടുന്നത് ശിഷ്യരാവാന്‍ ആഗ്രഹിച്ചെത്തിയ ആ പെണ്കുട്ടികളാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വീട്ടിലേക്ക് മടങ്ങി. സ്വന്തം വീടിന്റെ വരാന്ത വൃത്തിയാക്കി. അതൊരു പാഠശാലയാക്കി. 2004 ല്‍ ആയിരുന്നു ഈ സംഭവം. അങ്ങനെ മൂന്ന് പെണ്‍കുട്ടികളുമായി പാഠശാല ആരംഭിച്ചു. മൂന്നില്‍ നിന്ന് പ്രതിവര്‍ഷം മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളിലേക്ക് അറിവിന്റെ ശിഖരങ്ങള്‍ പടര്‍ന്നു പന്തലിച്ചു. വനവാസി പെണ്‍കുട്ടികളാണ് ഭൂരിഭാഗവും. ഇതില്‍ ചിലര്‍ 20 കിലോമീറ്ററിലധികം നടന്നാണ് വരുന്നത്!.
വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ സുജിത് ചതോപാദ്ധ്യായക്ക് ചാരിതാര്‍ത്ഥ്യമാണ്. ശിഷ്യര്‍ നല്ല നിലയിലെത്തി. പ്രൊഫസര്‍മാരും വകുപ്പ് മേധാവികളും ഐടി പ്രൊഫഷണലുകളും വരെയുണ്ട് ശിഷ്യഗണത്തില്‍. അവര്‍ ഇപ്പോഴും തങ്ങളുടെ പ്രിയ മാസ്റ്റര്‍ മോഷായിയെ വിളിക്കുന്നു. അദ്ദേഹം അവരോട് കുറച്ച് ചോക്ലേറ്റുകളും ആവശ്യപ്പെടുന്നു. അങ്ങനെ ആ ഗുരു-ശിഷ്യ ബന്ധം ഇന്നും തുടരുന്നു. സമര്‍ത്ഥരായ ശിഷ്യരെ പ്രതിഫലേച്ഛ കൂടാതെ വാര്‍ത്തെടുത്ത ഈ അദ്ധ്യാപകനെ രാജ്യം 2021 ല്‍ പദ്മശ്രീ നല്കി ആദരിച്ചിരുന്നു. ആ ദിവസം അദ്ദേഹത്തിന്റെ ഫോണിന് വിശ്രമം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമം ഒന്നടങ്കം ആ നേട്ടം ഉത്സവം പോലെ ആഘോഷിച്ചു. എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവധി നല്‍കിയില്ല, അവരെ ക്ലാസ് കട്ട് ചെയ്യാനും അദ്ദേഹം അനുവദിച്ചില്ല.
തന്റെ പാഠശാലയുടെ വാതിലുകള്‍ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട് മാസ്റ്റര്‍ മോഷായി പറയുന്നു, ‘എപ്പോള്‍ വേണമെങ്കിലും എന്നെയും എന്റെ പാഠശാലയേയും സന്ദര്‍ശിക്കാം. ഞങ്ങളുടെ ഗ്രാമം മനോഹരമാണ്, എന്റെ എല്ലാ വിദ്യാര്‍ത്ഥികളും കഴിവുള്ളവരാണ്. നിങ്ങള്‍ക്ക് അവരില്‍ നിന്നെന്തെങ്കിലും പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അവസാന ശ്വാസം വരെ പഠിപ്പിക്കണം എന്നാണാഗ്രഹം. അതിന് വേണ്ടിയാണ് എന്നെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്”.
എത്ര മനോഹരം അല്ലെ. ഇന്ന് ഈ അദ്ധ്യാപക ദിനത്തില്‍ മാസ്റ്റര്‍ മോഷായിയെ തേടി എത്ര ചോക്ലേറ്റുകള്‍ ആവും എത്തിയിട്ടുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: