പ്രകൃതി സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച അമൃതാ ദേവിയുടെ സ്മൃതി ഭാരതീയ മസ്ദൂര്‍ സംഘം പര്യാവരണ്‍ ദിനമായാണ് ആചരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വനത്തേയും വന്യജീവികളേയും സംരക്ഷിക്കാന്‍, ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ദേശീയ ഫോറസ്റ്റ് രക്തസാക്ഷി ദിനം ആചരിക്കുന്നത് സെപ്തംബര്‍ പതിനൊന്നിനാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. മനുഷ്യ നിര്‍മിത ദുരന്തങ്ങളുടെ വേദനിപ്പിക്കുന്ന ചിത്രങ്ങളായി മേപ്പാടി, പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ, കുറാഞ്ചേരി, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍ തുടങ്ങിയ ഗ്രാമങ്ങള്‍ മാറി. ഇക്കാലത്തുതന്നെയാണ് രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഖേജഡലി ഗ്രാമീണരുടെ പരിസ്ഥിതി സൗഹാര്‍ദമായ ജീവിതം.
അസഹ്യമായ ചൂട്, പ്രളയം , മഞ്ഞുരുകല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇന്ന് ലോകത്ത് പതിവാണ്. ഉഷ്ണതരംഗം, വെള്ളപ്പൊക്കം, അതിശൈത്യം എന്നിവയാലും അതേ തുടര്‍ന്നുള്ള രോഗങ്ങളാലും മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ മരിക്കുന്നത് ഭയാനകമായ രീതിയില്‍ വര്‍ധി ക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ മനുഷ്യന്റെ അതിജീവനത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഭൂമിയെ പുനഃസ്ഥാപിക്കണം, വരള്‍ച്ചയെ പ്രതിരോധിക്കണം, നമ്മുടെ നാടാണ് നമ്മുടെ ഭാവി എന്നീ ആശയങ്ങള്‍ മുന്നോട്ട് വെച്ച ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ലോകത്തുടനീളം സംഘടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ കാര്യങ്ങളില്‍ ഭാരതത്തിന്റെ പരിസ്ഥിതി ദര്‍ശനവും ജീവിത മാതൃകയും ഇതിനോടകം ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്.
ഭൂമിയാകുന്ന അമ്മയുടെ പുത്രനാണ് ഞാന്‍. അല്ലയോ ഭൂമി മാതാവേ അവിടുത്തെ ഗര്‍ഭപാത്രത്തില്‍നിന്ന് ഞങ്ങള്‍ കുഴിച്ചെടുത്തതെന്തും വേഗതയില്‍ വളര്‍ന്ന് വരട്ടെ. അവിടുത്തെ ഹൃദയത്തെ മുറിവേല്‍പ്പിക്കാന്‍ ഇടവരുത്തല്ലേ. ഇങ്ങനെയുള്ള വേദസൂക്തങ്ങള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തേയാണ് കാണിക്കുന്നത്. ( മാതാഭൂമി പുത്രോഹം പൃഥിവ്യാ,.. യത്തേ ഭൂമേ വിഖനാമി തദപി രോഹതു).
ഭാരതത്തില്‍ ഏതു പാഠനവും ചടങ്ങും അവസാനിക്കുന്നത് ലോകം മുഴുവന്‍ സുഖം പകരട്ടെയെന്ന ശാന്തി മന്ത്രത്തോടെയാണ്. ദ്വൗ ശാന്തി: അന്തരീക്ഷം ശാന്തി; പൃഥ്വി ശാന്തി: എന്ന് തുടങ്ങുന്ന ഒരു ശാന്തി മന്ത്രമുണ്ട്. അന്തരീക്ഷത്തിനും ലോകത്തിനും ജലത്തിനും ഔഷധങ്ങള്‍ക്കും വനസ്പതികള്‍ക്കും വൃക്ഷങ്ങള്‍ക്കും എന്തിനേറെ ശാന്തിക്ക് പോലും ശാന്തി ഉണ്ടാവണമെന്നാണ് ഇതിലെ പ്രാര്‍ത്ഥന. അനശ്വരമായ ഈ മന്ത്രത്തിന്റെ ചുരുക്കെഴുത്താണ് വസുധൈവ കുടുംബകം എന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഈ സന്ദേശം. ആത്മീയതയുടെ അടിസ്ഥാനത്തിലുള്ള പ്രപഞ്ച വീക്ഷണമാണിത്. അതുകൊണ്ടാണ് ലോകം ഈ മഹാ വാക്യത്തെ സ്വീകരിക്കുന്നത്.
ഇങ്ങനെ പ്രകൃതി സ്‌നേഹത്തില്‍ അധിഷ്ഠിതമായ സംസ്‌കാരവും ആചാരണവും വെച്ചുപുലര്‍ത്തുന്ന ജനങ്ങള്‍ ഇന്നും ഭാരതത്തില്‍ ജീവിക്കുന്നുണ്ട്. അതിനേറ്റവും വലിയ ഉദാഹരണമാണ് രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഖേജഡലി ഗ്രാമീണരുടെ ജീവിതം. ആത്മീയതയുടെ ആവിഷ്‌കാരമാണ് പ്രകൃതിയിലുള്ള വൃക്ഷങ്ങളും മറ്റ് സകല ജീവജാലങ്ങളും. ഇവയെ ജീവനേക്കാള്‍ വിലയുള്ളതായി കാണുകയും രക്ഷിക്കുകയും ചെയ്യുന്ന ജീവിത ശൈലിയാണ് അവരുടെത്. ‘സമുദ്ര വസനേദേവി പര്‍വതസ്തന മണ്ഡലേ വിഷ്ണുപത്‌നി നമസ്തുഭ്യം’ എന്ന പ്രാര്‍ത്ഥനയോടെ ദിവസം തുടങ്ങുന്ന ഇവരുടെ പ്രകൃതി സ്‌നേഹം ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
ആധുനിക ലോകം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പരിസ്ഥിതിയെ പ്രണയിച്ച ഗ്രാമീണരാണ് ഖേജഡിയിലുള്ളത്. സ്വാമി ജംബേശ്വര്‍ മഹാരാജ് ( 1485 ) എന്ന സ സംന്യാസിയാണ് ഇവരെ ഈ നിലയില്‍ പാകപ്പെടുത്തിയ ആത്മിയഗുരു. അദ്ദേഹം സ്ഥാപിച്ച ബിഷ്‌ണോവ പ്രസ്ഥാനമാണ് ഗ്രാമീണരുടെ ശക്തി. ഇരുപത്തി ഒന്‍പത്( ബീസ് 20+, നൗ 9 =29 ) തത്ത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തത്ത്വസംഹിതയാണ് ഈ പ്രസ്ഥാനത്തിന്റെ ആശയാടിത്തറ. വ്യക്തി ശുചിത്വം, ആരോഗ്യകരമായ സാമൂഹിക പെരുമാറ്റം, ഈശ്വരാരാധന, ജൈവവൈവിധ്യ സംരക്ഷണം എന്നിവയാണതില്‍ പ്രധാനം.
2022 ഡിസംബറില്‍ 185 രാജ്യങ്ങള്‍ അംഗീകരിച്ച ഗ്ലോബല്‍ ബയോഡൈവേഴ്‌സിറ്റി ചട്ടക്കൂട് ജൈവ വൈവിധ്യ നഷ്ടം തടയുന്നതിനും ഭൂമിയിലെ ജീവന്റെ സാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അതില്‍ 2050 വരേയുള്ള കാലയളവില്‍ കൈവരിക്കേണ്ട 27 ലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ഇതും ബിഷ്‌ണോയ് വിശ്വാസികളുടെ 29 തത്ത്വങ്ങളും ചേര്‍ത്തു വായിക്കുമ്പോഴാണ് ജംബേശ്വര്‍ എന്ന ഗുരുവിന്റെ പ്രകൃതി സംരക്ഷണ സന്ദേശത്തിന്റെ മഹത്വം തിരിച്ചറിയൂ. കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് തയ്യാറാക്കുന്ന ഇതുപോലുള്ള റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ഔപചാരികമായ ചടങ്ങുകളില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ ബിഷ്‌ണോയ് സമുദായത്തിലുള്ളവര്‍ അവരുടെ ഗുരുവിന്റെ ഉപദേശം അനുസരിക്കുന്നു. ജൈവവൈവിധ്യവും മാനവികതയും പരിരക്ഷിക്കുന്ന ഈ സമുദായത്തില്‍ പെട്ടവരാണ് ജാട്ട് , മാര്‍വാഡി, ചരണ്‍ രജ്പുത് എന്നീ വിഭാഗങ്ങള്‍. സഹാറ, താര്‍ മരുഭൂമികളില്‍ പച്ചപ്പ് വിരിയിക്കാനും മരുവല്‍ക്കരണത്തെ വലിയൊരളവില്‍ തടയാനും കഴിഞ്ഞതില്‍ ഈ സമൂഹത്തിന്റെ പങ്ക് വലുതാണ്.
ഖേജരിക്കായി അമൃതാ ദേവിയുടെ പോരാട്ടം
പ്രകൃതി സംരക്ഷണത്തിനു വേണ്ടി വീരമൃത്യു വരിച്ച അമൃതാ ദേവിയുടെ ധീരമായ പോരാട്ട ചരിത്രമാണ് ഈ സമൂഹത്തെ കൂടുതല്‍ തിരിച്ചറിയാന്‍ ഇടയാക്കിയ സംഭവം. 1780 ആഗസ്ത് 28 ല്‍ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി നടന്ന ഐതിഹാസികമായ സമര പോരാട്ടത്തിലാണ് അമൃതാ ദേവിയുടെ ജീവത്യാഗം നടന്നത്.
രാജസ്ഥാനിലെ ജോധ്പൂരില്‍ കോട്ടകളും കൊട്ടാരങ്ങളും പണിയാനുള്ള തടികള്‍ക്ക് വേണ്ടി ഗ്രാമത്തിലെ ഖേജരി വൃക്ഷങ്ങള്‍ വെട്ടിയെടുക്കാന്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അഭയ് സിംഗ് ഉത്തരവിട്ടു. ജീവന്റെ വൃക്ഷം എന്നറിയപ്പെടുന്ന ഖേജരി രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷമാണ്. മുള്ളുകളുള്ള നിത്യഹരിതമായ ഈ വൃക്ഷം വരള്‍ച്ചയെ നേരിടുന്നതിനും മണ്ണില്‍ നൈട്രജന്‍ ഉണ്ടാക്കുന്നതിനും ഏറെ സഹായിക്കുന്നതാണ്. താര്‍ മരുഭൂമിയില്‍ ധാരാളമായി കണ്ടുവരുന്ന ഖേജരി വൃക്ഷത്തെ തമിഴില്‍ വന്നിയെന്നും സംസ്‌കൃതത്തില്‍ ശമീവൃക്ഷമെന്നുമാണ് അറിയപ്പെടുന്നത്. പാണ്ഡവര്‍ തങ്ങളുടെ ആയുധങ്ങള്‍ ഭക്തിയോടെ സൂക്ഷിക്കാനും, ശ്രീരാമചന്ദ്രന്‍ യുദ്ധത്തിന് മുമ്പ് ആരാധിക്കാനും തെരഞ്ഞെടുത്തത് ഈ ദിവ്യവൃക്ഷത്തെ ആയിരുന്നു. ബിഷ്‌ണോയ് ജനതയുടെ ആത്മീയാചാര്യനായ ജംബാജിയുടെ മഹാസമാധി സംഭവിച്ചതും ഖേജരി വൃക്ഷ ച്ചുവട്ടില്‍ ആയിരുന്നു. ഇങ്ങനെ ഏറ്റവും പവിത്രവും ഉപകാരപ്രദവുമായ ഈ വൃക്ഷം ഗ്രാമീണര്‍ക്ക് ജീവനേക്കാള്‍ പ്രിയമായിരുന്നു. അങ്ങനെയുള്ള മരങ്ങള്‍ മുറിക്കാനാണ് സായുധരായ സൈനിക സംഘം ഗ്രാമത്തിലെത്തിയത്. അപ്പോഴാണ് പ്രകൃതി സ്‌നേഹികളായ അവിടത്തെ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്ന വൃക്ഷങ്ങള്‍ വെട്ടരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന സമരക്കാരുടെ ആവശ്യം ഭരണാധികാരി അവഗണിക്കുകയും പ്രതിഷേധക്കാരെ തടയുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ എതിര്‍പ്പും ശക്തമായി. ആര്‍ത്തിരമ്പിയ പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്താണെങ്കിലും വേണ്ടില്ല മരങ്ങള്‍ മുറിച്ചേ പറ്റൂ എന്നായി ദിവാന്റെ ആജ്ഞ. സായുധരായ സൈന്യം ബലം പ്രയോഗിക്കാന്‍ തുടങ്ങിയതോടെ നിരായുധരും സാധുക്കളുമായ ജനങ്ങള്‍ സൈന്യത്തെ ഭയന്ന് പിന്‍വാങ്ങി. ഈ സമയത്ത് അമൃതാ ദേവിയുടെ നേതൃത്വത്തില്‍ കര്‍ഷകരായ ഗ്രാമീണ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു സംഘം ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. വൃക്ഷങ്ങളെ രക്ഷിക്കാനും ദിവാന്റെ ആജ്ഞ ലംഘിക്കാനും മരണം വരെ പൊരുതാനും അവര്‍ തീരുമാനിച്ചു.
ഒരു കാരണവശാലും മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അമൃതാദേവി ഖേജരി വൃക്ഷത്തെ കെട്ടിപ്പിടിച്ചു നിന്നു. ഇതൊന്നും വകവയ്‌ക്കാതെ ക്രൂരരായ സൈനികര്‍ അവരെ നിര്‍ദ്ദാക്ഷിണ്യം വൃക്ഷത്തോടൊപ്പം വെട്ടി കൊന്ന് കഷണങ്ങളാക്കി മാറ്റി. അമൃതാ ദേവിയുടെ പുത്രിമാരായ അസു , രത്‌നി, ഭാഗു എന്നിവരും അമ്മയുടെ പാത പിന്തുടര്‍ന്ന് വീരമൃത്യു വരിച്ചു. കലി മൂത്ത സൈനികരുടെ വാള്‍ത്തലപ്പുകള്‍ അവിടെയാകെ ചോരപ്പുഴകള്‍ തീര്‍ത്തു. ഉയിരകന്നും ഉടല്‍ തകര്‍ന്നും ചിതറിക്കിടക്കുന്ന ശിരസുകള്‍ കൊണ്ട് നിറഞ്ഞ ആ ഗ്രാമത്തിലെ കാഴ്ച ഭീതിയുളവാക്കി. 63 സ്ത്രീകളടക്കം 363 ഗ്രാമീണര്‍ അവിടെ പിടഞ്ഞു മരിച്ചു. മനുഷ്യത്വം മരവിച്ച സൈനികര്‍ ഗ്രാമീണരുടെ മേല്‍ അഴിച്ചുവിട്ട അക്രമവും കൊലപാതകവും ഒരാഴ്ചക്കാലം നീണ്ടുനിന്നു. തൊട്ടടുത്ത ദിവസം വിവാഹിതനായ ഒരു യുവാവ് പങ്കാളിയേക്കാള്‍ കൂടുതല്‍ പ്രണയിച്ച വൃക്ഷത്തിന്റെ സംരക്ഷണത്തിനായുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചു. അങ്ങേയറ്റം ക്രൂരത നിറഞ്ഞ ഈ സംഭവം കേട്ട് കൊല്ലാന്‍ കല്പിച്ച രാജാവ് പോലും ഞെട്ടിത്തരിച്ചു.
വെട്ടിമാറ്റിയ തലക്ക് വെട്ടാന്‍ പോകുന്ന മരത്തേക്കാള്‍ വിലക്കുറവാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രകൃതി മാതാവിന്റെ സംരക്ഷണത്തിന് വേണ്ടി ജീവന്‍ വെടിയുന്നൊരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജാവ് സ്തബ്ധനായി. പശ്ചാത്താപവും ദുഃഖവും നിറഞ്ഞ അദ്ദേഹം കൊള്ളയും കൊലയും നിര്‍ത്താന്‍ ഉത്തരവിട്ടു. മാത്രമല്ല അദ്ദേഹം ഗ്രാമത്തില്‍ നേരിട്ട് വന്ന് ജനങ്ങളോട് ക്ഷമായാചനവും നടത്തി. മേലില്‍ ഈ ഗ്രാമത്തിലെ ഒരു വൃക്ഷവും മുറിക്കരുത്, ജീവജാലങ്ങളെ ഹിംസിക്കരുത് , ഇത് ലംഘിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കും എന്ന രാജ കല്പന ഉടന്‍ വന്നു. ഇന്നും ഗ്രാമവാസികളും ഭരണകൂടവും ഈ കല്പന അക്ഷരംപ്രതി അനുസരിക്കുന്നു. പ്രകൃതി സംരക്ഷണത്തിനു വേണ്ടി ജീവന്‍ ബലികൊടുത്ത ഇതുപോലൊരു സംഭവം ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. യഥാര്‍ത്ഥത്തില്‍ ഈ ചരിത്രം നമ്മുടെ പാഠമാവേണ്ടതാണ്.
ഖേജഡലി ഗ്രാമത്തില്‍ കണ്ടുവരുന്ന അപൂര്‍വയിനം മാനാണ് കൃഷ്ണമൃഗം. യാഗാദികളായ പുണ്യകര്‍മ്മം നടത്താന്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം കൃഷ്ണമൃഗത്തെ കാണുന്ന സ്ഥലത്താണ് എന്നാണ് വേദം പറയുന്നത്. 1998 ഒക്ടോബര്‍ മാസത്തില്‍ ഒരു സിനിമാ ചിത്രീകരണത്തിന് വന്ന സിനിമാതാരം സല്‍മാന്‍ ഖാന്‍ ഈ മൃഗത്തേയാണ് വേട്ടയാടി കൊന്നത്. നടനെതിരെ ഗ്രാമീണര്‍ കേസ് കൊടുത്തു. ദീര്‍ഘകാലത്തെ നിയമ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. കോടതി കുറ്റക്കാര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. അധികാരവും പണവും സ്വാധീനവും ഉപയോഗിച്ച് കേസില്‍ നിന്നും ഒഴിവാകാന്‍ പലതവണ ഖാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശിക്ഷ ഉറപ്പാക്കാന്‍ ഗ്രാമീണര്‍ നിതാന്ത ജാഗ്രതയോടെ കേസ് പിന്‍തുടര്‍ന്നു. മൃഗങ്ങളെ വേട്ടയാടുന്നത് തെറ്റാണെന്ന സന്ദേശം അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാല്‍മാന്‍ ഖാന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്നും പിന്‍വാങ്ങാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോയത് എന്നാണ് ബിഷ്‌ണോയ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ പ്രതികരിച്ചത്. കൊല്ലും കൊലക്കും അധികാരമുണ്ടായിരുന്ന രാജാവിനെ പോലും ആത്മബലം കൊണ്ട് നേരിട്ടവരുടെ പിന്‍മുറക്കാരാണവര്‍. അങ്ങനെയുള്ള അവര്‍ പ്രകൃതിക്കെതിരെ നീങ്ങുന്ന ഒരുവനേയും വെറുതേ വിടില്ല. ഈ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറ പോലും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്നവരാണ്. അന്തര്‍ദേശീയ തലത്തിലുള്ള നിയമങ്ങള്‍ പോലും പഠിച്ച് കോടതികളില്‍ നിയമപോരാട്ടം നടത്താന്‍ എന്നും ഇവര്‍ മുന്നിലാണ്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വനം വകുപ്പുമായി സഹകരിച്ച് പ്രകൃതി സംരക്ഷണം നടത്തുന്ന ഇവിടത്തെ ജനങ്ങള്‍ ഇന്നും ലോകത്തിന് മാതൃകയാണ്.
അമ്മയാകുന്ന ഭൂമിയുടെ മക്കളാണ് എന്നത് അവര്‍ക്ക് വെറും വാക്കല്ല. ജീവിതവും സംസ്‌കാരവും ആണ്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പ്രകൃതി അമ്മയാണ്.
പ്രകൃതി മാതാവിന് പരിരക്ഷ നല്‍കിയ അമൃതാ ദേവി വീരാംഗനയാണ്. അതുകൊണ്ടാണ് അമൃതാദേവിയുടെ ബലിദാനം ലോകത്തിന് മാതൃകയാകുന്നത്. ഉത്തരാഖണ്ഡില്‍ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ ചിപ്‌കോ (1970) പ്രക്ഷോഭത്തിന് പ്രേരണ ഈ സംഭവവും ഇവിടുത്തെ ജനങ്ങളുടെ ത്യാഗവുമായിരുന്നു. പരിസ്ഥിതി ബലിദാനികള്‍ക്കായി രാജസ്ഥാന്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തില്‍ എല്ലാ വര്‍ഷവും അനുസ്മരണ പരിപാടികള്‍ നടത്താറുണ്ട്. പഞ്ചാബിലെ മെഹ്‌റാന ധോരയില്‍ പത്ത് കോടി രൂപ ചെലവഴിച്ച് 363 രക്തസാക്ഷികളുടെ സ്മരണക്കായി ഒരു സ്മാരകവും ഫോറസ്റ്റ് അവേര്‍നസ് പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അമൃതാ ദേവിയുടെ സ്മൃതി ദിനമായി സെപ്തംബര്‍ 11 ആണ് ആചരിക്കുന്നത്. വനം വന്യജീവി സംരക്ഷണത്തിന് ജീവന്‍ ബലിയര്‍പ്പിച്ച പരിസ്ഥിതി പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അനവധി ആളുകളാണ് എല്ലാവര്‍ഷവും ഇവിടേക്ക് വരുന്നത്. മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മൃഗ സ്‌നേഹികള്‍ക്കും രാജസ്ഥാന്‍, മധ്യ പ്രദേശ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയതാണ് അമൃതാ ദേവി സ്മൃതി പുരസ്‌കാരം. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് അമൃതാ ദേവി ബിഷ്‌ണോയ് വന്യജീവി സംരക്ഷണ അവാര്‍ഡ്.
ഈ ഗൗരവം കണക്കിലെടുത്ത് ഭാരതീയ മസ്ദൂര്‍ സംഘം അഖിലേന്ത്യാ തലത്തില്‍ അമൃതാ ദേവി സ്മൃതിദിനമായ ആഗസ്ത് 28 പര്യാവരണ്‍ ദിനമായി ആചരിക്കുന്നു. ദേശീയ ബോധവും പ്രകൃതി സ്‌നേഹവുമുള്ള തൊഴിലാളികളാണ് രാഷ്‌ട്രത്തിന്റെ സമ്പത്ത്. അതുകൊണ്ടാണ് എല്ലാ വിഭാഗം തൊഴിലാളികളേയും പങ്കെടുപ്പിച്ച് കൊണ്ട് അമൃതാ ദേവി പുരസ്‌കാരം, വൃക്ഷത്തൈ വിതരണം, സെമിനാര്‍, ചര്‍ച്ച സമ്മേളനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്.
(ലേഖകന്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റിട്ട.പ്രൊഫസറാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: