കൊച്ചി: അറബിക്കടലില്‍ ഗുജറാത്തിന് സമീപം ഇന്നലെ രാത്രിയോടെ അസ്ന ചുഴലിക്കാറ്റ് രൂപമെടുത്തു. കച്ച് മേഖലയിലൂടെ കടന്ന് വന്ന ന്യൂനമര്‍ദം തീവ്രമായ ശേഷം അറബിക്കടലിലേക്ക് പ്രവേശിച്ച് കൂടുതല്‍ ശക്തമായി ചുഴലിക്കാറ്റാകുകയായിരുന്നു. നേരത്തെ ഇന്നാകും ചുഴലിക്കാറ്റ് രൂപപ്പെടുക എന്നാണ് പ്രവചനങ്ങള്‍ വന്നിരുന്നെങ്കിലും കാറ്റ് കൂടുതല്‍ ശക്തമാകുകയായിരുന്നു.
ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പാക് തീരം വഴി ഒമാന്‍ മേഖലയിലേക്കാകും പോകുക. കരതൊടുന്ന കാര്യത്തില്‍ ഇനിയും കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മേഖലയില്‍ ഇത് വ്യാപക നാശം വിതയ്ക്കും. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരത്തേത്ത് നീങ്ങുകയാണ്. ന്യൂനമര്‍ദം ഇന്നലെ രാവിലെയോടെ കൂടുതല്‍ ശക്തമായി. തുടര്‍ന്ന് പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒഡീഷ, ആന്ധ്രാപ്രദേശ് തീരത്തെത്തും. ഇന്ന് പുലര്‍ച്ചയോടെ തീവ്രമാകും. മേഖലയിലും കേരളത്തിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് ഈ ന്യൂനമര്‍ദം കാരണമാകും.
കേരള തീരത്ത് 5 കി.മീ. മുകളില്‍ വരെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഇന്നലെ പുലര്‍ച്ചെയാണ് സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ചത്. ഈ മഴ പല ജില്ലകളിലും ഉച്ചവരെ ശക്തി കൂടിയും കുറഞ്ഞുമിരുന്നു. ഉച്ചയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് എറണാകുളത്തും കോഴിക്കോടുമാണ്.
ഇന്ന് 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉച്ചയോടെയാകും ഒട്ടുമിക്ക ജില്ലകളിലും മഴയെത്തുക. രാത്രിവരെ വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ തുടരും. എന്നാല്‍ ഇന്നലത്തെ അപേക്ഷിച്ച് ശക്തി കുറയുമെന്നാണ് പുതിയ പ്രവചനം. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി വരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: