തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ശ്രീകുമാരന്‍ തമ്പി പുരസ്കാരം നടന് മോഹന്‍ലാലിന് സമ്മാനിച്ചു. ശ്രീമോഹനം എന്ന് പേരിട്ട ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
വിശേഷണവും പരിചയപ്പെടുത്തലും ആവശ്യമില്ലാതെ മലയാളിയുടെ മനസ്സില്‍ തെളിയുന്ന മുഖമാണ് മോഹന്‍ലാലെന്നും മലയാള സിനിമയുടെ യശസുയര്‍ത്തിയ കലാകാരനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി മംഗളപത്രം വായിച്ച് സമര്‍പ്പിച്ചു. കലാകാരികളുടെ മുന്നില്‍ കലകളല്ലാതെ മറ്റൊരു ഉപാധികളും ഉണ്ടാകരുത്. കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രണയഗാനങ്ങളുടെ ഉസ്താദാണ് ശ്രീകുമാരന്തമ്പിയെന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ചുണ്ടനക്കി അഭിനയിക്കാനായത് മഹാസൗഭാഗ്യങ്ങളില് ഒന്നാണെന്നും നടന് മോഹന്‍ലാല്‍ പറഞ്ഞു.
ശതാഭിഷേകത്തിലേക്കെത്തുന്ന ശ്രീകുമാരന്‍ തമ്പിയെ സാംസ്കാരിക മന്ത്രി സജി ചെറിയാന് ആദരിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ വിജയികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആല്‍ബം നിംസ് എംഡി ഡോ. ഫൈസല്ഖാന് മോഹന്‍ലാലിന് നല്കി. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് ചെയര്മാന് ഗോകുലം ഗോപാലന് അധ്യക്ഷനായി. മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍, ഫൗണ്ടേഷന് അധ്യക്ഷന്‍ ജയശേഖരന്‍നായര്‍, സെക്രട്ടറി സി. ശിവന് കുട്ടി. അഭിഭാഷകന് അഡ്വ. പ്രിയദര്ശന് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍, ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: