അമൃത്സര്‍: ഖത്തര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വീണ്ടെടുത്തു. നയതന്ത്ര തലത്തിലുള്ള വിജയമായാണ് ഇത് വിലയിരുത്തുന്നത്. ദോഹ പോലീസ് തിരികെ അയച്ച ഗ്രന്ഥങ്ങള്‍ ഇന്നലെ അമൃത്സറിലേക്ക് എത്തിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതി ഭാരവാഹികള്‍ അമൃത്സര്‍ ശ്രീഗുരു രാംദാസ്ജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഗുരു ഗ്രന്ഥ സാഹിബ് ഏറ്റുവാങ്ങി. തുടര്‍ന്ന് ആചാരപ്രകാരം പല്ലക്കിലേറ്റി ബാബ ഗുര്‍ബക്ഷ് സിങ് ഗുരുദ്വാരയിലെത്തിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഗുരു ഗ്രന്ഥ സാഹിബുകള്‍ മടക്കിയെത്തിക്കുന്ന വിവരം അറിയിച്ചതെന്ന് എസ്ജിപിസി സെക്രട്ടറി പാര്‍ത്ഥിപ് സിങ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ദോഹയിലെ അല്‍ വകര പോലീസ് രണ്ട് ഗുരു ഗ്രന്ഥ സാഹിബ് പതിപ്പുകള്‍ പിടിച്ചെടുത്തത്. ഖത്തറിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പൊതുഇടത്തില്‍ ആരാധന നടത്തി എന്നാരോപിച്ചായിരുന്നു നടപടി. വിവരം ഭായി കനയ്യ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അകാല്‍ തഖ്ത് ജതേദാര്‍ ഗ്യാനി രഘ്ബീര്‍ സിങ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ഖത്തറിലെ ഭാരത പ്രതിനിധിക്കും കത്തയച്ചു. തുടര്‍ന്ന് എംബസിയും വിദേശകാര്യമന്ത്രാലയവും ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: