കൊല്ലം: എഴുത്തിന്റെ വഴിയിലാണ് ഈ സഹോദരിമാര്‍. തങ്ങളുടെ ആത്മാവിഷ്കാരങ്ങളെ അവര്‍ എഴുത്തുകളായി പുനര്‍ജ്ജനിപ്പിക്കുകയാണ്. ആ യുവപ്രതിഭകളെത്തേടി ഇപ്പോള്‍ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കുള്ള ബംഗാള്‍ ഗവര്‍ണറുടെ അവാര്‍ഡും എത്തിയിരിക്കുകയാണ്. കൊല്ലം വാളത്തുങ്കല്‍ ‘ലക്ഷണം’ വീട്ടില്‍ താമസിക്കുന്ന കേണല്‍ എസ്. ഡിന്നിയുടെയും ലക്ഷ്മി ഡിന്നിയുടെയും മക്കളായ ഗൗരി നായര്‍, ഗംഗാ നായര്‍ എന്നിവര്‍ക്കാണ് ഇത്തവണ ബംഗാള്‍ ഗവര്‍ണര്‍ എമേര്‍ജിങ് ഓതേഴ്സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റും ഫലകവും പതിനായിരം രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം.
കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ വച്ചാണ് പുരസ്കാരം സമ്മാനിക്കുക. ഒരു കുടുംബത്തില്‍ അതിഥിയായി എത്തുന്ന നായയുടെ കഥ പറയുന്ന ‘പാവ്പ്രിന്റ്സ്’ എന്ന കൃതിയാണ് ഗംഗാ നായര്‍ എഴുതിയത്.
സാങ്കല്‍പ്പിക ലോകത്തില്‍ അകപ്പെടുന്ന ഒരു കുട്ടിയുടെ സാഹസികതയുടെ കഥ പറയുന്ന ‘ദി സിന്ദോരന് ലെജന്‍ഡ്’ എന്ന കൃതിയാണ് ഗൗരി നായര്‍ എഴുതിയിരിക്കുന്നത്.
ഈ നോവലുകളുടെ പ്രകാശനം കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ടൗണ്‍ ഹാളില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആണ് പ്രകാശനം ചെയ്തത്.
ആദ്യ കോപ്പി മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് ഏറ്റുവാങ്ങി. ഫാത്തിമ മാതാ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്തിയ കാതറിന് മൈക്കിള്‍, ട്രിനിറ്റി ലൈസിയം പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജാക്സണ് ജെ, നവദീപ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് ക്ലീറ്റസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവദീപ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗംഗ നായര്‍. ഫാത്തിമ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: