ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ ദര്ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്ക് സസ്പെന്ഷന്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടന് കഴിയുന്നത്. ദര്ശന് തൂഗുദീപയ്ക്ക് കസ്റ്റഡിയില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു പിന്നാലെയാണ് നടപടി.
സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ജി. പരമേശ്വര്‍ വ്യക്തമാക്കി.
ജയിലിനുള്ളില്‍ തുറസായ സ്ഥലത്ത് ഒരു കൈയില്‍ കോഫിയും മറ്റൊന്നില്‍ സിഗരറ്റും പിടിച്ചിരിക്കുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയിലില്‍ നിന്നും വീഡിയോ കോളിലൂടെ മറ്റൊരാളോട് സംസാരിക്കുന്ന ദര്‍ശന്റെ വീഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു. കൊലക്കേസ് പ്രതിയായിരുന്നിട്ടും സെലിബ്രിറ്റി സ്റ്റാറ്റസിന്റെ പേരില്‍ ദര്ശന് പ്രത്യേക പരിഗണന ലഭിക്കുന്നതായി ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രേണുകസ്വാമി വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദര്‍ശന്റെ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗുണ്ടാ നേതാവായ വില്‍സല്‍ ഗാര്ഡന് നാഗ, മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കൊപ്പം കസേരയിലിരുന്ന് കപ്പില്‍ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രമാണ് ഞായറാഴ്ച മുതല്‍ പ്രചരിക്കുന്നത്.
ഇതോടെ സര്‍ക്കാരിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വെളിപ്പെട്ടിട്ടില്ലെങ്കിലും കര്‍ണാടക ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: