ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കാർവാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള പ്രതിസന്ധികൾ നീക്കി തിരച്ചിൽ ഉടൻ പുനരാരംഭിക്കണമെന്നും ജില്ലാ നേതൃത്വം ഇതിനായി മുൻകയ്യെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇവരുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതിനിടെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ ബന്ധു ജിതിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ആറു മണിക്കാണ് കൂടിക്കാഴ്ച നടന്നത്. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ജനപ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും സംഘം ചർച്ച നടത്തും.
ഓഗസ്റ്റ് 16നായിരുന്നു പ്രതികൂല കാലാസ്ഥ ചൂണ്ടിക്കാട്ടി സർക്കാർ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്. തിരച്ചിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പിന്നീട് ചർച്ചയുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: