കോട്ടയം: പ്ലോട്ട് ഡെവലപ്പര്‍ ഡെവലപ്പ്മെന്റ് പെര്‍മിറ്റ് എടുക്കാത്തതിന് പ്ലോട്ട് ഉടമകളെ ബുദ്ധിമുട്ടിക്കരുതെന്നും പ്ലോട്ടുടമകള്‍ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കാനും മന്ത്രിയുടെ ഉത്തരവ്. പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി തദ്ദേശ അദാലത്തിലെത്തിയ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എന്‍.എം. രജനിക്കാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കാന്‍ ഉത്തരവ് നല്‍കിയത്. ഭൂവുടമയായ ഡെവലപ്പര്‍ വിവിധ പ്ലോട്ടുകളായി വിഭജിച്ച് വിറ്റ ഭൂമിയില്‍ ഒന്നാണ് രജനി വാങ്ങിയത്. 10 പ്ലോട്ടിലധികമായി മുറിച്ചുവിറ്റിട്ടും ഡെവലപ്പര്‍ ഡെവല്പ്മെന്റ് പെര്‍മിറ്റ് എടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും കെ റെറയുടെ ഉത്തരവുകള്‍ പരിഗണിച്ചുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനം പെര്‍മിറ്റ് നിഷേധിച്ചത്. ഇതിനെതിരേയാണ് രജനി അദാലത്തിനെ സമീപിച്ചത്.
ഡെവലപ്പറുടെ നിയമലംഘനത്തിന് പ്ലോട്ടുടമകളെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡെവലപ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ സ്ഥലംവിറ്റ ഉടമയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഡെവലപ്പര്‍ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഉള്‍പ്പെടെ ഒരു പെര്‍മിറ്റും എവിടെയും അനുവദിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. ഡെവലപ്പറുടെ വിശദാംശങ്ങള്‍ കെ റെറയ്ക്ക് റിപ്പോര്‍ട്ട് ചെയ്തു തുടര്‍നടപടി സ്വീകരിക്കും. ആവശ്യമായ ശിക്ഷ ഉറപ്പുവരുത്താന്‍ വേണ്ട ചട്ട ഭേദഗതിക്കും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: