പത്തനംതിട്ട: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പത്ത് ലക്ഷം രൂപ കൈയിലെത്തിയാല്‍ ആളുകള്‍ നിക്ഷേപം എന്ന രീതിയില്‍ ആദ്യം ചിന്തിക്കുക ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി അതില്‍ നിന്നുള്ള പലിശ സമ്പാദ്യമാക്കുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ബാങ്ക് അനുബന്ധ നിക്ഷേപങ്ങളോട് പുതുതലമുറ വിമുഖത കാണിക്കുന്ന ട്രെന്‍ഡാണ് രാജ്യമാകെ.
പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഹരി വിപണിയിലേക്കും ഇന്‍ഷുറന്‍സ് മേഖയിലേക്കും മ്യൂച്വല്‍ ഫണ്ടിലേക്കും പുതിയ തലമുറയുടെ ശ്രദ്ധ മാറുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഈ പ്രവണതയെ കുറിച്ച് പരാമര്‍ശിച്ചത് സാമൂഹിക മാധ്യമങ്ങളിലും സാമ്പത്തിക രംഗത്തെ നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം ഓഹരി വിപണിയിലും ഇന്‍ഷുറന്‍സ് മേഖലയിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അടുത്ത തലമുറ ജീവിതത്തില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്ന മനോഭാവത്തിലേക്ക് കടക്കുന്നതിന്റെ സൂചന ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
യുവത്വം ഇന്റര്‍നെറ്റിന് സ്വാധീനമുള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് ഇതര വിപണികളിലേക്കും മറ്റും അവര്‍ നീങ്ങുന്നത് സ്വാഭാവികമാണ്.
ഇന്ന് അവര്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ഓഹരി വിപണിയിലും ഇന്‍ഷുറന്‍സിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ രീതിയിലുള്ള ഒരു പുരോഗതിയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് ഈ അവസരത്തില്‍ ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ ആഗ്രഹിക്കുന്നു, ശക്തികാന്ത ദാസ് പറഞ്ഞു.
റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ബാങ്കുകളില്‍ നിക്ഷേപങ്ങളേക്കാള്‍ വായ്പ വിതരണം വര്‍ധിച്ചിരിക്കുകയാണ്. ഈ സ്ഥിതി നിലവില്‍ പ്രശ്നമില്ലെങ്കിലും തുടര്‍ന്നാല്‍ ലിക്വിഡിറ്റി പ്രശ്നം ഉണ്ടാകും. ബാങ്കുകള്‍ നിക്ഷേപവും വായ്പയും തമ്മിലുള്ള അന്തരം കുറയ്ക്കാനും ബാലന്‍സ് ചെയ്യാനുമുള്ള നടപടി സ്വീകരിക്കണമെന്നും ചില ബാങ്കുകള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ ഇറക്കി നിക്ഷേപം നേടാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: