കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും അടിയന്തര ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയുമേറെ. താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായിട്ടുപോലും ഇവരില്‍ പലര്‍ക്കും അടിയന്തര ധനസഹായമായ 10,000 രൂപ നല്‍കിയിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 822 കുടുംബങ്ങള്‍ക്കാണ് അടിയന്തര ധനസഹായം നല്‍കിയത്.
അവശേഷിക്കുന്നവര്‍ക്കുള്ള 10,000 രൂപ നല്‍കാനുള്ള ചുമതല മേപ്പാടി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ദുരന്തമേഖലയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നായി 728 കുടുംബങ്ങളിലെ 2079 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരില്‍ 231 പേരുടെ മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളും കണ്ടെത്തുകയും ചെയ്തു. 738 വീടുകളും തകര്‍ന്നു. ഇവരില്‍ നിന്ന് 93 കുടുംബങ്ങള്‍ക്ക് മാത്രമാണ് 8 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് 300 രൂപ പ്രകാരം 761 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 581 കുടുംബങ്ങള്‍ക്കും മാത്രമാണ് ധനസഹായം നല്‍കിയത്.
ക്യാമ്പുകള്‍ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടെന്നിരിക്കെ പലരും ഈ തുകയ്ക്കായി ഇപ്പോള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഉരുള്‍ദുരന്തം നേരിട്ട് ബാധിക്കാത്തവര്‍ക്ക് വളരെ വേഗത്തില്‍ ധനസഹായം നല്‍കിയതാണ് ഇത്തരത്തില്‍ പ്രതിസന്ധിക്കിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
കൃത്യമായ വിവരശേഖരണം നടത്താത്തതാണ് ഇതുപോലൊരു പ്രതിസന്ധിക്കിടയാക്കിയത്. മതിയായ സൗകര്യങ്ങളില്ലാത്ത വാടകവീടുകളില്‍ കഴിയുന്ന നിരവധി ദുരന്തബാധിതരാണുള്ളത്. ഇവരില്‍ പലര്‍ക്കും ഇപ്പോഴും അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ നൂറുകണക്കിന് പേര് ഇപ്പോഴും സര്‍ക്കാര്‍ സഹായം കാത്ത് കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: