മാന്നാര്‍: സമഗ്രമായ ഒരാശയ വിപ്ലവത്തിലൂടെ കേരള സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഋഷി വര്യനായിരുന്നു ചട്ടമ്പി സ്വാമികളെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി വര്ഷാചരണസഭയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് വെറും സാമൂഹിക പരിവര്‍ത്തനമല്ല സര്‍വ്വതല സ്പര്‍ശിയായ മുന്നേറ്റമായിരുന്നു. അതിന് കളമൊരുക്കിയതില്‍ ചട്ടമ്പിസ്വാമിക്ക് വലിയ പങ്കാണ് ഉണ്ടായിരുന്നത്. യോഗവും വേദാന്തവും മാത്രമല്ല, സംഗീതവും ചിത്രകലയും വൈദ്യവും കൃഷിയും പാചക കലയും തുടങ്ങി 64 കലാവിദ്യകളിലും സ്വാമിക്ക് അഗാധമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. വിദ്യാധിരാജന്‍, മഹാഗുരു എന്നെല്ലാം ആരാധനാ ഭാവത്തോടെ സ്വാമിയെ വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലം വേറൊന്നുമല്ല. ജന്മനാ ജിജ്ഞാസു ആയിരുന്ന സ്വാമിജി ആര്‍ജിച്ച വിജ്ഞാനം അര്‍ഹരായവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും ഉത്സുകനായിരുന്നു.
ഭാരതീയ വേദാന്തത്തിന്റെ സാരം ജീവകാരുണ്യമാണെന്ന പാഠമാണ് അദ്ദേഹം ലോകത്തിന് പകര്‍ന്ന് നല്‍കിയത്. അത് സ്വയം ആചരിച്ച് അദ്ദേഹം അനേകരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജന്തുക്കളോടും സസ്യങ്ങളോടുമൊക്കെ അവരുടേതായ ഭാഷയില്‍ വാത്സല്യപൂര്‍വ്വം സംവദിച്ചിരുന്നു. സര്‍വ്വ ചരാചരങ്ങളേയും ചേര്‍ത്തുപിടിക്കുന്ന സമത്വദര്‍ശനത്തില്‍ ജ്ഞാനനിഷ്ഠനുമായിരുന്നു സ്വാമികളെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ആര്. രാജലക്ഷ്മി അധ്യക്ഷയായി. ഡോ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ. എസ്. ഉമാദേവി, ജില്ലാ സെക്രട്ടറി വി. വിനുകുമാര്‍, മേഖലാ സംഘടനാ സെക്രട്ടറി പി.എസ്. സുരേഷ്, രാജന് രവീന്ദ്രന്, സുഭാഷ് ബാബു, യോഗാചാര്യന് സജീവ് പഞ്ചകൈലാസി, എന്‍എസ്എസ് കുരട്ടിക്കാട് കരയോഗം പ്രസിഡന്റ് ജി. ഗണേശ്കുമാര്‍, ഡോ. മുരാരി ശംഭു, വിഷ്ണു അശോക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: