ബംഗാളി നടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക താല്‍പ്പര്യത്തോടെ മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം സംവിധായകന് രഞ്ജിത്ത് രാജിവച്ചിരിക്കുന്നു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്നോട് മോശമായി പെരുമാറിയെന്നും, ഒരു രാത്രി മുഴുവന്‍ ഹോട്ടല്‍ മുറിയില്‍ പേടിച്ചു കഴിയേണ്ടി വന്നുവെന്നും നടി ശ്രീലേഖ മിത്രയാണ് വെളിപ്പെടുത്തിയത്. ഇംഗിതത്തിനു വഴങ്ങാതിരുന്നതിനാല്‍ തനിക്ക് ആ സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടുവെന്നും നടി പറയുകയുണ്ടായി. എന്നാല്‍ ആരോപണം നിഷേധിച്ച രഞ്ജിത്ത്, നടിയെ വിളിച്ചുവരുത്തിയത് ഓഡിഷനാണെന്നും, ചലച്ചിത്ര അക്കാദമിയില്‍നിന്ന് രാജിവയ്ക്കേണ്ടതില്ലെന്നുമാണ് പ്രതികരിച്ചത്. ആരോപണം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും കേസെടുത്താല്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും നടി പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് ചെയര്മാന് സ്ഥാനം രഞ്ജിത്ത് ‘സ്വമേധയാ’ രാജിവച്ചത്.
ഇങ്ങനെയൊരു സംഭവമില്ലെന്നും, രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ആദ്യം പറഞ്ഞതില്‍നിന്ന് രഞ്ജിത്തിന് മാറേണ്ടി വന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാന് രഞ്ജിത്തിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ സംവിധായകനാണെന്നും, ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നുമാണ് സാംസ്കാരിക മന്ത്രി പറഞ്ഞത്. മന്ത്രിയുടെ നിലപാട് വിവാദമാവുകയുണ്ടായി. രഞ്ജിത്തിനെപ്പോലെ സജി ചെറിയാനും ആദ്യം പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റം.
സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഒരു നടിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന് സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജിത്തും രാജിവച്ചിരിക്കുന്നത്. സിദ്ദിഖിനെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്നും, പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും, സിദ്ദിഖിന് സിനിമയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും നടി ആവശ്യപ്പെട്ടിരിക്കുകയാണ്. സിനിമാ രംഗത്ത് നടിമാര്‍ക്കെതിരെ പലതരത്തിലുള്ള ചൂഷണവും ലൈംഗിക അതിക്രമങ്ങളും നടക്കുന്നതായുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് വലിയ വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’യ്ക്കെതിരല്ലെന്നും, റിപ്പോര്ട്ടിന്മേല് നടപടിയെടുക്കുമെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലൈംഗികാരോപണങ്ങളില്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞ സിദ്ദിഖിനെതിരെ തന്നെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ആരോപണവിധേയര്‍ പുറമേക്ക് കാണിക്കുന്ന ആത്മവിശ്വാസം വെറും പൊള്ളയാണെന്നും, പലരുടെയും നില പരുങ്ങലിലാണെന്നും സിദ്ദിഖിന്റെ പ്രസ്താവനയും രാജിയും വ്യക്തമാക്കുന്നു. നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെയും അതീവഗുരുതരമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞ് പിടിച്ചുനില്ക്കാന് ശ്രമിക്കുകയാണ് മുകേഷ്. സമാനമായ ആരോപണങ്ങളില്‍ സിദ്ദിഖും രഞ്ജിത്തും ചെയ്തപോലെ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചത് എന്തുകൊണ്ടാണെന്നുള്ളതിന്റെ മറുപടിയും ഇതിലുണ്ട്.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് പതിനഞ്ച് പേരടങ്ങുന്ന പവര്‍ ഗ്രൂപ്പാണെന്നും, അനാശാസ്യമായ നിരവധി കാര്യങ്ങളാണ് ഈ രംഗത്ത് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സ്വകാര്യതയുടെ ലംഘനമാണെന്നു പറഞ്ഞ് ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമാ രംഗത്തുള്ളവരുടെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദം ഇതിനു പിന്നിലുണ്ട്. വേട്ടക്കാരെയും ഇരകളെയും ചേര്‍ത്ത് സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിച്ച് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതും, അവര്‍ക്ക് രാജി വയ്ക്കേണ്ടി വന്നതും. സിനിമാ രംഗത്തെ ആരോപണവിധേയര്‍ക്കും, അവരെ ഏതുവിധേനയും സംരക്ഷിക്കാനൊരുങ്ങിയ സര്‍ക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണിത്.
സര്‍ക്കാരിന്റെ പ്രത്യേകിച്ച് സാംസ്കാരിക മന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. എന്നാല്‍ ചിലരുടെ രാജികൊണ്ടു മാത്രം തീരുന്ന പ്രശ്നങ്ങളല്ല ഇത്. ആരുടെയെങ്കിലും ധാര്‍മിക ബോധത്തിന്റെ പ്രശ്നവുമല്ല. കാരണം ഇത് സിനിമയല്ല, ജീവിതമാണ്. നിയമങ്ങള്‍ ബാധകമാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നിട്ടുള്ളതായാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടണം. രണ്ട് പേരുടെ രാജിയോടെ എല്ലാം അവസാനിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: